ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ബുക്കിംഗ് ആരംഭിച്ചു

ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ബുക്കിംഗ് ആരംഭിച്ചു

50,000 രൂപയാണ് ബുക്കിംഗ് തുക. 24 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു

ന്യൂഡെല്‍ഹി : ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തെ 82 എഫ്‌സിഎ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 50,000 രൂപയാണ് ബുക്കിംഗ് തുക. ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കിന് 24 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് കോംപസ് ലിമിറ്റഡ് പ്ലസിനേക്കാള്‍ ഒരു ലക്ഷത്തോളം രൂപ കൂടുതല്‍. ട്രെയ്ല്‍ഹോക് വേര്‍ഷന്‍ അടുത്ത മാസം പുറത്തിറക്കും.

സ്റ്റാന്‍ഡേഡ് ജീപ്പ് കോംപസുമായി താരതമ്യം ചെയ്യുമ്പോള്‍, ട്രെയ്ല്‍ഹോക് വേര്‍ഷനില്‍ അതിന്റെ ഓഫ് റോഡ് ശേഷി വിളിച്ചോതുന്ന ട്രെയ്ല്‍ റേറ്റഡ് ബാഡ്ജ് കാണാന്‍ കഴിയും. അകത്തും പുറത്തും ഡിസൈന്‍ മാറ്റങ്ങളോടെയാണ് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് വരുന്നത്. ഗ്രൗണ്ട് ക്ലിയറന്‍സ് 27 മില്ലി മീറ്ററും വാട്ടര്‍ വേഡിംഗ് ഡെപ്ത്ത് 153 മില്ലി മീറ്ററും വര്‍ധിച്ചിരിക്കുന്നു. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകളും മെച്ചപ്പെടുത്തി. ജീപ്പിന്റെ ‘ആക്റ്റീവ് ഡ്രൈവ് ലോ 4*4 സിസ്റ്റം’ കോംപസ് ട്രെയ്ല്‍ഹോക്കില്‍ നല്‍കി.

ഇന്ത്യയില്‍ ഡീസല്‍-ഓട്ടോമാറ്റിക് ഡ്രൈവ്‌ട്രെയ്‌നില്‍ വരുന്ന ആദ്യ കോംപസ് വേര്‍ഷനാണ് ട്രെയ്ല്‍ഹോക്. 173 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് എല്ലാ കോംപസ് ഡീസല്‍ മോഡലുകളും ഉപയോഗിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡ് ജീപ്പ് കോംപസ് ഉപയോഗിക്കുന്നതെങ്കില്‍, 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് കോംപസ് ട്രെയ്ല്‍ഹോക്കില്‍ നല്‍കുന്നത്. ബിഎസ് 6 എന്‍ജിന്‍ ലഭിക്കുന്ന ആദ്യ ജീപ്പ് കോംപസാണ് ട്രെയ്ല്‍ഹോക്. സ്റ്റാന്‍ഡേഡ് കോംപസ് വേരിയന്റുകള്‍ നിലവില്‍ ഉപയോഗിക്കുന്ന ബിഎസ് 4 എന്‍ജിന് പകരം പുതിയ ബിഎസ് 6 എന്‍ജിന്‍ പിന്നീട് നല്‍കും.

ഫീച്ചറുകളുടെ കാര്യത്തില്‍, കോംപസ് ട്രെയ്ല്‍ഹോക്കും നിലവിലെ ടോപ് സ്‌പെക് വേരിയന്റായ കോംപസ് ലിമിറ്റഡ് പ്ലസും ഏതാണ്ട് സമശീര്‍ഷരാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ ആന്‍ഡ് കാമറ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് ഗോ, ഓട്ടോ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ഫംഗ്ഷന്‍, ക്രൂസ് കണ്‍ട്രോള്‍, 7.0 ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയും ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് എസ്‌യുവിയുടെ സവിശേഷതകളാണ്. എന്നാല്‍ പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഹെഡ്‌ലാംപുകള്‍ ആന്‍ഡ് വൈപ്പറുകള്‍ എന്നിവ നല്‍കുന്നില്ല. അതേസമയം, പനോരമിക് സണ്‍റൂഫ് ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ലഭിക്കും.

Comments

comments

Categories: Auto
Tags: Jeep Compass