35,000 കോടി രൂപയുടെ വായ്പാ ബാധ്യത തീര്‍പ്പാക്കിയെന്ന് അനില്‍ അംബാനി

35,000 കോടി രൂപയുടെ വായ്പാ ബാധ്യത തീര്‍പ്പാക്കിയെന്ന് അനില്‍ അംബാനി

കഴിഞ്ഞ 12 മാസത്തിനിടെ തങ്ങളുടെ ചെറുകിട നിക്ഷേപകരുടെ അടിത്തറ മാറ്റമില്ലാതെ തുടരുകയാണെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 14 മാസത്തിനിടെ 35,000 കോടിയിലധികം രൂപയുടെ വായ്പാ ബാധ്യതയില്‍ തീര്‍പ്പാക്കിയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. ആസ്തികളുടെ വില്‍പ്പനയിലൂടെയാണ് തിരിച്ചടവുകള്‍ നടത്തിയിട്ടുള്ളത്. ബാക്കിയുള്ള തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രൂപ്പ് ഉത്തരവാദിത്ത പൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്നും അനില്‍ അംബാനി പറഞ്ഞു. തിരിച്ചടച്ച തുകയില്‍ 25,000 കോടി രൂപയോളം പ്രാഥമിക വായ്പാ തുകയാണ്. പലിശയിനത്തില്‍ 11,000 കോടിയോളം രൂപയുടെ തിരിച്ചടവ് നടത്തി. മാധ്യമങ്ങളുമായി നടത്തിയ ഒരു കോണ്‍ഫറന്‍സ് കോളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 മാസ കാലയളവില്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള വായ്പാദാതാക്കളില്‍ നിന്നും ഒരു അധിക വായ്പയും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ഒരു കമ്പനിക്കും ലഭിച്ചിട്ടില്ല. റിലയന്‍സ് ഗ്രൂപ്പിന് വിവിധ ക്ലൈയ്മുകള്‍ റെഗുലേറ്ററി സംവിധാനങ്ങള്‍ അനുവദിക്കുന്നതിലൂടെ ലഭ്യമാകാനുള്ള 30,000 കോടി രൂപ വൈകുന്നതും പ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്നുണ്ടെന്നാണ് അനില്‍ അംബാനി പറയുന്നത്. 5-10 വര്‍ഷം വരെയാണ് ഈ തുകകള്‍ ലഭ്യമാകുന്നതില്‍ കാലതാമസം ഉണ്ടായിട്ടുള്ളത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നിവയ്ക്കാണ് പ്രധാനമായും ക്ലൈമുകളിലൂടെ തുക ലഭ്യമാകാനുള്ളത്.

റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ ഉണ്ടാകുന്ന ഇടിവ് വലിയ ആശങ്കയുണര്‍ത്തുന്നില്ലെന്നും ചെറുകിട നിക്ഷേപകര്‍ കമ്പനിയില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്നും അനില്‍ പറയുന്നു. ഏഴു ലക്ഷത്തോളം ചെറുകിട നിക്ഷേപകരാണ് റിലയന്‍സ് ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ തങ്ങളുടെ ചെറുകിട നിക്ഷേപകരുടെ അടിത്തറ മാറ്റമില്ലാതെ തുടരുകയാണെന്നും ഇത് വ്യക്തിപരമായി തനിക്കും കമ്പനിക്കും കരുത്ത് പകരുന്നതാണെന്നും അനില്‍ അംബാനി കൂട്ടിച്ചേര്‍ത്തു.

വായ്പാ ഭാരം പരമാവധി കുറച്ച് മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയിലേക്ക് സമയബന്ധിതമായി എത്താനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ റെഗുലേറ്ററി സംവിധാനങ്ങളില്‍ നിന്നോ ഒരു സഹായവും ലഭിക്കാതെയാണ് തിരിച്ചടവുകള്‍ നടത്തുന്നതെന്നും അനില്‍ പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: Anil Ambani