ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനമായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട്

ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനമായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട്

2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനമെന്ന ഖ്യാതി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി സെന്ററില്‍നിന്ന് മോട്ടോര്‍സൈക്കിളിന് ലഭിച്ച ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഹീറോ മോട്ടോകോര്‍പ്പ് ഏറ്റുവാങ്ങി. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ സ്ഥാപനമാണ് ഹരിയാണയിലെ മനേസര്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി സെന്റര്‍.

2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. എന്നാല്‍ വളരെ മുമ്പുതന്നെ ബിഎസ് 6 പാലിക്കുന്ന ഇരുചക്ര വാഹനവുമായി പഴയ പങ്കാളിയായ ഹോണ്ടയെ മറികടന്നിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. ഹോണ്ട തങ്ങളുടെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം ഇന്ന് അനാവരണം ചെയ്യും. സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ടിലൂടെ ബിഎസ് 6 സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ എന്ന പെരുമ ഹീറോ മോട്ടോകോര്‍പ്പിന് അവകാശപ്പെടാം.

ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ ഗവേഷണ വികസന കേന്ദ്രത്തിലാണ് സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് ബിഎസ് 6 പാലിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം, സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് ബിഎസ് 6 വേര്‍ഷന്‍ എപ്പോള്‍ വിപണിയിലെത്തിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കിയില്ല. വരുംമാസങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പ് കൂടുതല്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും.

Comments

comments

Categories: Auto