ഇന്റര്‍നെറ്റിലെ അവിശ്വാസത്തിന് മുഖ്യ കാരണം സൈബര്‍ ക്രിമിനലുകള്‍

ഇന്റര്‍നെറ്റിലെ അവിശ്വാസത്തിന് മുഖ്യ കാരണം സൈബര്‍ ക്രിമിനലുകള്‍

സ്വന്തം രാജ്യത്തെ സര്‍ക്കാരും മറ്റു രാജ്യത്തെ സര്‍ക്കാരുകളും നടത്തുന്ന നിരീക്ഷണവും നിയന്ത്രണവും സംബന്ധിച്ച ആശങ്കകള്‍ വിശ്വാസത്തെ ബാധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലെ വിശ്വാസക്കുറവിന്റെ പ്രധാന ഉറവിടമായി സൈബര്‍ ക്രിമിനലുകള്‍ തുടരുകയാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. 89 ശതമാനം പേരാണ് അവിശ്വാസത്തിന്റെ പ്രധാന കാരണമായി സൈബര്‍ ക്രിമിനലുകളെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്റര്‍നെറ്റിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്ന് 79 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയില്‍ 74 ശതമാനം പേരാണ് ഈ അഭിപ്രായം പങ്കുവെച്ചിരുന്നത്. 60 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഡാറ്റാ സുരക്ഷയെ കുറിച്ചും ഇന്റര്‍നെറ്റ് സ്വകാര്യതയെ സംബന്ധിച്ചും ധാരണയുണ്ടെന്നും സിഐജിഐ- ഐപോസ് ‘ ഇന്റര്‍നെറ്റ് സുരക്ഷയും വിശ്വാസ്യതയും’ എന്ന പേരില്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ 44 ശതമാനം പേര്‍ മാത്രമാണ് ഡാറ്റാ സുരക്ഷയെ കുറിച്ചും സ്വകാര്യതയെ കുറിച്ചും അറിയാമെന്ന് പ്രതികരിച്ചിട്ടുള്ളത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഗവേണന്‍സ് ഇന്നൊവേഷന്‍സിനായി ഐ പോസ് ഈ സര്‍വെ നടത്തുന്നത്. യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഇന്റര്‍നെറ്റ് സൊസൈറ്റി (ഐഎസ്ഒസി) എന്നിവയുമായി സഹകരിച്ചാണ് സര്‍വെ സംഘടിപ്പിക്കപ്പെട്ടത്. വ്യത്യസ്ത ഭൗമ മേഖലകളില്‍ ഉള്‍പ്പെട്ട 24 രാഷ്ട്രങ്ങളിലെ 24,000ഓളം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് വിവരം ശേഖരിച്ച് നടത്തുന്ന സര്‍വെ ഇന്റര്‍നെറ്റ് വിശ്വാസ്യതയെ കുറിച്ചുള്ള ഏറ്റവും സമഗ്രമായ പഠനമായാണ് കണക്കാക്കപ്പെടുന്നത്.

ഇന്റര്‍നെറ്റില്‍ സ്വന്തം രാജ്യത്തെ സര്‍ക്കാരും മറ്റു രാജ്യത്തെ സര്‍ക്കാരുകളും നടത്തുന്ന നിരീക്ഷണവും നിയന്ത്രണവും സംബന്ധിച്ച ആശങ്കകളാണ് വിശ്വാസത്തെ ബാധിക്കുന്ന മറ്റ് പ്രധാന കാരണങ്ങള്‍. രാജ്യത്തെ സര്‍ക്കാരിന്റെ നിരീക്ഷണം 66 ശതമാനം ഉപയോക്താക്കളുടെ അവിശ്വാസത്തിനും മറ്റു രാജ്യങ്ങളുടെ നിരീക്ഷണം 65 ശതമാനം ഉപയോക്താക്കളുടെ അവിശ്വാസത്തിനും കാരണമാകുന്നു. രാജ്യത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പ്രധാന പ്ലാറ്റ് ഫോം ഫേസ്ബുക്കാണെന്നാണ് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത്, 75 ശതമാനം. യൂട്യൂബ്(72 ശതമാനം), വെബ്‌സൈറ്റുകള്‍ (63 ശതമാനം) ടിവി (53 ശതമാനം) എന്നിവയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നിലാണെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
സര്‍ക്കാര്‍ ഡാറ്റാ സുരക്ഷയ്ക്കായും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനായും വേണ്ട നടപടിയെടുക്കുന്നുണ്ടെന്നാണ് ഇന്ത്യയിലെ 71 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും കണക്കാക്കുന്നത്. രാജ്യത്തെ 40 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയെ കുറിച്ചറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News