ജേണലിസം പ്രൊജക്റ്റുമായി ഫേസ്ബുക്ക്

ജേണലിസം പ്രൊജക്റ്റുമായി ഫേസ്ബുക്ക്

മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. റൂപ്പര്‍ട്ട് മര്‍ഡോക്ക് എന്ന മാധ്യമ ചക്രവര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായിരുന്നു ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ പബ്ലിഷേഴ്‌സ്. എന്നാല്‍ ഇന്നു ഗൂഗിളും, യു ട്യൂബും, ഫേസ്ബുക്കും ഉള്‍പ്പെടുന്ന നവമാധ്യമങ്ങളാണ് ഏറ്റവും വലിയ പബ്ലിഷര്‍മാര്‍. ഇന്ന് ജേണലിസ്റ്റ് എന്ന വാക്ക് തന്നെ കാലാഹരണപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. പകരം കണ്ടന്റ് റൈറ്റര്‍ എന്ന തസ്തിക ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു. പബ്ലിക്ക് റിലേഷന്‍സ് മേഖലയില്‍ തൊഴില്‍ ചെയ്തിരുന്നവര്‍ സോഷ്യല്‍ മീഡിയ മാനേജര്‍ എന്ന പേരിലേക്ക് പരിവര്‍ത്തനപ്പെട്ടിരിക്കുന്നു.

2004-ല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായി ഫേസ്ബുക്കിനെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ലോഞ്ച് ചെയ്തപ്പോള്‍, അത് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഒരു പോര്‍ട്ടലായിരുന്നു. അദ്ദേഹത്തിന്റെ സഹപാഠികള്‍ക്കു പരസ്പരം ബന്ധപ്പെടാനുള്ള ഒരു സാഹചര്യവും ഇതിലൂടെ സുക്കര്‍ബെര്‍ഗ് ഒരുക്കി. 2004-ല്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്യുമ്പോള്‍ വെറും 19-വയസ് മാത്രമുണ്ടായിരുന്ന സുക്കര്‍ബെര്‍ഗിന് ഫേസ്ബുക്കിന്റെ ഭാവിസാധ്യതയെക്കുറിച്ചോ, അതു വളര്‍ന്നു വരുന്ന അതിബൃഹത്തായ മാധ്യമഭീമനാണെന്നോ ഉള്ള യാതൊരു ധാരണ പോലുമില്ലായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇന്നു ഫേസ്ബുക്ക് സമ്പന്നമായ ഒരു മാധ്യമ സാമ്രാജ്യമായി രൂപാന്തരപ്പെട്ടിരിക്കുന്നു. 2015-ല്‍ ഫേസ്ബുക്ക് ‘ലൈവ്’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍, അത് ജേണലിസത്തിന്റെ മുഖച്ഛായ എക്കാലത്തേയ്ക്കും മാറ്റിയെടുക്കാന്‍ പോന്ന ഒരു ഫീച്ചറായിരുന്നെന്ന് ആരെങ്കിലും കരുതിയോ ? ഒരിക്കലുമില്ല. പക്ഷേ, ഫേസ്ബുക്കിന്റെ ലൈവ് ഫീച്ചര്‍ വലിയ മാറ്റങ്ങളാണു മാധ്യമരംഗത്തു കൊണ്ടുവന്നത്. ചാനലുകള്‍ ആഘോഷിച്ചുവന്ന ‘ബ്രേക്കിംഗ് ന്യൂസിന്’ അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ ഒരു പുതിയ അര്‍ഥം കിട്ടിയിരിക്കുന്നു. ഇത്തരത്തില്‍ മാധ്യമരംഗത്ത് വലിയ മുന്നേറ്റം നടത്തുവാന്‍ സാധിച്ചെങ്കിലും 2016-ല്‍ ഇന്റര്‍നെറ്റില്‍ ഒരു പുതിയ വാക്കിനു വലിയ പ്രാമുഖ്യം ലഭിച്ചു. അത് വ്യാജ വാര്‍ത്ത എന്നര്‍ഥമുള്ള ഫേക്ക് ന്യൂസ് (Fake News) എന്ന വാക്കാണ്. 2016-ലായിരുന്നു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ഫേസ്ബുക്ക് വലിയ ചര്‍ച്ചാവിഷയവുമായി. അതുപക്ഷേ, ശരിയായ കാരണങ്ങളുടെ പേരിലല്ലായിരുന്നു. പകരം, ഫേക്ക് ന്യൂസ് അഥവാ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സഹായിച്ചെന്നതിന്റെ പേരിലായിരുന്നു. 2016-ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡൊണാള്‍ഡ് ട്രംപിനെ വെള്ള പൂശുന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണു ഫേസ്ബുക്കില്‍ പ്രചരിച്ചത്. ഇതാകട്ടെ, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു കാരണമായി തീരുകയും ചെയ്‌തെന്നാണു വിലയിരുത്തല്‍. ഇതേ തുടര്‍ന്നു ഫേസ്ബുക്കിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉടലെടുത്തു. എന്നാല്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത വോട്ടര്‍മാരെ സ്വാധീനിച്ചെന്ന ആരോപണത്തെ സുക്കര്‍ബെര്‍ഗ് തള്ളിക്കളഞ്ഞു. മാത്രമല്ല, ഫേസ്ബുക്ക് ഒരു മാധ്യമ സ്ഥാപനമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എങ്കിലും ഫേസ്ബുക്കിനെതിരേയുള്ള പ്രതിഷേധം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രസ്താവിക്കാന്‍ സുക്കര്‍ബെര്‍ഗ് തയാറാവുകയും ചെയ്തു. അങ്ങനെ 2017-ല്‍ അദ്ദേഹം ജേണലിസം പ്രൊജക്റ്റ് ലോഞ്ച് ചെയ്തു. ന്യൂസ് ഓര്‍ഗനൈസേഷനുകളുമായി ചേര്‍ന്നാണു പ്രൊജക്റ്റിനു തുടക്കമിട്ടത്. ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമിനെ എങ്ങനെ ഫലപ്രദമായ റിപ്പോര്‍ട്ടിംഗ് ഉപകരണമായി ഉപയോഗിക്കാമെന്നു ജേണലിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്. അതോടൊപ്പം ആരോഗ്യകരമായൊരു വാര്‍ത്താ പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയെന്നതും, പ്രസാധകര്‍ക്കു വരുമാനം ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രാദേശിക പ്രസാധകര്‍ക്കു വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക് പ്രത്യേക പദ്ധതി തയാറാക്കി വരുന്നുമുണ്ട്.

റിപ്പോര്‍ട്ടും, ന്യൂസ് ആര്‍ട്ടിക്കിളും, സ്റ്റോറികളുമൊക്കെ പ്രസിദ്ധീകരിക്കാന്‍ ഫേസ്ബുക്കിന് പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് ഇപ്പോഴുള്ളത്. ലൈവ്, 360, ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍സ് എന്നിവയാണ് ആ മൂന്നു വിഭാഗങ്ങള്‍. ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍സ് എന്ന വിഭാഗത്തിലൂടെ കണ്ടന്റ് അഥവാ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവര്‍ക്കു വരുമാനത്തിന്റെ 70 ശതമാനവും നല്‍കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഇതുപ്രകാരം ഫേസ്ബുക്ക് പേജില്‍ 10,000 ഫോളോവേഴ്‌സുള്ള ഒരു ന്യൂസ് പബ്ലിഷര്‍ക്ക് ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്യാവുന്നതാണ്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ആര്‍ട്ടിക്കിളില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനവും ഫേസ്ബുക്ക് പബ്ലിഷറുമായി പങ്കുവയ്ക്കും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം ഫേസ്ബുക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ പദ്ധതി യുഎസ്, ഇന്ത്യ, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ മാത്രമാണുള്ളത്. മറ്റ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ചു ഫേസ്ബുക്കിന്റെ ജേണലിസം പ്രൊജക്റ്റ് വരുമാനത്തിന്റെ വലിയൊരു ശതമാനം പ്രസാധകരുമായി പങ്കുവയ്ക്കുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വലിയ വിഭാഗം പ്രേക്ഷകരിലേക്കും വായനക്കാരിലേക്കും എത്തിച്ചേരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണു ഗൂഗിളും ഫേസ്ബുക്കും. എന്നാല്‍ പ്രസാധകരുമായി വരുമാനം പങ്കിടുന്ന കാര്യത്തില്‍ ഗൂഗിള്‍ ഫേസ്ബുക്കിനെ പോലെ ഉദാരമല്ല.

ഗൂഗിളും ഫേസ്ബുക്കും കൊണ്ടുവന്ന മാറ്റം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാധ്യമരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. ഒരു പരിധി വരെ ഇതിനുള്ള കാരണം ഗൂഗിളും, ഫേസ്ബുക്കും, യു ട്യൂബും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം തന്നെയാണ്. ഈ നവമാധ്യമങ്ങള്‍ ലോകത്തെ ഏറ്റവും ശക്തരായ പബ്ലിഷര്‍മാരായി മാറി. ഗൂഗിളും, ഫേസ്ബുക്കും ഒരിക്കലും ജേണലിസ്റ്റുകളെ നിയമിച്ചില്ല. എങ്കിലും സമൂഹത്തിന്റെ താല്പര്യങ്ങളെക്കുറിച്ചും അവര്‍ക്കറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയും പരസ്യങ്ങളും വാര്‍ത്തകളും ഗൂഗിളും ഫേസ്ബുക്കും നല്‍കുന്നു. പരസ്യദാതാക്കളെ സംബന്ധിച്ച് ഇത്തരം സംവിധാനം വലിയ അവസരമാണു കൊണ്ടുവന്നത്. ഒരു പത്രത്തില്‍ പരസ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ഫീഡുകളിലൂടെ ലഭിക്കുമ്പോള്‍ എന്തിനാണു പരസ്യത്തിനായി പണം ചെലവഴിക്കുന്നതെന്ന ചിന്ത പരസ്യദാതാക്കളില്‍ വന്നു തുടങ്ങുകയും ചെയ്തു. അതോടെ പത്രങ്ങളുടെ പരസ്യവരുമാനത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയും ചെയ്തു. ഇന്ന് അമേരിക്കയിലും പാശ്ചാത്യനാടുകളിലും ഓണ്‍ലൈന്‍ പരസ്യത്തിനായി ചെലവഴിക്കുന്നത് ഭൂരിഭാഗവും ഗൂഗിള്‍, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിലാണ്. ഓണ്‍ലൈന്‍ പരസ്യത്തിന്റെ 90 ശതമാനം വരുമാനവും ലഭിക്കുന്നതും ഈ രണ്ട് കമ്പനികള്‍ക്കാണെന്ന് ഇ-മാര്‍ക്കറ്റര്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Top Stories