സാമ്പത്തിക വളര്‍ച്ചക്കും തൊഴിലിനും പ്രാമുഖ്യം ലഭിക്കും

സാമ്പത്തിക വളര്‍ച്ചക്കും തൊഴിലിനും പ്രാമുഖ്യം ലഭിക്കും

വ്യവസായ പ്രതിനിധികളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ ഗതി വീണ്ടെടുക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ബജറ്റില്‍ പ്രാധാന്യം നല്‍കേണ്ട പദ്ധതികളെപ്പറ്റി നിര്‍ദേശങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. വിദഗ്ധര്‍, വ്യവസായികള്‍, അതാതുമേഖലയിലെ പൗരന്‍മാര്‍ എന്നിവര്‍ക്ക് ഈ വിഷയത്തില്‍ ധനകാര്യ മന്ത്രാലയത്തിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അഭിപ്രായങ്ങളറിയിക്കാവുന്നതാണ്. സാമ്പത്തികം, തൊഴില്‍ എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച രണ്ട് കാബിനറ്റ് കമ്മിറ്റികള്‍ക്ക് പ്രധാനമന്ത്രി രൂപം നല്‍കുകയുണ്ടായി. ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഗ്രോത്ത് കാബിനറ്റ് കമ്മിറ്റി സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാനസൗകര്യം, കൃഷി തുടങ്ങിയ പ്രധാന സാമ്പത്തിക മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കൈക്കൊളേണ്ട നടപടികളുമാണ് നിര്‍ദേശിക്കുക. പത്തംഗങ്ങളടക്കിയ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌കില്‍ സമിതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ തേടും.

അടുത്ത മാസം അഞ്ചിന് അവതരിപ്പിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍, 2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും ഭവനം, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ ലക്ഷ്യങ്ങള്‍ക്കായി കൂടുതല്‍ തുക വകയിരുത്തുന്നതിനാകും പിഎംഒ പ്രത്യേക പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങളിലും വരുമാനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് മാന്ദ്യത്തെ മറികടക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കല്‍, താങ്ങുവില പദ്ധതി, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴിലുള്ള ഭക്ഷ്യ സബ്‌സിഡി, സാമ്പത്തിക സ്ഥാപനങ്ങളിലെ നിക്ഷേപം, റോഡ്, റെയ്ല്‍വേ എന്നിവയുടെ നിര്‍മാണം, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശം തേടുന്നുണ്ട്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാജ്യത്തെ മുന്‍നിര വ്യവസായ സംഘടനകളായ സിഐഐ, ഫിക്കി, അസോചം എന്നിവയുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 20 ന് മുന്‍പായി പൗരന്‍മാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും.

Categories: FK News, Slider