കേന്ദ്ര നീക്കം അപ്രായോഗികമെന്ന് വാഹന നിര്‍മ്മാതാക്കള്‍

കേന്ദ്ര നീക്കം അപ്രായോഗികമെന്ന് വാഹന നിര്‍മ്മാതാക്കള്‍

2023 ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും 2025 ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും (150 സിസിയില്‍ താഴെ) നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്

ന്യൂഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് വിവിധ വാഹന നിര്‍മ്മാതാക്കള്‍. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും 2025 ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും (150 സിസിയില്‍ താഴെ) നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അതായത്, ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന മൂന്നുചക്ര വാഹനങ്ങളും 150 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളും രാജ്യത്ത് വില്‍ക്കാന്‍ കഴിയില്ല. ഈ മാസം നാലിന് ചേര്‍ന്ന നാഷണല്‍ മിഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മേറ്റീവ് മൊബിലിറ്റി ആന്‍ഡ് ബാറ്ററി സ്‌റ്റോറേജ് പദ്ധതിയുടെ മന്ത്രിതല സമിതി യോഗം ഇക്കാര്യം പരിഗണിച്ചിരുന്നു.

2030 ഓടെ രാജ്യത്തെ വാഹനങ്ങളുടെ വലിയൊരു ഭാഗം ലിഥിയം അയണ്‍ ബാറ്ററികളില്‍ ഓടുന്നതായിരിക്കണമെന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ചാഞ്ഞുകിടക്കുന്ന മരങ്ങളായ ഇരുചക്ര, മൂന്നുചക്ര വാഹനങ്ങളില്‍നിന്ന് തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതിനെതിരെ ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, വാഹന വ്യവസായ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ രംഗത്തുവന്നു. ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ്, ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ തുടങ്ങിയവരാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഭാരത് സ്റ്റേജ് 6, പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് പുതിയ നീക്കമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് അസന്തുഷ്ടി പ്രകടിപ്പിച്ചു. 2023 മുതല്‍ ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന മൂന്നുചക്ര വാഹനങ്ങളും 2025 മുതല്‍ 150 സിസിയില്‍ താഴെ ശേഷിയുള്ള ആന്തരിക ദഹന എന്‍ജിന്‍ ഇരുചക്ര വാഹനങ്ങളും നിരോധിക്കാനുള്ള നീക്കം അപ്രായോഗികവും അനവസരത്തിലുള്ളതുമാണെന്ന് സിയാം പ്രസിഡന്റ് രാജന്‍ വധേര വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്ന് രാജീവ് ബജാജ് പറഞ്ഞു. എന്നാല്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉള്ളതായി അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര അനുഭവസമ്പത്ത് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ബിഎസ് 6 നടപ്പാക്കുന്നതിനുപിന്നാലെ അസമയത്താണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് രാജീവ് ബജാജ് അഭിപ്രായപ്പെട്ടു. കൂടാതെ, കാറുകളെ ഉള്‍പ്പെടുത്താതെ ഇരുചക്ര, മൂന്നുചക്ര വാഹനങ്ങളെ മാത്രം ലക്ഷ്യം വെയ്ക്കുന്നത് അപൂര്‍ണ്ണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

കോര്‍പ്പറേറ്റ് ആവറേജ് ഫ്യൂവല്‍ എഫിഷ്യന്‍സി മാനദണ്ഡങ്ങള്‍ അല്ലെങ്കില്‍ എല്ലാ സെഗ്‌മെന്റുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ എന്ന നിര്‍ദ്ദേശത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാവുന്നതാണെന്ന് രാജീവ് ബജാജ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളില്‍ 2023 അല്ലെങ്കില്‍ 2025 മുതല്‍ ഈ മാതൃക നടപ്പാക്കാവുന്നതാണ്. ഇതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത ഘട്ടം ആരംഭിക്കാവുന്നതാണെന്നും രാജീവ് ബജാജ് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ പിന്തുണയ്ക്കുമെന്ന് വേണു ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ അപ്രായോഗികമായ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് നാല്‍പ്പത് ലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന ഇന്ത്യയിലെ വാഹന വ്യവസായത്തെ ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ചാര്‍ജിംഗ് സൗകര്യങ്ങളും ഒരുക്കേണ്ടിവരുമെന്ന് വേണു ശ്രീനിവാസന്‍ പറഞ്ഞു. ക്രമേണയുള്ള പരിവര്‍ത്തനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ വേണ്ടതെന്നാണ് വേണു ശ്രീനിവാസന്റെ നിലപാട്.

Comments

comments

Categories: Auto