എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ച:നേട്ടമുണ്ടാക്കി യുഎഇയും സൗദിയും; ഈജിപ്ത് സമ്മര്‍ദ്ദത്തില്‍

എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ച:നേട്ടമുണ്ടാക്കി യുഎഇയും സൗദിയും; ഈജിപ്ത് സമ്മര്‍ദ്ദത്തില്‍
  • ഉല്‍പ്പാദനത്തിലും കയറ്റുമതി ഓര്‍ഡറുകളിലും ഉണ്ടായ വളര്‍ച്ചയാണ് യുഎഇയിക്കും സൗദിക്കും നേട്ടമായത്
  • ഈജിപ്തില്‍ വിദേശ കരാറുകളില്‍ വലിയ കുറവ്

എണ്ണ വ്യാപാരത്തിനപ്പുറത്തേക്ക് സമ്പദ് വ്യവസ്ഥയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെ സംബന്ധിച്ചിടുത്തോളം മേയ് മാസം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. പുതിയ ഓര്‍ഡറുകളിലും ഉല്‍പ്പാദനത്തിലും റെക്കോഡ് വേഗതയിലുള്ള വളര്‍ച്ച നേടി ഇവിടങ്ങളിലെ എണ്ണേതര സ്വകാര്യമേഖല മികച്ച പ്രകടനമാണ് കഴിഞ്ഞ മാസം കാഴ്ചവെച്ചത്. അതേസമയം കഠിനമായ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈജിപ്തിലെ സ്വകാര്യമേഖല ഇപ്പോഴും സമ്മര്‍ദ്ദത്തില്‍ തുടരുകയാണ്. ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും മുമ്പൊന്നും കാണാത്ത തകര്‍ച്ചയാണ് രാജ്യം കഴിഞ്ഞ മാസം നേരിട്ടത്. എമിറേറ്റ് എന്‍ബിഡിയുടെ എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ച സംബന്ധിച്ച പിഎംഐ റിപ്പോര്‍ട്ടിലെ യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലെ എണ്ണേതര സമ്പദ് വ്യവസ്ഥയുടെ വിലയിരുത്തല്‍.

അഞ്ച് വര്‍ഷത്തിനിടയിലെ വളര്‍ച്ചാവേഗതയുമായി യുഎഇ

2014 ഒക്ടോബറിന് ശേഷം യുഎഇയിലെ എണ്ണേതര സ്വകാര്യ സമ്പദ് വ്യവസ്ഥ ഇതുവരെ കാണാത്ത വേഗതയിലുള്ള വളര്‍ച്ചയാണ് കഴിഞ്ഞ മാസം കൈകവരിച്ചത്. എണ്ണേതര സ്വകാര്യമേഖലയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച സൂചിപ്പിക്കുന്ന എമിറേറ്റ്‌സ് എന്‍ബിഡിയുടെ കാലാകാലം നവീകരിക്കുന്ന യുഎഇയുടെ പര്‍ച്ചെയ്‌സിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്(പിഎംഐ) കഴിഞ്ഞ മാസം 59.4 ആയി ഉയര്‍ന്നു. ഏപ്രില്‍ മാസം ഇത് 57.6 ആയിരുന്നു. 50ന് മുകളിലുള്ള സൂചികാ നിലവാരം ബിസിനസ് രംഗത്തെ പുരോഗതിയും വളര്‍ച്ചയുമാണ് അര്‍ത്ഥമാക്കുന്നത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് സൂചികയില്‍ അഭിവൃദ്ധി ദൃശ്യമാകുന്നത്. രാജ്യത്തെ ബിസിനസ് സാഹചര്യങ്ങളിലുള്ള പ്രതീക്ഷാര്‍ഹമായ മാറ്റമാണ് ഏറ്റവും പുതിയ സൂചികാനിലവാരം വ്യക്തമാക്കുന്നത്.

വിപണിയിലെ ആവശ്യകതയിലും ക്രയവിക്രയങ്ങളിലും വര്‍ധനവുണ്ടാകുകയും പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് ബിസിനസ് ആക്ടിവിറ്റിയില്‍ റെക്കോഡ് വേഗതയിലുള്ള വളര്‍ച്ച ദൃശ്യമായത്. സാമ്പത്തിക വളര്‍ച്ചയുടെ പുതിയ സൂചികകള്‍ പുറത്തുവന്നതോടെ ബിസിനസ് രംഗത്തെ വളര്‍ച്ച വരുംവര്‍ഷവും തുടരുമെന്ന പ്രതീക്ഷയിലാണ് അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുഎഇയിലെ ബിസിനസ് സമൂഹം.

പിഎംഐയിലുള്ള വളര്‍ച്ച എണ്ണേതര സ്വകാര്യമേഖലാ സമ്പദ് വ്യവസ്ഥയുടെ വേഗതയാര്‍ന്ന ജിഡിപി വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെങ്കിലും രാജ്യത്തെ ബിസിനസ് അന്തരീക്ഷം ബിസിനസുകളെ സംബന്ധിച്ചെടുത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയിലെ മേന റിസര്‍ച്ച് വിഭാഗം മേധാവി ഖതീജ ഹേഗ് പറഞ്ഞു. ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും കഴിഞ്ഞ മാസം ഉണ്ടായ വലിയ വര്‍ധനവ് കമ്പനികള്‍ വിലക്കുറവ് അനുവദിച്ചത് കൊണ്ടും കയറ്റുമതി ഓര്‍ഡറുകളിലുണ്ടായ ശക്തമായ വളര്‍ച്ച കൊണ്ടും ഉണ്ടായതാണെന്ന് ഖതീജ പറഞ്ഞു.

എണ്ണേതര സ്വകാര്യ മേഖലയിലെ പുതിയ ബിസിനസുകളുടെ വളര്‍ച്ചയിലും ശ്രദ്ധേയമായ, ഏതാണ്ട് റെക്കോഡ് വേഗത്തിലുള്ള വളര്‍ച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുള്ള ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ചയാണ് പുതിയ കയറ്റുമതി ഓര്‍ഡറുകളിലും ഉണ്ടായിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി കൂട്ടിച്ചേര്‍ത്തു. പുതിയ ഓര്‍ഡറുകളില്‍ വര്‍ധനവ് ഉണ്ടായതോടെ കമ്പനികളുടെ പര്‍ച്ചെയ്‌സിംഗ് ആക്ടിവിറ്റിയിലും റെക്കോഡ് വേഗതയിലുള്ള വളര്‍ച്ചയുണ്ടായി.

അതേസമയം പുതിയ ഓര്‍ഡറുകളിലും ബിസിനസ് ആക്ടിവിറ്റിയിലും കഴിഞ്ഞ മാസം ഉണ്ടായ വലിയ തോതിലുള്ള വളര്‍ച്ചയ്ക്കിടയിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കമ്പനികള്‍ മടിക്കുന്നതായാണ് കണ്ടത്. അതിനാല്‍ തൊഴില്‍നിരക്കില്‍ കഴിഞ്ഞ മാസം വലിയ മാറ്റമുണ്ടായിട്ടില്ല.

വിഷന്‍ 2030യുടെ നേട്ടങ്ങള്‍ കൊയ്ത് സൗദി അറേബ്യ

ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിച്ചതോടെ സൗദി അറേബ്യയില്‍ ഉണ്ടായ സ്ഥിരതയാര്‍ന്ന ഉല്‍പ്പാദന വളര്‍ച്ചയുടെ കരുത്തില്‍ രാജ്യത്തെ എണ്ണേതര സ്വകാര്യ ബിസിനസ് രംഗം കഴിഞ്ഞ ഏഴ് മാസത്തിനിടെ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. സൗദിയിലെ എണ്ണേതര സ്വകാര്യമേഖലാ സമ്പദ് വ്യവസ്ഥ സംബന്ധിച്ച എമിറേറ്റ്‌സ് എന്‍ബിഡിയുടെ മേയ് മാസത്തെ പിഎംഐ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയത്. ഏപ്രിലില്‍ 56.8 ആയിരുന്ന സൂചിക കഴിഞ്ഞ മാസം 57.3 ആയി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ തുടര്‍ച്ചയായ ആറാംമാസമാണ് സൂചിക നില മെച്ചപ്പെടുത്തുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാഗതിയിലുള്ള സ്ഥിരതാര്‍ന്ന പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നത്.

എണ്ണേതര സ്വകാര്യമേഖലയില്‍ ഉടനീളം ശക്തമായ ഉല്‍പ്പാദന വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ആവശ്യകതയിലുണ്ടായ വര്‍ധനവ് തന്നെയാണ് ഇതിനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നത്. പുതിയ ബിസിനസുകളുടെ എണ്ണത്തിലുള്ള കുത്തനെയുള്ള വളര്‍ച്ചയും ഉല്‍പ്പാദന വര്‍ധനവിന് ഇടയാക്കി്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ചയാണ് പുതിയ ബിസിനസുകളുടെ എണ്ണത്തിലുണ്ടായത്. കയറ്റുമതി ഓര്‍ഡറുകളിലുണ്ടായ വര്‍ധനവ് കൂടിയാണ് ഉല്‍പ്പാദന വളര്‍ച്ചയില്‍ പ്രകടമാകുന്നത്. കയറ്റുമതി ഓര്‍ഡറുകളില്‍ ഫെബ്രുവരി 2017ന് ശേഷമുള്ള ഏറ്റവും വേഗതാര്‍ന്ന വളര്‍ച്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

2018ലെ പൊതുവെ മന്ദഗതിയിലുള്ള വളര്‍ച്ചയില്‍ നിന്നും രാജ്യത്തെ എണ്ണേതര സ്വകാര്യ മേഖല വളര്‍ച്ചയുടെ വേഗത തിരികെ പിടിച്ചുവെന്നതാണ് പിഎംഐയിലെ ശ്രദ്ധേയമായ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് ഖതീജ ഹേഗ് പറഞ്ഞു. സ്വകാര്യ മേഖലയുടെ ആദ്യപാദ വായ്പാ വളര്‍ച്ച, വില്‍പ്പന ഇടപാടുകളില്‍ ഉണ്ടായ വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ സ്ഥായിയായ പ്രകടനമാണ് കഴിഞ്ഞ മാസവും കാഴ്ചവെച്ചിരിക്കുന്നത്.

ഉല്‍പ്പാദനരംഗത്തെ വര്‍ധിച്ച ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വകാര്യമേഖലയിലുടനീളം പര്‍ച്ചെയിസിംഗ് ആക്ടിവിറ്റി കൂടിയിട്ടുണ്ട്. 2017 അവസാനത്തിന് ശേഷം ആളുകളുടെ സാധനങ്ങള്‍ വാങ്ങാനുള്ള പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ആവശ്യകതയില്‍ നിലവിലുള്ള പ്രവണത തുടരുമെന്ന പ്രതീക്ഷയില്‍ പല കമ്പനികളും സ്റ്റോക്കുകള്‍ വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

എന്നാല്‍ യുഎഇയിക്ക് സമാനമായി പുതിയ ഓര്‍ഡറുകളും ഉല്‍പ്പാദനവും വര്‍ധിച്ചുവെങ്കിലും രാജ്യത്തെ തൊഴില്‍സാഹചര്യത്തിന് കഴിഞ്ഞ മാസം വലിയ മാറ്റമുണ്ടായിട്ടില്ല. മേയ് മാസത്തില്‍ രാജ്യത്തുണ്ടായ തൊഴിലവസരങ്ങള്‍ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച നിലയിലായിരുന്നെങ്കിലും എടുത്തുപറയത്തക്ക അവസ്ഥയിലെത്തിയിട്ടില്ല. ബിസിനസ് ശേഷിയില്‍ പറയത്തക്ക സമ്മര്‍ദ്ദമില്ലെന്നും പൂര്‍ത്തീകരിക്കാത്ത ജോലികളിലുള്ള ശോഷിച്ച വളര്‍ച്ചയുമാണ് ഇത് സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയുടെ സാമ്പത്തിക പരിഷ്‌കരണ അജണ്ടകള്‍ ഫലം കണ്ടുതുടങ്ങിയെന്ന സൂചനയാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര നാണ്യനിധി കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയ വിഷന്‍ 2030 പദ്ധതിക്ക് കീഴില്‍ രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുകയാണെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

2017ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം സൗദിയില്‍ 2.2 ശതമാനം സാമ്പത്തിക വളര്‍ച്ച ദൃശ്യമായിരുന്നു. എണ്ണവ്യാപാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജിഡിപിയില്‍ 2.8 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ എണ്ണേതര ജിഡിപിയില്‍ 2.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. 2019ല്‍ രാജ്യത്തെ എണ്ണേതര സമ്പദ് വ്യവസ്ഥ 2.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി പ്രവചിക്കുന്നത്.

ഈജിപ്ത് പിന്നോട്ട്

പുതിയ ഓര്‍ഡറുകളും ഉല്‍പ്പാദനവും ദുര്‍ബലപ്പെട്ടതോടെ ഈജിപ്തിലെ സ്വകാര്യമേഖലയുടെ ക്രയവിക്രയങ്ങളില്‍ കഴിഞ്ഞ മാസം ഇടിവുണ്ടായി. രാജ്യത്തെ എണ്ണേതര സ്വകാര്യ മേഖലാ കമ്പനികള്‍ സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് പുതിയ സര്‍വെ ഫലം വ്യക്തമാക്കുന്നു.

എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ചാസൂചികയായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ പിഎംഐ മേയ് മാസത്തില്‍ 48.2 നിലവാരമാണ് ഈജിപ്തിന് നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഇത് 50.8 ആയിരുന്നു. ബിസിനസ് ആക്ടിവിറ്റികളിലുള്ള ശോഷണമാണ് 50ല്‍ കുറവുള്ള സൂചിക കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും ഉണ്ടായ തളര്‍ച്ചയാണ് 50ലും താഴെ നിലവാരത്തിലുള്ള പിഎംഐയിലേക്ക് ഈജിപ്തിനെ നയിച്ചതെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ മേന മേഖലയിലെ സാമ്പത്തിക വിദഗ്ധന്‍ ഡാനിയല്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. പുതിയ കയറ്റുമതി ഓര്‍ഡറുകളില്‍ വലിയ തോതിലുള്ള കുറവുണ്ടായി. രാജ്യത്തെ ടൂറിസം ആക്ടിവിറ്റിയിലും തളര്‍ച്ച ഉണ്ടായതായി ഡാനിയര്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് 12 ബില്യണ്‍ ഡോളര്‍ വായ്പയായി സ്വീകരിച്ച ഈജിപ്ത് അതിന്റെ ഭാഗമായി സാമ്പത്തിക ഏകീകരണം, ഊര്‍ജ സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍ തുടങ്ങി കര്‍ശനമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. 2016 നവംബറില്‍ ആരംഭിച്ച ഇത്തരം പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം നവംബറില്‍ അവസാനിക്കും.

വില്‍പ്പനത്തകര്‍ച്ചയും ഉപഭോഗത്തിലുള്ള കുറവും മൂലം കമ്പനികളില്‍ ഉല്‍പ്പാദനം കുറഞ്ഞു. മോശം വിപണി സാഹചര്യങ്ങളാണ് വില്‍പ്പനത്തകര്‍ച്ചയിലേക്കും പുതിയ ഓര്‍ഡറുകളുടെ എണ്ണത്തിലുള്ള കുറവിലേക്കും കമ്പനികളെ എത്തിച്ചത്. കഴിഞ്ഞ ഒമ്പത് മാസമായി പുതിയ ഓര്‍ഡറുകളില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നു. വിദേശ കരാറുകളുടെ എണ്ണത്തിലും വലിയ തോതിലുള്ള കുറവ് നേരിടുന്നതായി കമ്പനികള്‍ അറിയിച്ചു.

കര്‍ശനമായ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ പൂര്‍ത്തിയാകും വരെ ഈജിപ്തിലെ സ്വകാര്യമേഖല അതിന്റെ സമ്മര്‍ദ്ദം താങ്ങേണ്ടതായി വരും. പുതിയ സബ്‌സിഡി പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ ഊര്‍ജ, ഇന്ധന വിലകള്‍ വര്‍ധിച്ചേക്കും. ഇത് സ്വകാര്യകമ്പനികള്‍ക്ക് ഇരുട്ടടിയേകും.

Comments

comments

Categories: Arabia
Tags: Oil, Soudi-UAE

Related Articles