ജിഡിപി 2.5% പെരുപ്പിച്ചു കാട്ടി: അരവിന്ദ് സുബ്രഹ്മണ്യന്‍

ജിഡിപി 2.5% പെരുപ്പിച്ചു കാട്ടി: അരവിന്ദ് സുബ്രഹ്മണ്യന്‍
  • 2011-17 കാലഘട്ടത്തില്‍ ഔദ്യോഗിക ജിഡിപി വളര്‍ച്ച 6.9 ശതമാനം
  • ഇതേ കാലയളവിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 4.5 ശതമാനമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍
  • ജിഡിപി തെറ്റായി കണക്കാക്കിയതിന്റെ ഉത്തരവാദിത്തം സ്ഥിതിവിവര വിദഗ്ധര്‍ക്ക്
  • ജിഡിപി കണക്കുകള്‍ പരിശോധിക്കാന്‍ വിദേശ, സ്വദേശി വിദഗ്ധരടങ്ങിയ കര്‍മസമിതി വേണം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയതാണെന്ന ആരോപണത്തെ ശരിവെച്ച് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പഠന റിപ്പോര്‍ട്ട്. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2016-17 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ ജിഡിപി വളര്‍ച്ച 2.5 ശതമാനം വരെ പെരുപ്പിച്ചു കാട്ടിയെന്നാണ് കണ്ടെത്തല്‍. ഈ കാലയളവില്‍ ഇന്ത്യ ശരാശരി 6.9 ശതമാനം വളര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ വളര്‍ച്ച 4.5 ശതമാനത്തിന് അടുത്താണെന്ന് സുബ്രഹ്മണ്യന്‍ സ്ഥാപിക്കുന്നു. മൂന്നു വര്‍ഷത്തെ യുപിഎ ഭരണകാലവും ശേഷം വന്ന മൂന്നു വര്‍ഷത്തെ എന്‍ഡിഎ ഭരണവുമാണ് അദ്ദേഹം പഠന വിധേയമാക്കിയത്. വിവിധ മേഖലകളില്‍ നിന്നുള്ള വളര്‍ച്ചാ ഡാറ്റ ക്രോഡീകരിച്ച സാമ്പത്തിക വിദഗ്ധരെയാണ് ഈ പിഴവിന് അദ്ദേഹം പഴിക്കുന്നത്. ജിഡിപി കണക്കാക്കുന്നതില്‍ പിഴവുകളുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയമായ സമീപനം വേണമെന്നുമുള്ള അഭിപ്രായങ്ങള്‍ ശരിവെക്കുന്നതാണ് പഠനം.

യുഎസിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിനു വേണ്ടിയാണ് അരവിന്ദ് സുബ്രഹ്മണ്യം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതി ഗംഭീരമായി വളരുന്നെന്ന കാഴ്ചപ്പാട്, ദൃഢമായി വളരുന്നെന്ന യാഥാര്‍ഥ്യത്തിലേക്ക് മാറ്റണമെന്ന് അദ്ദേഹം പറയുന്നു. 2011 ന് ശേഷമാണ് ജിഡിപി, ഈ ‘അളവ് പ്രശ്‌നം’ നേരിടാനാരംഭിച്ചത്. ജിഡിപി കണക്കുകൂട്ടലിന് ഉപയോഗിക്കുന്ന 17 ഏകകങ്ങളാണ് 2014-18 കാലഘട്ടത്തില്‍ ഒന്നാം മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം പഠന വിധേയമാക്കിയത്. 2011 ന് മുന്‍പ് ഇവയില്‍ 16 ഏകകങ്ങള്‍ ജിഡിപി കണക്കുകൂട്ടലുമായി സമരസപ്പെട്ടു പോയിരുന്നു. എന്നാല്‍ 2011 ന് ശേഷം 11 സൂചകങ്ങള്‍ മാത്രമാണ് ജിഡിപിയുമായി സമരസപ്പെടുന്നത്. വൈദ്യുതി ഉപഭോഗം, ഇരുചക്ര വാഹന വില്‍പ്പന, വാണിജ്യ വാഹന വില്‍പ്പന, വിമാന യാത്രികരുടെ എണ്ണം, വിദേശ സഞ്ചാരികളുടെ വരവ്, റെയ്ല്‍വേ ചരക്ക് നീക്കം, വ്യാവസായിക ഉല്‍പ്പാദന സൂചിക, പെട്രോളിയം ഉപഭോഗം, സിമെന്റ്, സ്റ്റീല്‍, ആകമാന വായ്പ, വ്യാവസായിക വായ്പ, കയറ്റുമതി-ഇറക്കുമതി എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയ മേഖലകള്‍.

ഔദ്യോഗിക കണക്കുകള്‍ ഉയര്‍ന്നിരിക്കാനുള്ള കാരണമായി ഔപചാരിക ഉല്‍പ്പാദനത്തിന്റെയും അനൗദ്യോഗിക ഉല്‍പ്പാദനത്തിന്റെയും അനാവശ്യ പെരുപ്പിച്ചു കാട്ടലിനെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ സമയത്തുണ്ടായ തിരിച്ചടികള്‍ യഥാവിധി പരിഗണിക്കുകയുമുണ്ടായില്ല. ഇത്തരം സുപ്രധാനമായ ക്രോഡീകരണം, കണക്കുകൂട്ടല്‍ വിദഗ്ധര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ജിഡിപി കണക്കുകൂട്ടലും സൂചകങ്ങളും പരിശോധിക്കാന്‍ വിദേശ, സ്വദേശി സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു കര്‍മ സേന രൂപീകരിക്കണം. ജിഡിപി കണക്കുകളിലുള്ള വിശ്വാസ്യത പുനസ്ഥാപിക്കാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2019 സാമ്പത്തിക വര്‍ഷത്തിന്റെ അന്തിമ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്ക് താഴുകയും വളര്‍ച്ചാ മാന്ദ്യത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കാനിരിക്കെയുമാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്.

Categories: FK News, Slider