വാട്‌സ് ആപ്പില്‍ തകരാര്‍ കണ്ടെത്തിയ 22-കാരനായ ഇന്ത്യക്കാരന് ഫേസ്ബുക്ക് 5000 ഡോളര്‍ സമ്മാനിച്ചു

വാട്‌സ് ആപ്പില്‍ തകരാര്‍ കണ്ടെത്തിയ 22-കാരനായ ഇന്ത്യക്കാരന് ഫേസ്ബുക്ക് 5000 ഡോളര്‍ സമ്മാനിച്ചു

ഇംഫാല്‍: വാട്‌സ് ആപ്പില്‍ യൂസറുടെ സ്വകാര്യത ലംഘിക്കുന്ന തകരാര്‍ ചൂണ്ടിക്കാണിച്ചതിനു മണിപ്പൂര്‍ സ്വദേശിയും 22-കാരനുമായ സിവില്‍ എന്‍ജിനീയര്‍ സോണല്‍ സൗഗയ്ജാമിനു ഫേസ്ബുക്ക് 5000 യുഎസ് ഡോളര്‍ (ഏകദേശം 3.4 ലക്ഷം രൂപ) സമ്മാനിച്ചു. സോണലിനെ ഫേസ്ബുക്ക് ഹാള്‍ ഓഫ് ഫെയിം 2019-ല്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

വാട്‌സ് ആപ്പിലെ വോയ്‌സ് കോളിനിടെ, കോള്‍ സ്വീകരിക്കുന്ന റിസീവറുടെ (receiver) അറിവോ സമ്മതമോ ഇല്ലാതെ വീഡിയോ കോളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഫോണ്‍ വിളിക്കുന്ന കോളറെ (caller) അനുവദിക്കുന്ന ബഗ് അഥവാ തകരാര്‍ ആണു സോണല്‍ കണ്ടുപിടിച്ചത്. ഇങ്ങനെ വീഡിയോ കോളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ റിസീവര്‍ എന്താണു ചെയ്യുന്നതെന്നു വീഡിയോയിലൂടെ കാണുവാന്‍ കോളര്‍ക്കു സാധിക്കും. അത് റിസീവറുടെ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടാക്കുന്നത്. ഇക്കാര്യം മാര്‍ച്ച് മാസം ഫേസ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിലൂടെ ചൂണ്ടിക്കാണിച്ചതിനാണു സോണലിനെ ഫേസ്ബുക്ക് ആദരിച്ചത്. ബഗ് ബൗണ്ടി പ്രോഗ്രാം എന്നത് ഫേസ്ബുക്കിലെയും അവരുടെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലെയും സുരക്ഷാ തകരാറുകളെ കുറിച്ച് അന്വേഷിക്കുന്ന പ്രൊജക്റ്റാണ്. തകരാറിനെ കുറിച്ചു ഫേസ്ബുക്കിന്റെ സുരക്ഷാ ടീമിനെ അറിയിച്ചപ്പോള്‍ പിറ്റേ ദിവസം തന്നെ അവര്‍ അക്കാര്യം അംഗീകരിച്ചു. 15-20 ദിവസത്തിനകം ടെക്‌നിക്കല്‍ ടീം ആ തകരാര്‍ പരിഹരിക്കുകയും ചെയ്‌തെന്നും സോണല്‍ പറഞ്ഞു.

2014-ഫെബ്രുവരിയിലായിരുന്നു 19 ബില്യന്‍ യുഎസ് ഡോളറിനു ഫേസ്ബുക്ക്, വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണു വാട്‌സ് ആപ്പ്.

Comments

comments

Categories: Tech