ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 17% വര്‍ധിച്ചു

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 17% വര്‍ധിച്ചു

മൊത്തം വില്‍പ്പനയില്‍ 43 ശതമാനം പങ്കാളിത്തമാണ് ഓണ്‍ലൈന്‍ വഴിയുള്ള ചരക്ക് നീക്കം രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ 43 ശതമാനം പങ്കാളിത്തമാണ് ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന രേഖപ്പെടുത്തിയിട്ടുള്ളത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണിത്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നേതൃസ്ഥാനത്തുള്ളത് ചൈനീസ് ബ്രാന്‍ഡായ ഷഓമി ആണ്. എന്നാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വില്‍പ്പനയില്‍ ഷഓമിയുടെ വിപണി വിഹിതം കുറഞ്ഞതായും കമ്പനിയുടെ മുഖ്യ എതിരാളികളായ സാംസംഗിന്റെയും റിയല്‍മിയുടെയും അസൂസിന്റെയും വിഹിതം വര്‍ധിച്ചതായും കൗണ്ടര്‍പോയിന്റെ റിസര്‍ച്ച് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ 17 ശതമാനം വാര്‍ഷിക വര്‍ധനയാണ് നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഡിവൈസുകള്‍ അവതരിപ്പിച്ചതും വില്‍പ്പന മേളകളും ആകര്‍ഷകമായ ഓഫറുകളുമാണ് ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഓഫ്‌ലൈന്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കത്തില്‍ നാല് ശതമാനം ഇടിവാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായത്. ഓണ്‍ലൈന്‍ വിപണിയില്‍ 43 ശതമാനം വിഹിതവുമായി ഷഓമിയാണ് ഒന്നാമതുള്ളത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഷഓമിയുടെ ഓണ്‍ലൈന്‍ വിപണി വിഹിതം 57 ശതമാനമായിരുന്നു. രാജ്യത്തെ മൊത്തം മൊത്തം ഓണ്‍ലൈന്‍ വിപണിയില്‍ 53 ശതമാനം വിഹിതവുമായി ഫഌപ്കാര്‍ട്ട് ആണ് ഒന്നാം സ്ഥാനത്തുള്ളത്.

എന്നാല്‍, കഴിഞ്ഞ പാദത്തില്‍ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയത് ആമസോണ്‍ ആണ്. 38 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ആമസോണിന്റെ വിപണി വിഹിതം 36 ശതമാനത്തിലെത്തി. ഗാലക്‌സി എം10, എം20 മോഡലുകള്‍ക്ക് ആമസോണുമായി സഹകരിച്ച് സാംസംഗ് ഓണ്‍ലൈന്‍ ഫഌഷ് വില്‍പ്പന സംഘടിപ്പിച്ചിരുന്നു. ഇതാദ്യമായാണ് സാംസംഗ് ഓണ്‍ലൈന്‍ ഫഌഷ് വില്‍പ്പനയിലേക്ക് കടക്കുന്നത്. ഇക്കാലയളവില്‍ ഇ-കൊമേഴ്‌സില്‍ സാംസംഗിന്റെ വിപണി വിഹിതം 15 ശതമാനമായി ഉയര്‍ന്നു. എം സീരീസ് മോഡലുകള്‍ക്ക് പ്രാരംഭഘട്ടത്തിലുണ്ടായ ശക്തമായ ആവശ്യകതയാണ് സാംസംഗിന്റെ വിഹിതം ഉയരാന്‍ കാരണമായത്.

രാജ്യത്തെ മൊത്തം ഓണ്‍ലൈന്‍ വിപണിയില്‍ 85 ശതമാനം പങ്ക് വഹിക്കുന്നത് മികച്ച അഞ്ച് ബ്രാന്‍ഡുകളാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ-കൊമേഴ്‌സ് നയം പരിമിതമായ ആഘാതം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു എന്നതിന് തെളിവാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലുണ്ടായ വര്‍ധന. ഇ-കൊമേഴ്‌സ് ഭീമന്മാര്‍ നയം സൃഷ്ടിക്കുന്ന ആഘാതങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയതായും കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് അനലിസ്റ്റ് അന്‍ഷിക ജയ്ന്‍ പറഞ്ഞു.

Comments

comments

Categories: FK News

Related Articles