ഷാംഗ്ഹായ് ഉച്ചകോടിയുടെ പ്രതീക്ഷ

ഷാംഗ്ഹായ് ഉച്ചകോടിയുടെ പ്രതീക്ഷ

ഷാംഗ്ഹായ് ഉച്ചകോടിയുടെ ഭാഗമായി മോദിയും ഷി ജിന്‍പിംഗും കൂടിക്കാഴ്ച്ച നടത്താനിരിക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായുള്ള മുന്നേറ്റം പ്രതീക്ഷിക്കേണ്ടതുണ്ടോ?

ഈ വരുന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായാണ് ബിഷ്‌കെക്കില്‍ ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്‌സിഒ) ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച്ച നടത്തുന്നുമുണ്ട്. ഇരുനേതാക്കളെയും മികച്ച സുഹൃത്തുക്കള്‍ എന്നാണ് ചൈന ഇന്നലെ വിശേഷിപ്പിച്ചത്. യുഎസുമായി വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയായിരിക്കും ചൈന പ്രതീക്ഷിക്കുന്നത്.

താരിഫ് യുദ്ധത്തിന്റെ പരിണിതഫലമായി ചൈനയുടെ സമ്പദ് വ്യവസ്ഥ കടുത്ത ഭീഷണി നേരിടുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്തി അമേരിക്കയെ പ്രതിരോധിക്കാമെന്നാണ് ചൈനയുടെ ചിന്ത. അതിനാല്‍ തന്നെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് പ്രാധാന്യം ഏറുകയാണ്. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അമേരിക്കയെ വെറുപ്പിക്കാതെ ഷി ജിന്‍പിംഗിനെ കൈകാര്യം ചെയ്യുകയെന്നത് വെല്ലുവിളി ആയേക്കും. ഒരിക്കല്‍ കൂടി പ്രധാനമന്ത്രി മോദിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പ്രിസിഡന്റ് ഷിയും മോദിയും മികച്ച സുഹൃത്തുക്കളാണ്. പോയ വര്‍ഷം വുഹാനില്‍ ഇരുനോതാക്കളും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച്ച നടത്തിയിരുന്നു-ചൈനയുടെ ഉപ വിദേശകാര്യമന്ത്രി സാംഗ് ഹാന്‍ഹ്യുയ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്.

73 ദിവസം നീണ്ടുനിന്ന ദോക്ലാം തര്‍ക്കത്തിന് ശേഷം നടന്ന വുഹാന്‍ കൂടിക്കാഴ്ച്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെടുന്നതിന് വഴിവെച്ചത്. അതിനു ശേഷം വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ബോധപൂര്‍വം ശ്രമം നടത്തിയിട്ടുണ്ട്. ടിബറ്റന്‍ വിഷയത്തിലും മറ്റും ഇന്ത്യ നയതന്ത്രപരമായ സമീപനം കൈക്കൊണ്ടതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നു വേണം കരുതാന്‍. യുഎസ്-ചൈന വ്യാപാര യുദ്ധം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകുന്നതോടൊപ്പം തന്നെ അടുത്തിടെ ഇന്ത്യ-യുഎസ് വ്യാപാരബന്ധത്തിലുണ്ടാകുന്ന വിള്ളലുകളും വിഷയമാകും. ഈ വിള്ളലുകളെ ചൈനയ്ക്ക് അനുകൂലമാക്കിയെടുക്കാം എന്ന വ്യാമോഹവും ഷി ജിന്‍പിംഗിനുണ്ട്.

അതേസമയം പാക്കിസ്ഥാനോടുള്ള ചൈനീസ് സമീപനത്തില്‍ മാറ്റമൊന്നുമുണ്ടാകുന്നില്ലെന്നതും ഇതിനോടപ്പം വായിക്കേണ്ടതുണ്ട്. എസ്‌സിഒ ഉച്ചകോടിയില്‍ ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെ ഉന്നമിടരുതെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടുകഴിഞ്ഞു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്രഫോറങ്ങളില്‍ നിലപാട് കടുപ്പിക്കുന്ന സമീപനമാണ് മോദി അടുത്തിടെയായി കൈക്കൊള്ളുന്നത്. രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി നടത്തിയ ആദ്യവിദേശ സന്ദര്‍ശനം മാലദ്വീപിലേക്കായിരുന്നു. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന ചിലരാജ്യങ്ങളുടെ നടപടികളാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് മോദി മാലദ്വീപില്‍ പറഞ്ഞത്. പാക്കിസ്ഥാനെ പരമാര്‍ശിക്കാതെ അവര്‍ക്കെതിരെ ശക്തമായ വിമര്‍ശനമായിരുന്നു പ്രധാനമന്ത്രി നടത്തിയത്. സമാനമായ പ്രസ്താവന ബിഷ്‌കെക്കിലും അദ്ദേഹം ആവര്‍ത്തിക്കുമോയെന്ന ഭയത്തിലാണ് ചൈനയുടെ മുന്‍കൂര്‍ നിര്‍ദേശം വന്നിരിക്കുന്നത്. ഭീകരതയുടെ കാര്യത്തില്‍ പാക്കിസ്ഥാനെ സംരക്ഷിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ച് പോരുന്നത്. പാക്കിസ്ഥാനും ഭീകരതയുടെ ഇരകളാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇന്ത്യ എന്ത് പറയേണ്ടതുണ്ടെന്ന് ചൈന തീരുമാനിക്കേണ്ടതില്ല. ഇന്ത്യക്കെതിരെ നടത്തുന്ന പരോക്ഷവും പ്രത്യക്ഷവുമായ യുദ്ധത്തിന് എവിടെനിന്നെല്ലാം ആരുടെയെല്ലാം പിന്തുണ ലഭിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് ന്യൂഡെല്‍ഹിക്ക് വ്യക്തമായ ധാരണയുണ്ട്. ചൈനയുടെ ദീര്‍ഘകാല ലക്ഷ്യമെന്താണ് എന്നതിനെക്കുറിച്ച് സ്പഷ്ടമായ ബോധ്യവുമുണ്ട്.

Categories: Editorial, Slider