വെണ്‍മയുടെ വിപണിയിലെ ‘നിര്‍മ’ല സാന്നിധ്യം

വെണ്‍മയുടെ വിപണിയിലെ ‘നിര്‍മ’ല സാന്നിധ്യം

വാഷിംഗ് പൗഡര്‍ എന്നു പറയുമ്പോള്‍ തന്നെ പിന്നാലെ സ്വാഭാവികമായി നിര്‍മ എന്നു വരുന്ന കാലം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. 1969 ല്‍ കര്‍ശന്‍ഭായ് പട്ടേലെന്ന സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരീക്ഷണാര്‍ത്ഥം വീട്ടില്‍ നിര്‍മിച്ച സൈക്കിള്‍ യാത്രക്കിടെ വിറ്റഴിച്ച നിര്‍മ, ഇന്ന് ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. സോപ്പുപൊടിയില്‍ നിന്നും സിമെന്റ്, രാസവസ്തു നിര്‍മാണത്തിലേക്കും എന്‍ജിനീയറിംഗ് കോളെജിലേക്കും പടര്‍ന്നു വളര്‍ന്നിരിക്കുന്നു, കര്‍ശന്‍ഭായ്. വമ്പന്‍ ആഗോള ബ്രാന്‍ഡുകളെ പിന്തള്ളി ഇന്ത്യയുടെ ഇഷ്ട അലക്കുപൊടി ബ്രാന്‍ഡായി മാറിയ നിര്‍മയുടെ വിജയകഥ പരിചയപ്പെടാം

ഗുജറാത്തികളില്‍ സംരംഭകത്വം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് എന്ന് പറയാറുണ്ട്. സംരംഭകരെ, ഉദ്യോഗസ്ഥരെക്കാള്‍ ആദരിക്കുന്ന ഒരു സംസ്‌കാരവും ഗുജറാത്തിലുണ്ട്. ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ പലരും ഗുജറാത്തില്‍ നിന്നും പറന്നുയര്‍ന്നവരാണ്.

500 രൂപ ശമ്പളം പറ്റുന്ന ഒരു കെമിസ്റ്റ് സ്വന്തം വീട്ടിലെ ഷെഡില്‍, മഞ്ഞ നിറമുള്ള ഡിറ്റര്‍ജന്റ് പൊടി നിര്‍മ്മിക്കാനാരംഭിച്ചു. വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള 15 കിലോമീറ്റര്‍ ദൂരം സൈക്കിളിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. വഴിയില്‍ തന്റെ ഡിറ്റര്‍ജന്റിന്റെ 10-15 പാക്കറ്റുകള്‍ അദ്ദേഹം വില്‍ക്കാന്‍ തുടങ്ങി. വില കേട്ടപ്പോള്‍ പലരും ഞെട്ടി. വെറും 3 രൂപ 50 പൈസയ്ക്ക് ഒരു കിലോ ഡിറ്റര്‍ജന്റ് പൗഡര്‍. ഇന്ത്യന്‍ ഡിറ്റര്‍ജന്റ് വിപണി പിടിച്ചടുക്കിയ നിര്‍മയുടെ പിറവി ഇങ്ങനെയായിരുന്നു. കുറഞ്ഞ വില എന്ന ഒറ്റമൂലി കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യന്‍ ഘടകമായ ഹിന്ദുസ്ഥാന്‍ ലിവറിന്റെ സര്‍ഫിന് അദ്ദേഹം വൈകാതെ വെല്ലുവിളിയുയര്‍ത്തി. വിപണന ശാസ്ത്രത്തിലെ പല അധ്യായങ്ങളും നിര്‍മ പുതുക്കിയെഴുതി. ഗുജറാത്ത് സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് 500 രൂപ പ്രതിമാസം ശമ്പളം വാങ്ങിയിരുന്ന കര്‍ശന്‍ഭായ് പട്ടേല്‍ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ മുന്‍നിരയിലുണ്ട്. 500 ല്‍ പരം വിതരണക്കാരിലൂടെ നിര്‍മ രാജ്യമെങ്ങുമെത്തുന്നു. 20 ലക്ഷം ചെറുകിട കച്ചവടക്കാര്‍ വഴി ഇന്ത്യ മുഴുവന്‍ വിറ്റഴിക്കപ്പെടുന്നു. കര്‍ശന്‍ഭായി പട്ടേലിന്റെ മകളുടെ പേര് നിരുപമ എന്നായിരുന്നു. ഒരു അപകടത്തില്‍പ്പെട്ട് മരിച്ചുപോയ പ്രിയപ്പെട്ട മകളുടെ ഓര്‍മ്മയ്ക്കാണ് ഡിറ്റര്‍ജന്റിന് അദ്ദേഹം നിര്‍മ എന്ന പേര് നല്‍കിയത്.

ഒരു ബ്രാന്‍ഡിന്റെ വിജയത്തിന് പരസ്യങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് നിര്‍മ്മയുടെ ത്രസിപ്പിക്കുന്ന കഥ. വാഷിംഗ് പൗഡര്‍ നിര്‍മ…നിര്‍മ എന്ന റേഡിയോ ജിംഗിളുകള്‍, ടെലിവിഷന്‍ ചാനലുകളിലെ ലളിതമായ, ശക്തമായ പരസ്യങ്ങള്‍ എന്നിവ നിര്‍മയെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഡിറ്റര്‍ജന്റ് പൗഡറാക്കി മാറ്റി. നിര്‍മയില്‍ നിന്നുള്ള മത്സരം അതിജീവിക്കാന്‍, വില കൂടിയ സര്‍ഫിന് (ഗുണമേന്മയും) ആവില്ലെന്ന തിരിച്ചറിവ്, ഹിന്ദുസ്ഥാന്‍ ലിവറിനെ പുതിയ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരാക്കി. താരമ്യേന വില കുറഞ്ഞ സണ്‍ലൈറ്റ് ഡിറ്റര്‍ജന്റ് പൗഡര്‍, സീല്‍ ഡിറ്റര്‍ജന്റ് പൗഡര്‍ എന്നിവ അവതരിപ്പിച്ചാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ നിര്‍മയെ നേരിട്ടത്.

ബഹുരാഷ്ട്ര കമ്പനിയുടെ ടെക്‌നോളജി വൈഭവമോ, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റില്‍ അവര്‍ക്കുളള അറിവോ ഒന്നും ഇല്ലാതെ, ഹിന്ദുസ്ഥാന്‍ ലിവറിന്റെ സാമ്പത്തിക ശക്തിയുടെ അടുത്തൊന്നും നില്‍ക്കാന്‍ കഴിവില്ലാത്ത കര്‍ശന്‍ഭായ് പട്ടേല്‍ എന്ന സാധാരണ ഗുജറാത്തി നേടിയ വിജയം, വിപണിയിലെ സ്പന്ദനങ്ങളെ സൂഷ്മമായി വീക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് വേണ്ട മൂല്യം നല്‍കാന്‍ സാധിച്ചു എന്നതിലാണ്. വിപണിയില്‍ അവസരങ്ങളുടെ രത്‌ന ഖനി ഉണ്ടെന്ന് തിരിച്ചറിഞ്ഞു കര്‍ശന്‍ഭായി. ഇന്ന് കമ്പനിയുടെ വിറ്റുവരവ് 6,000 കോടി രൂപ! 1,500 ജോലിക്കാര്‍. നിര്‍മ യൂണിവേഴ്‌സിറ്റിയും അദ്ദേഹം അഹമ്മദാബാദില്‍ ആരംഭിച്ചു. വിവിധ എന്‍ജിനീയറിംഗ് ബിരുദങ്ങള്‍ക്കായുള്ള കോഴ്‌സുകളും ഇവിടെ നടത്തുന്നു. നിര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്ും നിര്‍മ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മ്മാണത്തിന് വേണ്ട കെമിക്കല്‍സ് തയാറാക്കുന്ന വന്‍കിട ഫാക്ടറികള്‍ നിര്‍മയ്ക്ക് സ്വന്തമായുണ്ട്. കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ട് ഇപ്പോഴും വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത് ഈ തന്ത്രങ്ങളിലൂടെയാണ്. നിര്‍മ ടോയ്‌ലെറ്റ് സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, വിവിധ ഡിറ്റര്‍ജന്റ് കേക്കുകള്‍ കൂടാതെ ഗ്ലിസറിന്‍, ഡിറ്റര്‍ജന്റിലെ പതയുണ്ടാക്കുന്ന പ്രധാന ഘടകമായ ലീനിയര്‍ ആല്‍ക്കൈല്‍ ബെന്‍സീന്‍, എണ്ണകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമുള്ള ഉപ്പ്, സള്‍ഫ്യൂരിക് ആസിഡ്, സോഡാ ആഷ് എന്നിവയെല്ലാം വന്‍ തോതില്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട് നിര്‍മാ ഗ്രൂപ്പ്. രാജസ്ഥാനില്‍ സിമന്റ് നിര്‍മ്മാണവും നിര്‍മ നടത്തുന്നു. ഇരുപത്തഞ്ചോളം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണി ഇപ്പോള്‍ കമ്പനിക്ക് സ്വന്തമായുണ്ട്.

അഹമ്മദാബാദ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് ആശ്രാം റോഡില്‍ ആണ് നിര്‍മാ ഡിറ്റര്‍ജന്റിന്റെ ആസ്ഥാന മന്ദിരം. ഗുജറാത്തിലെ കോടീശ്വരന്മാരുടെ ആസ്ഥാന മന്ദിരങ്ങളുടെയൊപ്പം, സ്വന്തം വിമാനമുള്ള ചുരുക്കം ഗുജറാത്തി വ്യവസായികളുടെ പട്ടികയില്‍, ഇന്ന് കര്‍ശന്‍ ഭായ് പട്ടേലും ഉണ്ട്.

പരസ്യങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് നിര്‍മ്മ എന്ന സൂപ്പര്‍ സ്റ്റാര്‍ ബ്രാന്‍ഡ് സൃഷ്ടിച്ചതാണ് കര്‍ശന്‍ഭായി പട്ടേലിനെ, മറ്റ് നിരവധി ഡിറ്റര്‍ജന്റ് നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ടിവി ചാനലുകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്, റേഡിയോ ജിംഗിളുകളുടെ ആരവം നിര്‍മ്മയെ രാജ്യമെങ്ങും പരിചയപ്പെടുത്താന്‍ ഉപകരിച്ചു. എങ്കിലും ടി വി മാധ്യമമാണ് നിര്‍മയെന്ന ബ്രാന്‍ഡിനെ കൂടുതല്‍ ജനകീയമാക്കിയത്. 1982 ല്‍ പരസ്യം പുറത്തു വന്നു. വെളുത്ത ഫ്രോക്കണിഞ്ഞ പെണ്‍കുട്ടി നിര്‍മയുടെ മുഖമുദ്രയായി മാറി. ഇന്ത്യക്കാര്‍ക്ക് അങ്ങേയറ്റം സുപരിചതമായ പരസ്യ ഗാനം തയാറാക്കിയത് വേദ്പാലാണ്. വിശ്വപ്രസിദ്ധ പരസ്യ കമ്പനിയായ ബിബിഡിഒയുടെ ഇന്ത്യയിലെ മേധാവിയായിരുന്ന അജയ് ഝാല സ്ഥാനമൊഴിയുന്നതിന് മുമ്പ് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘പരസ്യത്തിന്റെ യഥാര്‍ത്ഥ യുഗം തുടങ്ങിയത് നിര്‍മ്മയുടെ പരസ്യങ്ങളോടെയാണ്’.

Categories: FK Special, Slider

Related Articles