വരുമാന വിപണി വിഹിതത്തില്‍ രണ്ടാമനായി ജിയോ

വരുമാന വിപണി വിഹിതത്തില്‍ രണ്ടാമനായി ജിയോ
  • ആര്‍എംഎസില്‍ വോഡഫോണ്‍ ഐഡിയ ആധിപത്യം നിലനിര്‍ത്തി
  • പത്ത് പാദത്തിന് ശേഷം ആദ്യമായി വോഡഫോണ്‍ ഐഡിയയുടെ ആര്‍എംഎസ് വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ വരുമാന വിപണി വിഹിതത്തില്‍ ജിയോ രണ്ടാമതെത്തിയതായി റിപ്പോര്‍ട്ട്. സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെലിനെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, വരുമാന വിപണി വിഹിതത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനന് കഴിഞ്ഞിട്ടുണ്ട്.

ജനുവരി-മാര്‍ച്ച് പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ വരുമാന വിപണി വിഹിതത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. തൊട്ടുമുന്‍പുള്ള പത്ത് പാദങ്ങളിലും കമ്പനിയുടെ വരുമാന വിപണി വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം ആദ്യമയാണ് വോഡഫോണ്‍ ഐഡിയയുടെ ആര്‍എംഎസില്‍ വര്‍ധന നിരീക്ഷിക്കുന്നതെന്നും അനലിസ്റ്റുകള്‍ പറഞ്ഞു.

മാര്‍ച്ച് പാദത്തില്‍ റിലയന്‍ ജിയോയുടെ വരുമാന വിപണി വിഹിതത്തില്‍ 182 ബേസിസ് പോയ്ന്റിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ജിയോയുടെ വരുമാന വഹിതം 31.7 ശതമാനമായി ഉയര്‍ന്നു. ഭാരതി എയര്‍ടെലിന്റെ വരുമാന വിപണി വിഹിതം 285 ബേസിസ് പോയ്ന്റ് ഇടിഞ്ഞ് 27.3 ശതമാനമായി. 57 ബേസിസ് പോയ്ന്റ് വര്‍ധനയുമായി വോഡഫോണ്‍ ഐഡിയ വിപണിയില്‍ ആധിപത്യം നിലനിര്‍ത്തി. 32.2 ശതമാനമാണ് വോഡഫോണ്‍ ഐഡിയയുടെ വരുമാന വിപണി വിഹിതം.

എംകെ ഗ്ലോബല്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ടെലികോം നിയന്ത്രണ അതോറിറ്റിയില്‍ (ട്രായ്) നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വോഡഫോണും ഐഡിയ ലിമിറ്റഡും ലയിച്ച് ഒന്നായത്. സെപ്റ്റംബര്‍ പാദം മുതലാണ് ഇരു കമ്പനികളും സംയോജിതമായി വരുമാന വിപണി വിഹിതം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ഇതിനുമുന്‍പ് 2016-2017 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തിലാണ് വോഡഫോണും ഐഡിയയും അവസാനമായി ആര്‍എംഎസില്‍ വര്‍ധന രേഖപ്പെടുത്തിയത്.

അതേസമയം, അംബാനിയുടെ ജിയോ 21 സര്‍ക്കിളുകളില്‍ ശക്തമായ വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ 15 വിപണികളില്‍ ജിയോയാണ് നേതൃസ്ഥാനത്തുള്ളത്. എ, ബി, സി സര്‍ക്കിളുകളില്‍ തുടര്‍ന്നും ജിയോ നേതൃസ്ഥാനം നിലനിര്‍ത്തും. വോഡഫോണ്‍ ഐഡിയ മെട്രോ വിപണി ആധിപത്യം നിലനിര്‍ത്തുമെന്നും എസ്ബിഐ കാപ് സെക്യൂരിറ്റീസ് വിഭാഗം മേധാവി രാജീവ് ശര്‍മ പറഞ്ഞു.

ഇതിനു വിപരീതമായി കര്‍ണാടക (-15%), തമിഴ്‌നാട് (-16%), ഡെല്‍ഹി (-33%), ആന്ധ്രാപ്രദേശ് (-8%) തുടങ്ങിയ പ്രധാന വിപണികളിലെല്ലാം ഭാരതി എയര്‍ടെലിന്റെ വരുമാനം ഇടിയുന്നതാണ് കണ്ടത്. ഇതിന്റെ ഫലമായി രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ ആര്‍എംഎസില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

മാര്‍ച്ച് പാദത്തില്‍ ക്രമീകരിച്ച മൊത്തം വരുമാനത്തില്‍ (എജിആര്‍) 11.4 ശതമാനം ഇടിവാണ് ഭാരതി എയര്‍ടെല്‍ രേഖപ്പെടുത്തിയത്. 8,608.2 കോടി രൂപയാണ് കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ എജിആര്‍. നാലാം പാദത്തില്‍ തദ്ദേശീയ മൊബീല്‍ സേവനങ്ങളില്‍ നിന്നും കമ്പനി നേടിയ 10,632 കോടി രൂപയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 19 കുറവാണ് എജിആര്‍.

ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് സംബന്ധിച്ച അസ്ഥിരതയാണ് ഡെല്‍ഹി, മുംബൈ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ എയര്‍ടെലിന്റെ എജിആര്‍ കുറയാന്‍ കാരണമെന്ന് ശര്‍മ പറഞ്ഞു. ഇതേസമയം, ജിയോയുടെ എജിആര്‍ നാല് ശതമാനം വര്‍ധിച്ച് 9,986 കോടി രൂപയായി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ക്രമീകരിച്ച മൊത്തം വരുമാനം 0.3 ശതമാനം ഇടിഞ്ഞ് 10,149 കോടി രൂപയായി. ടെലികോം മേഖലയിലെ മൊത്തം വരുമാനത്തില്‍ ഒരു ശതമാനം ഇടിവാണ് മാര്‍ച്ച് പാദത്തില്‍ ഉണ്ടായത്. 31,518.2 കോടി രൂപയാണ് മേഖലയിലെ മൊത്തം എജിആര്‍.

നാലാം പാദത്തില്‍ ജിയോ ഒരിക്കല്‍ കൂടി എതിരാളികളെ പിന്നിലാക്കി ലാഭം കുറിച്ചു. 65 ശതമാനം വര്‍ധനയോടെ 840 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടയിത്. എയര്‍ടെല്‍ 89.8 കോടി രൂപയുടെ നഷ്ടം കുറിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 101 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വോഡഫോണ്‍ ഐഡിയയുടെ അറ്റ നഷ്ടം 4,878.3 കോടി രൂപയായി ചുരുങ്ങി.

Comments

comments

Categories: Business & Economy
Tags: Jio