ബിഎംഡബ്ല്യു, ജെഎല്‍ആര്‍ ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കും

ബിഎംഡബ്ല്യു, ജെഎല്‍ആര്‍ ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കും

ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുവേണ്ട ഇലക്ട്രിക് ഡ്രൈവ് സിസ്റ്റങ്ങള്‍ ഇരു കമ്പനികളും ചേര്‍ന്ന് വികസിപ്പിക്കും

മ്യൂണിക്ക് : ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുവേണ്ട പുതു തലമുറ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു സഹകരിക്കും. ഇഡിയു അഥവാ ഇലക്ട്രിക് ഡ്രൈവ് സിസ്റ്റങ്ങളാണ് ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്നത്. കരാറിന്റെ സാമ്പത്തിക വശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗവേഷണം, വികസനം, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഇരു കമ്പനികളും സംയുക്ത നിക്ഷേപം നടത്തും. സഖ്യം എപ്പോള്‍ ഫലം കണ്ടുതുടങ്ങുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കുന്നില്ല. എന്നാല്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാം.

സാമ്പത്തിക വര്‍ഷത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 3.6 ബില്യണ്‍ പൗണ്ട് (31,654 കോടി ഇന്ത്യന്‍ രൂപ) നഷ്ടം നേരിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ച്ചകള്‍ക്കകമാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ജെഎല്‍ആറിനെ പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന കിംവദന്തികള്‍ ധാരാളമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പുതിയ സഹകരണത്തിലൂടെ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ജെഎല്‍ആര്‍, ബിഎംഡബ്ല്യു പ്രതീക്ഷിക്കുന്നത്.

ഇഡിയുകള്‍ വികസിപ്പിക്കുന്നതിന് ബിഎംഡബ്ല്യുവിന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു ഒരുമിച്ച് പ്രവര്‍ത്തിക്കും. തുടര്‍ന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും ബിഎംഡബ്ല്യുവും അവരുടേതായ പ്ലാന്റുകളില്‍ ഇഡിയുകള്‍ നിര്‍മ്മിക്കും. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണിലെ എന്‍ജിന്‍ നിര്‍മ്മാണ കേന്ദ്രത്തിലായിരിക്കും തങ്ങള്‍ക്ക് ആവശ്യമായ ഇലക്ട്രിക് ഡ്രൈവ് സിസ്റ്റങ്ങള്‍ ജെഎല്‍ആര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ബിഎംഡബ്ല്യു ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് വിവിധ വാഹന നിര്‍മ്മാതാക്കള്‍. വാഹന വ്യവസായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സഖ്യങ്ങളില്‍ ഒടുവിലത്തേതാണ് ജെഎല്‍ആര്‍-ബിഎംഡബ്ല്യു സഖ്യം. ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയനില്‍ 500 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുകയാണെന്ന് ഫോഡ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1994 ല്‍ ലാന്‍ഡ് റോവറിനെ ബിഎംഡബ്ല്യു വാങ്ങിയിരുന്നു. എന്നാല്‍ വേണ്ടത്ര വിജയം കൈവരിക്കാന്‍ കഴിയാതെ വന്നതോടെ 2000 ല്‍ ഫോഡിന് വിറ്റു. പിന്നീട് 2008 ല്‍ ടാറ്റ മോട്ടോഴ്‌സാണ് ഫോഡില്‍നിന്ന് ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് വാങ്ങിയത്.

Comments

comments

Categories: Auto