കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വേണ്ട

കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വേണ്ട

ഊര്‍ജ്ജദായനികളായ പാനീയങ്ങള്‍ കുട്ടികളെ ശീലിപ്പിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും

വേനല്‍ക്കാലത്ത് ഊര്‍ജ്ജം പകരുന്ന പാനീയങ്ങള്‍ കുടിക്കുന്നത് വളരെയധികം അപകടകരമാണ്. ഊര്‍ജ്ജ പാനീയങ്ങളുടെ അമിതോപഭോഗം ചെറുപ്പക്കാരില്‍ മരണത്തിനു വരെ വഴിവെക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. എനര്‍ജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ ആശങ്കാജനകമാണെന്ന് മസാച്യുസെറ്റിസ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷക ഫ്‌ളോറ ഓര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരം കുറയ്ക്കാനും പേശീബലം കൂട്ടാനും ഊര്‍ജ്ജം നേടാനും വിറ്റഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ യുവാക്കളിലും കുട്ടികളിലും ഒട്ടേറെ അപകടം വിതയ്ക്കുന്നുവെന്നും സുദീര്‍ഘമായ ആശുപത്രി വാസത്തിനും മരണത്തിനു വരെയും കാരണമാകുമെന്നും പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു.

മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങളാണ് പുതിയ പഠനത്തില്‍ ആധികാരികമായി വ്യക്തമാക്കിയിരിക്കുന്നത്. എന്‍ര്‍ജി ഫുഡ് സപ്ലിമെന്റുകള്‍ അപകടകരമാണെന്നും അവയുടെ അനുചിതമായ ഉപയോഗം അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു. ഉദാഹരണമായി, 2005- 2012 കാലഘട്ടത്തില്‍ ഇത്തരം ഭക്ഷണ സാധനങ്ങളുടെ ഉപഭോഗം മൂലം വിഷ നിയന്ത്രണ കേന്ദ്രങ്ങളില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടാക്കിയതായി 2017ല്‍ നടത്തിയ ഒരു പഠനം പറയുന്നു. 2000 നും 2012 നും ഇടയില്‍ 275,000 പേര്‍ക്ക് ഫുഡ് സപ്ലിമെന്റ് ഉപഭോഗം മൂലം രോഗങ്ങള്‍ ഉണ്ടായെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം നാലു ശതമാനം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയായിരുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 12,000 ആളുകള്‍ക്ക് ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗണ്യമായ വിഷബാധയുണ്ടാക്കുന്നവയാണ് ഊര്‍ജ ഉല്‍പന്നങ്ങളെന്ന് പഠനം ശരിവെക്കുന്നു. മിക്കവാറും കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കായ റെഡ് ബുള്ളിനെക്കുറിച്ച് അറിയാമെന്ന് സെന്‍ട്രല്‍ ഒഹിയോ പോയിസണ്‍ സെന്റര്‍ ഡയറക്ടര്‍ ഹെന്റി സ്പില്ലര്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കള്‍ കോഫി കുടിക്കുന്നത് പെലയായതിനാല്‍ അത് സുരക്ഷിതമാണെന്ന് അവരില്‍ ധാരണ വളരുന്നു. എന്നാല്‍ അതിന്റെ അളവുകള്‍ ശ്രദ്ധിക്കണം, ഡോസ് കൂടുന്തോറും അത് കൂടുതല്‍ അപകടകരമായിത്തീരുമെന്ന് അദ്ദേഹം മുന്നറിയിപ്പു തരുന്നു. പഠനത്തില്‍ വിറ്റാമിനുകളുടെ ആധിക്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല. വിറ്റാമിനുകളില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം കാണുന്നത് വിറ്റാമിന്‍ ഡിയുടെ ആധിക്യം മൂലമാണെന്നത് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

വേനല്‍ക്കാലത്ത് ഊര്‍ജ്ജദായക ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പ്രശ്‌നം സൃഷിക്കുന്നു. ഇത് ശരീര താപനില ഉയര്‍ത്തുന്നു. ഇതിനേക്കാള്‍ പ്രധാനം ഏതെങ്കിലും അസുഖത്തിനു കഴിക്കുന്ന മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച് അപകട സാധ്യത ഉണ്ടായേക്കാമെന്നതാണ്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ചെറുപ്പക്കാര്‍ക്കു പ്രിയങ്കരമാണ്. വേനല്‍ക്കാലത്ത് കൂടുതല്‍ കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാരക്കാര്‍ ഇവ കൂടുതല്‍ അകത്താക്കാരുണ്ട്. ഇവയുടെ അമിതോപയോഗവും മദ്യത്തിനൊപ്പം ചേര്‍ത്തു കവിക്കുന്നതും അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാക്കുമെന്ന് 2017 ലെ ഒരു പഠനം വ്യക്തമാക്കുന്നു. മിതമായ ഉപയോഗം സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും, ഇത്തരം ഉല്‍പ്പന്നങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ ആവശ്യമുണ്ടെന്നും വൈദ്യനിര്‍ദേശം പാലിച്ചു വേണം കഴിക്കാനെന്നും ആവശ്യമുയരുന്നു.

ഇത്തരം അപകടസാധ്യതകളില്‍ നിന്നു ചെറുപ്പക്കാരെ രക്ഷിക്കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കും കായിക പരിശീലകര്‍ക്കുമുണ്ട്. ഇത്തരം ഫുഡ് സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് അവരെ ഉപദേശിക്കണം. തടികുറയ്ക്കലോ പേശീബലമുണ്ടാക്കുകയോ കായികമല്‍സരങ്ങളില്‍ വിജയികളാകുകയോ ആണു ലക്ഷ്യമെങ്കില്‍ നന്നായി വിശ്രമിക്കുകയും സമീകൃതാഹാരം കഴിക്കുകയോ നിരന്തര പരിശീലനം നടത്തുകയോ ആണു വേണ്ടതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക. കൂടാതെ മയക്കുമരുന്ന്, മദ്യം, പുകവലി എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കാനു പറയുക, അതാണ് ലക്ഷ്യം നേടാനുള്ള ഏറ്റവും നല്ല വഴികള്‍. എനര്‍ജിഡ്രിങ്കുകള്‍ കൊണ്ടു സൃഷ്ടിക്കുന്ന നേട്ടങ്ങള്‍ ആത്യന്തികമായി ശരീരത്തിന് ഹാനികരമാണ്. കായിക ക്ഷമത കൈവരിക്കാന്‍ കുറുക്കുവഴികള്‍ തേടാതെ നിരന്തര സാധനയില്‍ മനസും ശരീരവും അര്‍പ്പിക്കുകയാണ് വേണ്ടതെന്ന് കുട്ടികള്‍ മനസിലാക്കട്ടെ.

Comments

comments

Categories: Health
Tags: Energy drink