അതൊക്കെ ശരി! നിങ്ങളുടെ സ്ഥാപനം എവിടെയാ?

അതൊക്കെ ശരി! നിങ്ങളുടെ സ്ഥാപനം എവിടെയാ?

ടെലിവിഷനും സോഷ്യല്‍ മീഡിയയുമെല്ലാം പ്രയോജനപ്പെടുത്തി നല്‍കുന്ന പരസ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിന്റെയും ഉല്‍പ്പന്നത്തിന്റെയുമെല്ലാം പ്രശസ്തി വര്‍ധിപ്പിക്കുന്നതിന് ഏറെ ഉപകാരപ്രദമാണ്. എന്നാല്‍ ഇത്തരത്തില്‍ നേടിയ പേരും പെരുമയുമെല്ലാം കച്ചവടത്തില്‍ ഗുണം ചെയ്യണമെങ്കില്‍ സ്ഥാപനവും ഉല്‍പ്പന്നവും ആളുകള്‍ക്ക് പ്രാപ്യമായിരിക്കണം. സ്ഥാപനത്തിന്റെ പ്രവേശന കവാടം ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ സംവിധാനം ചെയ്യുകയെന്നത് ഇതില്‍ പ്രധാനമാണ്. അങ്ങനെ ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുകളുള്ള സാഹചര്യമാണെങ്കില്‍ സ്ഥാപനത്തിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ ദര്‍ശിയാവുന്ന ബോര്‍ഡുകള്‍ സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കണം

ഞാന്‍ അടുത്തകാലത്ത് മാര്‍ഗദര്‍ശിയായ ഒരു സ്ഥാപനത്തിലേക്ക് വന്ന ഒരു ഫോണ്‍ കാള്‍ ആണ് മുകളിലെ തലക്കെട്ട്. ഗംഭീരമായ പരസ്യങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും സ്ഥാപനം കണ്ടെത്തണമെങ്കില്‍ കാര്യമായി ഒന്ന് പരിശ്രമിക്കേണ്ടി വരും. ഓഫ്‌ലൈന്‍ വ്യാപാരം നടത്തുന്ന ഒരു സ്ഥാപനം എത്ര മികച്ച നിലവാരമുള്ള ഉത്പന്നം നല്‍കിയാലും ആദ്യത്തെ പ്രാവശ്യമെങ്കിലും ഉപഭോക്താക്കള്‍ വരികയും ഉത്പന്നത്തെ പരിചയപ്പെടേണ്ടതും ആവശ്യമല്ലേ? അപ്പോള്‍ ഒന്നുകില്‍ സ്ഥാപനം തുടങ്ങുമ്പോള്‍ തന്നെ പൊതു ജനങ്ങള്‍ക്ക് കാണുന്ന രീതിയില്‍ ആയിരിക്കണം മുന്‍വശം. അല്ലെങ്കില്‍ എത്തിച്ചേരാനുള്ള വഴി കാട്ടുന്ന ബോര്‍ഡെങ്കിലും കഴിയുന്നത്ര സ്ഥലത്തു വെക്കണം. ഇത് രണ്ടും ഇല്ലെങ്കില്‍ മറ്റെന്തൊക്കെ ചെയ്താലും പുതിയ ഉപഭോക്താക്കള്‍ തനിയെ അങ്ങോട്ട് കയറി ചെല്ലും എന്ന് പ്രതീക്ഷിക്കുന്നത് അതിശയോക്തിയല്ലേ? സാധാരണ ഗതിയില്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പ്രകാരം 10:100 എന്നാണു കണക്ക്. അതായത് 10′ സൈസില്‍ ബോര്‍ഡ് വെച്ചാല്‍ 100′ വരെ കാഴ്ച ലഭിക്കും. നിങ്ങളുടെ സ്ഥാപനത്തിന്റെ സ്ഥലവും ദൃശ്യതയുടെ ദൂരവും അനുസരിച്ചു തീരുമാനം എടുക്കുക.

ഇപ്പോഴുള്ള ഏറ്റവും ഉത്തമമായ രീതി എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡ് ആണ്. നേരത്തെ ഉണ്ടായിരുന്ന തകരബോര്‍ഡുകളും പ്ലാസ്റ്റിക് ബോര്‍ഡുകളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്‍ഇഡി ബോര്‍ഡിന്റെ ഒരു പ്രത്യേകത ആളുകളുടെ ദൃഷ്ടി പെട്ടെന്ന് പതിയും എന്നതാണ്. മാത്രമല്ല, 24 മണിക്കൂറും സ്‌ക്രീന്‍ബാക്ക് ലൈറ്റ് ഇട്ടുവെച്ചാലും വലിയ വൈദ്യുതി ചെലവ് വരികയുമില്ല. ഒരു ചതുരശ്ര അടിക്ക് 3,500 രൂപ മുതല്‍ 5,500 രൂപക്കുള്ളില്‍ ചെലവ് വരുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് പഴയ ടൈപ്പ് ബോര്‍ഡിനേക്കാള്‍ ലാഭകരമാവും. നിങ്ങളുടെ സ്ഥാപനം ഏതെങ്കിലും ഷോപ്പിംഗ് മാളിന്റെ അകത്തോ അല്ലെങ്കില്‍ കുറെ സ്ഥാപനങ്ങള്‍ ഉള്ള കെട്ടിടത്തിന്റെ അകത്തോ ആണെങ്കില്‍ ആ കെട്ടിടത്തിന് മുന്‍പിലോ അല്ലെങ്കില്‍ ഒരു വഴികാട്ടി എന്ന നിലയിലോ അതുമല്ലെങ്കില്‍ ബസ് സ്റ്റാന്‍ഡ്, പ്രധാന ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വാടകയ്ക്ക് ലഭിക്കുന്ന എല്‍ഇഡി പ്രദര്‍ശന സ്‌ക്രീനുകളിലോ സ്ഥാപനത്തിന്റെ പേരും സ്ഥല വിവരങ്ങളും സ്ഥിരമായി പ്രദര്‍ശിപ്പിക്കുക. തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കും.

ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഗുണം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ആ ബോര്‍ഡുകളില്‍ വ്യത്യസ്തങ്ങളായ ഓഫര്‍ കോഡുകള്‍ നല്‍കിയാല്‍ മതി. പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ഒക്കെ വന്ന സ്ഥിതിക്ക് ഈ ‘പരസ്യ പലകകളുടെ’ ആവശ്യമുണ്ടോ എന്ന്. ഏതൊരു വ്യക്തിയും എപ്പോഴും വ്യക്തമായ ധാരണകളോടുകൂടി മാര്‍ക്കറ്റിലേക്ക് ഇറങ്ങണം എന്നില്ല. വിലകൂടിയ ഉത്പന്നങ്ങളൊഴികെ പെട്ടെന്നുണ്ടാവുന്ന ഉള്‍പ്രേരണയില്‍ വാങ്ങുന്നവര്‍ ധാരാളം. അങ്ങനെയുള്ള വ്യക്തികളുടെ തീരുമാനങ്ങളില്‍ നഗരവീഥികളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉള്ള പരസ്യ ബോര്‍ഡുകള്‍ സ്വാധീനം ചെലുത്തും. അതുപോലെ തന്നെ വ്യത്യസ്തമായ പരസ്യബോര്‍ഡുകള്‍ ജനങ്ങളുടെ ഉപഭോഗതീരുമാനങ്ങളെ തന്നെ മാറ്റി മറിച്ചേക്കാം. വ്യത്യസ്തമായ, പക്ഷെ കുറെ കാലത്തേക്കെങ്കിലും മനസ്സില്‍ തങ്ങുന്ന ചില പരസ്യ ബോര്‍ഡുകളുടെ ഉദാഹരണങ്ങള്‍ ഇതിനോടൊപ്പം കൊടുക്കുന്നു. ഇവ നിങ്ങള്‍ക്കും വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രചോദനമാകട്ടെ

ഇനി നല്ല ഒരു പരസ്യ ബോര്‍ഡില്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം:

1. തലക്കെട്ട് സാന്‍ സെരിഫ് അക്ഷരത്തില്‍ ആണെങ്കില്‍ അത്രയും നല്ലത്

2. ഉള്ളടക്കം കുറഞ്ഞ വാക്കുകളില്‍ ശക്തമായ സന്ദേശം നല്‍കുന്ന പത്തു വാക്കുകളില്‍ കവിയാത്ത തരത്തിലായിരിക്കണം.

3. നിറങ്ങളുടെ സമന്വയത്തില്‍ ശ്രദ്ധിക്കുക. മങ്ങിയ, ഉറക്കം തൂങ്ങുന്ന നിറങ്ങളല്ലാതെ ആളുകള്‍ ശ്രദ്ധിക്കുന്ന വിധത്തിലാവട്ടെ വാക്കുകളിലെ വര്‍ണങ്ങള്‍. ചുവപ്പ്, നീല എന്നിവയ്ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഉള്ള കഴിവ് കൂടുതലാണ്.

4. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുക. വാക്കുകള്‍ ചുരുക്കുമ്പോള്‍ ശരിയായ അര്‍ത്ഥം പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാവും. വിരസത ഒഴിവാക്കുവാന്‍ വേണ്ടി പരസ്യത്തിന്റെ ഉള്ളടക്കം മാസത്തില്‍ ഒരിക്കലെങ്കിലും മാറ്റുക. അതുപോലെ തന്നെ, സ്ഥാപനത്തിന് മുമ്പില്‍ ഒരു ഡിജിറ്റല്‍ ബോര്‍ഡ് സ്ഥാപിക്കുകയും ഓരോ ദിവസത്തെയും ഓഫറുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് വഴിയാത്രക്കാരെ ഉപഭോക്താക്കളായി മാറ്റുവാന്‍ സഹായിക്കും.

പരസ്യ ബോര്‍ഡുകളുടെ, പ്രത്യേകിച്ച് എല്‍ഇഡി ബോര്‍ഡുകളുടെ ശക്തി വളരെ വലുതാണ്. വ്യത്യസ്തമായി, ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ ശക്തമായ സന്ദേശം നല്‍കുന്നതായാല്‍ അതിലൂടെ വളരെയധികം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും. തുടക്കത്തിലെ ചെലവിനെക്കുറിച്ചു ചിന്തിക്കാതെ ഒരിക്കല്‍ ശ്രമിച്ചു നോക്കൂ.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400 )

Categories: FK Special, Slider