ടെക് കമ്പനികള്‍ക്കായി ഒരുങ്ങുന്നു ലോബിയിംഗ് ഗ്രൂപ്പ്

ടെക് കമ്പനികള്‍ക്കായി ഒരുങ്ങുന്നു ലോബിയിംഗ് ഗ്രൂപ്പ്

ഫേസ്ബുക്കിനും, ഗൂഗിളിനും ഇന്റര്‍നെറ്റിലുള്ള ആധിപത്യം വര്‍ധിച്ചുവരികയാണ്. ഇന്ന് വെബ് സെര്‍ച്ച് ട്രാഫിക്കിന്റെ 90 ശതമാനവും ഗൂഗിളിനുണ്ട്. അമേരിക്കയില്‍ ഡിജിറ്റല്‍ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയില്‍ മൂന്നില്‍ രണ്ടും ഗൂഗിളിലും ഫേസ്ബുക്കിലുമാണ്. ഇ-കൊമേഴ്‌സിന്റെ കാര്യമെടുത്താല്‍ ഒന്നാം സ്ഥാനത്തുള്ളത് ആമസോണാണ്. വിപണിയില്‍ ഇവര്‍ ആസ്വദിക്കുന്ന ആധിപത്യം ദുരുപയോഗം ചെയ്യുന്നതായി സമീപകാല സംഭവങ്ങളിലൂടെ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ടെക് ഭീമന്മാരെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണു അണിയറയില്‍ നടക്കുന്നത്.

ലോകം ഇന്ന് അടക്കി വാഴുന്നത് നാല് ടെക് ഭീമന്മാരാണ്. ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നവരാണ് ആ നാല് പേര്‍. ഓരോ പൗരന്മാരെക്കുറിച്ചും ഇന്ന് ഈ നാല് കമ്പനികളുടെ കൈവശമുള്ള അത്രയും വിവരങ്ങള്‍ ഒരു പക്ഷേ, സര്‍ക്കാരിന്റെ കൈവശം പോലും കാണുകയില്ല. ഗൂഗിളും, ഫേസ്ബുക്കും, ആമസോണും, ആപ്പിളും ഉപയോഗിക്കാതെ നമ്മളുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇത്തരത്തില്‍ നമ്മള്‍ ഈ കമ്പനികളുടെ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് നമ്മളുടെ നിരവധിയായ കാര്യങ്ങളെ കുറിച്ച് വിവരം ലഭിക്കുകയാണ്. ഈ വിവരം അഥവാ ഡാറ്റയാണ് അവരുടെ ശക്തി. ഈ ഡാറ്റ ഡിജിറ്റല്‍ വരുമാനത്തിനും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു വിപുലമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. ഹൗസ് ജുഡീഷ്യറി കമ്മിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ തുടങ്ങിയവരാണു ടെക് കമ്പനികള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലെ വലിയ ടെക് കമ്പനികള്‍ക്കെതിരേ താഴെ നിന്നും മുകളില്‍ വരെ (top-to-bottom) അന്വേഷണം നടത്തുമെന്നാണു യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിള്‍, ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണിക്കുമെന്നാണു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചിരിക്കുന്നത്. ആമസോണിനെതിരേ അന്വേഷണം നടത്താന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആമസോണിന്റെ ബിസിനസ് രീതികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അവരുടെ വിപണിയിലെ എതിരാളികളോട് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ശക്തി നിയന്ത്രിക്കാനുള്ള നിയമനിര്‍മാണത്തിന്റെയും (legislation), ആന്റി ട്രസ്റ്റ് ആക്ഷനുകളുടെയും (antitrust actions) വര്‍ധിച്ചു വരുന്ന സാധ്യതകളെ അഭിമുഖീകരിക്കാന്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ എന്നീ നാല് വലിയ ടെക്‌നോളജി കമ്പനികള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ലോബിയിംഗ് സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെട്ട വലിയ സൈന്യത്തെ തന്നെ സജ്ജമാക്കുകയാണ്. ബിസിനസ് സ്ഥാപനങ്ങള്‍ സ്വേച്ഛാധിപത്യ പ്രവണതകള്‍ പിന്തുടരുന്നുണ്ടോ, ആരോഗ്യകരമായ വിപണി മത്സരത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നൊക്കെ അറിയാനായി നടത്തുന്ന അന്വേഷണത്തെയാണു പൊതുവേ ആന്റി ട്രസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ എന്നു വിളിക്കുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും, ആമസോണും, ആപ്പിളും പോലെയുള്ള കമ്പനികള്‍ അവര്‍ക്കു ഭീഷണിയാകുമെന്നു കരുതുന്നവയെ ആരംഭത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നതായി ആരോപണമുയരുന്ന സാഹചര്യമുണ്ട്്. ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആന്റി ട്രസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നത്. വാഷിംഗ്ടണില്‍ (അമേരിക്കയുടെ ഭരണസിരാകേന്ദ്രം) ടെക് ഭീമന്മാരായ ആമസോണും, ആപ്പിളും, ഫേസ്ബുക്കും, ഗൂഗിളും അവരുടെ സാന്നിധ്യം അറിയിക്കുന്നതിനോ, വികസിപ്പിച്ചെടുക്കുന്നതിനോ ഇത്രയും കാലം ശ്രമിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്തു വാഷിംഗ്ടണിലെ ഏറ്റവും വലിയ സ്വാധീനശക്തിയുള്ളവരായി ഇവര്‍ മാറിയിരിക്കുകയാണ്. കാരണം ട്രംപ് ഭരണകൂടത്തില്‍നിന്നും, യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളില്‍നിന്നും ഭീഷണി നേരിടാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു മുന്‍കരുതലെന്ന നിലയില്‍ ലോബിയിംഗ് ഗ്രൂപ്പിനെ സജ്ജമാക്കുന്നത്.

ലോബിയിംഗിന് ചെലവഴിക്കുന്നത് ശതകോടികള്‍

ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ എന്നീ നാല് കമ്പനികള്‍ സംയുക്തമായി 2018-ല്‍ 55 മില്യന്‍ ഡോളര്‍ ലോബിയിംഗിനായി ചെലവഴിച്ചിരുന്നു.2016-ല്‍ ഇത് 27.4 മില്യന്‍ ഡോളറായിരുന്നെന്നു സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. ലോബിയിംഗ്, രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന (political contribution) എന്നിവ നിരീക്ഷിക്കുന്ന സമിതിയാണ് സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സ്. അധികാരകേന്ദ്രങ്ങളെ എന്നും ലോബിയിംഗിലൂടെ കൈകാര്യം ചെയ്തിരുന്നത് പ്രതിരോധ, ഓട്ടോമൊബൈല്‍, ബാങ്കിംഗ് രംഗത്തെ പ്രമുഖരായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം ഇപ്പോള്‍ എത്തിയിരിക്കുകയാണു ടെക്‌നോളജി കമ്പനികളുമെന്നു സമീപകാലത്തു ചെലവഴിച്ച തുകയെ അടിസ്ഥാനമാക്കി നിരീക്ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ അല്ലെങ്കില്‍ നിയമനിര്‍മാതാക്കളുടെ പ്രവര്‍ത്തനങ്ങളെ, നയങ്ങളെ, തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇന്ന് ലോബിയിസ്റ്റുകളുണ്ട്. ഇവര്‍ റെഗുലേഷന്‍ വിഭാഗത്തെ അഥവാ നിയന്ത്രണാധികാരമുള്ള സമിതിയെ സ്വാധീനിക്കുന്നത് പതിവ് കാഴ്ചയുമാണ്. ഇപ്പോള്‍ ആമസോണും, ആപ്പിളും, ഗൂഗിളും ഫേസ്ബുക്കും ചെയ്യുന്നതും

മറ്റൊന്നല്ല. അവര്‍ വൈറ്റ് ഹൗസുമായും, റെഗുലേറ്ററി ഏജന്‍സികളുമായും, അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടിയംഗങ്ങളുമായും ശക്തമായ ബന്ധമുള്ള ലോബിയിസ്റ്റുകളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ നാല് കമ്പനികള്‍ക്കു വേണ്ടി ലോബിയിംഗ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തത് 238 കമ്പനികളാണ്. നിയമകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇൗ 238 സ്ഥാപനങ്ങളിലുമുള്ള 75 ശതമാനം പേരും സര്‍ക്കാരിലോ, രാഷ്ട്രീയ പ്രചരണങ്ങളിലോ നേരത്തേ പ്രവര്‍ത്തിച്ചിരുന്നവരുമാണ്.

സ്വാധീനം ചെലുത്തല്‍ പല വിധത്തില്‍

സര്‍ക്കാരിലോ, റെഗുലേറ്ററി ഏജന്‍സികളിലോ ലോബിയിംഗിന്റെ ഭാഗമായി സ്വാധീനം ചെലുത്തുന്നത് പല വിധത്തിലാണ്. പരസ്യം, തിങ്ക്-ടാങ്ക് റിസര്‍ച്ചിനു വേണ്ടി ഫണ്ടിംഗ് നടത്തല്‍, യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിലെ അംഗങ്ങളുമായി സൗഹൃദം സ്ഥാപിക്കല്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രദ്ധയാകര്‍ഷിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവര്‍ക്കു വേണ്ടി ലോബിയിംഗ് നടത്തുന്ന ഗ്രൂപ്പായ ഇന്റര്‍നെറ്റ് അസോസിയേഷന്‍ കഴിഞ്ഞ മാസം വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസറും പ്രസിഡന്റ് ട്രംപിന്റെ മകളുമായ ഇവാന്‍ക ട്രംപിന് ഇന്റര്‍നെറ്റ് ഫ്രീഡം അവാര്‍ഡ് സമ്മാനിച്ചിരുന്നു.

ടെക് ഭീമന്മാരെ അലട്ടുന്ന ഘടകമെന്ത് ?

ടെക് ഭീമന്മാര്‍ക്കെതിരേ ആന്റി ട്രസ്റ്റ് അന്വേഷണം നടത്തുമെന്നു കഴിഞ്ഞയാഴ്ച യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കും, ഗൂഗിളും, ആപ്പിളും, ആമസോണും അവരുടെ വിപണിയിലുള്ള ശക്തി ഉപയോഗിച്ച് എതിരാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ദോഷം ചെയ്യുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ചും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയുണ്ടായി. അനഭിലഷണീയമായ, ഏതാനും ചിലരുടെ കൈകളില്‍ മാത്രം സമ്പത്ത് എത്തിച്ചേരുന്ന സാഹചര്യം ജനാധിപത്യത്തിന് അപകടകരമാണെന്ന് അന്വേഷണത്തിന് ഉത്തരവിട്ട വാര്‍ത്ത പുറത്തുവന്നതിനു ശേഷം ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി ട്വീറ്റ് ചെയ്യുകയുണ്ടായി.

ടെക് ഭീമന്മാരുടെ പ്രതിസന്ധി പബ്ലിക് റിലേഷന്‍സ് രംഗത്തുള്ളവര്‍ക്കു നല്ലകാലം

ടെക് ഭീമന്മാരുടെ പ്രതിസന്ധിയിലൂടെ അഭിഭാഷകര്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും, പബ്ലിക് റിലേഷന്‍സ് വിദഗ്ധര്‍ക്കും നല്ലകാലമാണു വരാനിരിക്കുന്നത്. കാരണം, സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന നിയമപ്രശ്‌നത്തില്‍നിന്നും ഒഴിവാകാനും, പൊതുയിടത്തില്‍ സംഭവിക്കുന്ന പ്രതിച്ഛായ നഷ്ടം നികത്താനും ടെക് കമ്പനികള്‍ക്ക് അഭിഭാഷകരെയും, പ്രതിച്ഛായ നിര്‍മാതാക്കളെയും ആവശ്യമായി വരുമെന്ന കാര്യം ഉറപ്പ്. ഇപ്പോള്‍ ഫേസ്ബുക്ക് കൂലി നല്‍കുന്ന ലോബിയിസ്റ്റുകളില്‍ രണ്ട് പേര്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്കു വേണ്ടി ജോലി ചെയ്തിട്ടുള്ളവരാണ്. അവരില്‍ ഒരാള്‍ നാന്‍സിയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് കാതലിന്‍ ഒ നീലാണ്. കാതലിന്‍ ഇപ്പോള്‍ യുഎസ് പബ്ലിക് പോളിസി ഫോര്‍ ദ സോഷ്യല്‍ മീഡിയ കമ്പനിയുടെ ഡയറക്ടറുമാണ്. 2018-ല്‍ റീ-ഇലക്ഷന്‍ ക്യാംപെയ്‌നിംഗിനായി നാന്‍സി പെലോസിക്ക്, ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിളിന്റെ ആല്‍ഫബെറ്റ് എന്നീ കമ്പനികളിലെ ജീവനക്കാര്‍, പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്നിവിടങ്ങളില്‍നിന്നായി 43000 ഡോളര്‍ സംഭാവനയായി ലഭിച്ചിരുന്നു. ആദ്യമൊക്കെ ടെക് കമ്പനികള്‍ക്കു വേണ്ടി അനുകൂലമായി വാദിച്ചിരുന്ന വ്യക്തിയാണു നാന്‍സി പെലോസി. എന്നാല്‍ കുറച്ചു മാസങ്ങളായി അവര്‍ ടെക് വ്യവസായത്തെ പിന്തുണയ്ക്കുന്നില്ല.

Comments

comments

Categories: Top Stories