ജിഡിപി കണക്കുകള്‍; വിശ്വാസ്യത വീണ്ടെടുക്കണം

ജിഡിപി കണക്കുകള്‍; വിശ്വാസ്യത വീണ്ടെടുക്കണം

2011-12 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ പിഴവുള്ളതായാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ കണ്ടെത്തല്‍. ഈ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലിന്റെ സമയം അല്‍പ്പം പ്രശ്‌നാധിഷ്ഠിതമാണെങ്കിലും അത് മുഖവിലയ്‌ക്കെടുക്കേണ്ടത് തന്നെയാണ്

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) കണക്കുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയായി സജീവമാണ്. പല തരത്തിലുള്ള സാമ്പത്തിക കയറ്റിറക്കങ്ങളിലൂടെ രാജ്യം കടന്നുപോയെങ്കിലും അതിന്റെയെല്ലാം പ്രതിഫലനങ്ങള്‍ ജിഡിപി വളര്‍ച്ചയുടെ കാര്യത്തില്‍ ഉണ്ടായോ എന്നായിരുന്നു പലര്‍ക്കും സംശയം. രാജ്യത്തിന്റെ ജിഡിപി കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നതാണെന്ന വിമര്‍ശനങ്ങള്‍ വരെ സജീവമായിരുന്നു. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതായിരുന്നു ഈ വിമര്‍ശനങ്ങള്‍ എങ്കിലും അതിന്റെ സ്വഭാവം ഏറെക്കുറേ രാഷ്ട്രീയപരമായിരുന്നു എന്നതാണ് വസ്തുത.

എന്നാല്‍ ഇന്നലെ ജിഡിപി വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റേതായി വന്ന കണ്ടെത്തല്‍ കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നതാണ്. നേരത്തെ പറഞ്ഞ ജിഡിപി രാഷ്ട്രീയത്തിനപ്പുറത്തേക്ക് അതിന് മാനങ്ങള്‍ കല്‍പ്പിക്കപ്പെട്ടേക്കാം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന് വേണ്ടി തയാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ സുബ്രഹ്മണ്യന്‍ പറയുന്നതനുസരിച്ച് 2011-12 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ ഓരോ സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയുടെ ഔദ്യോഗിക ജിഡിപി കണക്കുകള്‍ യഥാര്‍ത്ഥ കണക്കുകളേക്കാളും രണ്ടര ശതമാനത്തോളം പെരുപ്പിച്ചുള്ളതാണെന്നാണ്. അത്യന്തം ഗൗരവമുള്ളതും ഇന്ത്യയുടെ ജിഡിപി കണക്കുകളുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമായ കണ്ടെത്തലാണിത്. പ്രത്യേകിച്ചും ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വ്യക്തി പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ റോളിലിരുന്നതു കൂടി കണക്കിലെടുക്കുമ്പോള്‍.

ഔദ്യോഗികമായി പുറത്തുവരുന്ന ജിഡിപി കണക്കുകളെ അധികരിച്ചാണ് സര്‍ക്കാര്‍ നയരൂപീകരണങ്ങള്‍ നടത്തുന്നത്. സാമ്പത്തികരംഗത്തെ യഥാര്‍ത്ഥ അവസ്ഥയല്ല ആ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെങ്കില്‍ നയങ്ങളുടെ പ്രഭാവത്തിനും അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടാകും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ജിഡിപി കണക്കുകളിലെ പിഴവ് സംഭവിച്ചതായി സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്നീടത് ആവര്‍ത്തിച്ച് പോന്നു. അതായത് ഏഴ് ശതമാനം വളര്‍ച്ചാ നിരക്കെന്ന് വിലയിരുത്തിയ കാലത്ത് പുതിയ പഠനം അനുസരിച്ച് യഥാര്‍ത്ഥത്തിലുണ്ടായിരുന്നത് 4.5 ശതമാനം വളര്‍ച്ചാ നിരക്കാണെന്ന് സാരം. 2011ന് മുമ്പ് 17 സൂചകങ്ങളില്‍ 16 സൂചകങ്ങള്‍ ജിഡിപി വളര്‍ച്ചയുമായി സമരസപ്പെട്ടുപോകുന്നുണ്ടെങ്കില്‍ 2011ന് ശേഷം 17 സൂചകങ്ങളില്‍ 11 എണ്ണവും ജിഡിപി വളര്‍ച്ചയുമായി ചേര്‍ന്ന് പോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ജിഡിപി കണക്കുകളെ കുറിച്ച് വ്യക്തത വരുത്തേണ്ടത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിവേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍, നമ്മുടെ കണക്കുകള്‍ക്ക് ലോകത്തിന്റെ വിശ്വാസ്യത കൂടി നേടിയെടുക്കേണ്ടതുണ്ട്. ചൈനയിലെ പോലെ സുതാര്യതയല്ലാത്ത സംവിധാനമല്ല ഇവിടെയെന്നതിനാല്‍ തന്നെ സര്‍വസ്വീകാര്യവും വിശ്വസനീയവുമാണ് രാജ്യത്തിന്റെ ജിഡിപി കണക്കുകള്‍ എന്നത് അന്താരാഷ്ട്ര സമൂഹത്തിന് കൂടി ബോധ്യമാകേണ്ടതുണ്ട്. അരവിന്ദ് സുബ്രഹ്മണ്യന്റെ പ്രബന്ധം ആഗോളതലത്തില്‍ ഇന്ത്യയുടെ ജിഡിപി കണക്കുകളുടെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിക്കുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണം അനിവാര്യവുമാണ്.

Categories: Editorial, Slider