വ്യോമയാന സുരക്ഷ ഫീസ് കൂട്ടി: ഗള്‍ഫ് യാത്രാച്ചിലവ് വര്‍ധിച്ചേക്കുമെന്ന ആശങ്കയില്‍ പ്രവാസികള്‍

വ്യോമയാന സുരക്ഷ ഫീസ് കൂട്ടി: ഗള്‍ഫ് യാത്രാച്ചിലവ് വര്‍ധിച്ചേക്കുമെന്ന ആശങ്കയില്‍ പ്രവാസികള്‍

തീരുമാനം ഇന്ത്യയിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുമെന്നും അഭിപ്രായം

ദുബായ്: കേന്ദ്ര വ്യോമയാന മന്ത്രാലയം യാത്രക്കാര്‍ക്കുള്ള സുരക്ഷാഫീസ് കൂട്ടിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് യാത്ര പതിന്മടങ്ങ് ചിലവേറിയതാകുമെന്ന് ആശങ്ക. ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചയ്ക്ക് ശേഷം ദുബായ്, അബുദാബി പോലുള്ള തിരക്കേറിയ പശ്ചിമേഷ്യന്‍ റൂട്ടുകളിലേക്കുള്ള വിമാനയാത്രാച്ചിലവ് കൂടിയ സാഹചര്യത്തില്‍ സുരക്ഷാ ഫീസ് വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ എങ്ങനെ പ്രതിഫലിക്കും എന്നതറിയാന്‍ കാത്തിരിക്കുകയാണ് പ്രവാസികള്‍ അടക്കമുള്ള യാത്രികര്‍. ഫീസ് വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് അഭിപ്രായമുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചേക്കുമെന്ന് വിനോദ സഞ്ചാര വിപണി വിദഗ്ധര്‍ പറയുന്നു.

നിലവിലുള്ള പാസഞ്ചര്‍ സര്‍വീസ് ഫീസിന് പകരം ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് നിലവില്‍ വരുന്നതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുകള്‍ വര്‍ധിക്കുന്നത്. ഇന്ത്യന്‍ യാത്രികര്‍ക്കുള്ള സുരക്ഷാഫീസ് നിലവിലെ 130 രൂപയില്‍ നിന്നും 150 രൂപയായാണ് ഉയര്‍ത്തിയത്. അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. 3.25 ഡോളറില്‍ നിന്നും 4.85 ഡോളര്‍ ആയാണ് അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള ഫീസ് കൂട്ടിയത്. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 2001ന് ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ സുരക്ഷാഫീസ് കൂട്ടുന്നത്.

സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചത് പ്രാദേശിക, അന്തര്‍ദേശീയ ടിക്കറ്റ്‌നിരക്കിനെ ബാധിച്ചേക്കുമെന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. എന്നാല്‍ നാമമാത്രമായ വര്‍ധനവ് മാത്രമായതിനാല്‍ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടാകില്ലെന്നും ചില കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. സുരക്ഷാഫീസ് വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. പുതിയ ടിക്കറ്റ് നിരക്ക് സംബന്ധിച്ച ആലോചനകള്‍ വിമാനക്കമ്പനികള്‍ ആരംഭിച്ചിട്ടേയുള്ളു.

അതേസമയം ടിക്കറ്റ് നിരക്ക് വര്‍ധനവ് ഇന്ത്യയിലെ ടൂറിസം മേഖലയെ ബാധിക്കുച്ചേക്കുമെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍. ഓണം, ക്രിസ്മസ് പോലുള്ള ആഘോഷ സീസണുകളില്‍ കേരളത്തിലെത്തുന്ന സഞ്ചാരികളെയും പ്രവാസികളെയും ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാറുണ്ട്. സുരക്ഷാഫീസ് കൂടി വര്‍ധിക്കുന്നതോടെ ആഘോഷസീസണുകളില്‍ ടിക്കറ്റ് നിരക്ക് വളരെയധികം ഉയരാനാണ് സാധ്യതയെന്ന് ഒരു വിഭാഗം ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ അഭിപ്രായപ്പെടുന്നു.സാധാരണയായി ജൂലൈ മുതല്‍ക്കാണ് കേരളത്തിലേക്കുള്ള പശ്ചിമേഷ്യന്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുക. സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇക്കാലയളവില്‍ കേരളത്തില്‍ എത്താറ്. ഫീസ് വര്‍ധനവ് മുതലെടുത്ത് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് കൊണ്ടുവരുമെന്ന വികാരം സഞ്ചാരികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം വിദേശ സഞ്ചാരികളുടെ എണ്ണത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

നിരക്ക് വര്‍ധനവ് ടൂറിസം വിപണിയെ എപ്പോഴും ദോഷകരമായാണ് ബാധിക്കാറ്. നിരക്ക് വര്‍ധനവ് ഇല്ലാത്ത മേഖലകള്‍ക്ക് ബിസിനസ് ഉണ്ടാക്കിക്കൊടുക്കുന്ന തീരുമാനവുമാണിത്. മാത്രമല്ല, സഞ്ചാരികള്‍ രാജ്യത്ത് ചിലവഴിക്കുന്ന സമയത്തെയും നിരക്ക് വര്‍ധനവ് ദോഷകരമായി ബാധിക്കും. വിമാനയാത്രാ നിരക്കിലുള്ള വര്‍ധനവിന്റെ ആഘാതം കുറയ്ക്കാന്‍ ഹോട്ടല്‍ താമസമടക്കമുള്ള ചിലവുകള്‍ കുറയ്ക്കാന്‍ സഞ്ചാരികള്‍ നിര്‍ബന്ധിതരാകുമെന്ന് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാന്‍ ടൂര്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഗൗരവ് ചൗള അഭിപ്രായപ്പെടുന്നു.

അതേസമയം ഫീസ് വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ കാര്യമായ ചലനമുണ്ടാക്കില്ലെന്നും അഭിപ്രായമുണ്ട്. ജെറ്റ് എയര്‍വെയ്‌സ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത് ടിക്കറ്റ് നിരക്കിനെയും യാത്രക്കാരുടെ എണ്ണത്തെയും ബാധിക്കുമെങ്കിലും നാമമാത്രമായ സുരക്ഷാഫീസ് വര്‍ധനവ് ടിക്കറ്റ് നിരക്കിനെ കാര്യമായി ബാധിക്കില്ലെന്ന് ക്രിയര്‍ട്രിപ്, എയര്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മേധാവി ബാലു രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഫണ്ടിംഗ് അപര്യാപ്തത നികത്തുക, രാജ്യത്തെ 56 ശതമാനം വിമാനത്താവളങ്ങളും സുരക്ഷായിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള പണം തിരിച്ചുപിടിക്കുക എന്നീ ലക്ഷ്യങ്ങളാണ് സുരക്ഷാഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

Comments

comments

Categories: Arabia