ആമസോണ്‍ പ്രൈം ഇനി യുഎഇയിലും

ആമസോണ്‍ പ്രൈം ഇനി യുഎഇയിലും

ദുബായ്: പ്രത്യേക ആനുകൂല്യങ്ങള്‍ക്കായുള്ള ആമസോണിന്റെ പെയ്ഡ് സര്‍വീസ് (പണമടച്ച വരിക്കാര്‍ക്കുള്ള സേവനം) ആമസോണ്‍ പ്രൈം ഇനിമുതല്‍ യുഇഎയിലും. സൂക്ക് ഡോട്ട് കോം ആമസോണ്‍ ആയതിന് പിന്നാലെയാണ് രാജ്യത്ത് ആമസോണ്‍ പ്രൈം സേവനവും നിലവില്‍ വരുന്നത്.

പ്രൈം രാജ്യങ്ങളുടെ കുടുംബത്തില്‍ യുഎഇയും അംഗമായ വിവരം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വൈസ് പ്രസിഡന്റ് ജമീല്‍ ഖാനി പറഞ്ഞു. ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സബ്‌സ്‌ക്രിപ്ഷന്‍ (വരിസംഖ്യ) പദ്ധതിയാണ് പ്രൈം. പ്രത്യേക വിലക്കിഴിവ്, സൗജന്യവിതരണം, വണ്‍ ഡേ ഡെലിവറി, ടു ഡേ ഡെലിവറി, പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ആമസോണ്‍ പ്രൈം അംഗത്വത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

2022ഓടെ യുഎഇയിലെ ഇ-കൊമേഴ്‌സ് മേഖലയിലെ ചിലവിടല്‍ 2017ലെ 9.7 ബില്യണ്‍ ഡോളറില്‍ നിന്നും 170 ശതമാനം വര്‍ധിച്ച് 27.1 ബില്യണ്‍ ഡോളര്‍ ആകുമെന്ന് കഴിഞ്ഞ വര്‍ഷം ഫിച്ച് സൊലൂഷന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 580 മില്യണ്‍ ഡോളറിന് പ്രാദേശിക ഇ-കൊമേഴ്‌സ് കമ്പനിയായ സൂക്ക് ഡോട്ട് കോമിനെ ഏറ്റെടുത്ത ആമസോണ്‍ ഈ സാധ്യത മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ മാസം സൂക്ക് ഡോട്ട് കോമിനെ ആമസോണ്‍ ഡോട്ട് എഇ ആയി നവീകരിച്ചത്. പ്രത്യേക മേഖലയിലെ ഉപഭോക്താക്കള്‍ എത്രയാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ആമസോണ്‍ പുറത്ത് വിടാറില്ലെങ്കിലും ആമസോണ്‍ ഡോട്ട് എഇ ആകുന്നതിന് മുമ്പ് സൂക്ക് പ്രതിമാസം 45 മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു

Comments

comments

Categories: Arabia
Tags: Amazon prime