വന്‍കിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇളവിന് സാധ്യതയില്ല

വന്‍കിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇളവിന് സാധ്യതയില്ല
  • ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഉയര്‍ത്തിയേക്കും
  • നിലവില്‍ ഒരു ലക്ഷം രൂപയിലധികമുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 10% ആണ് നികുതി

ന്യൂഡെല്‍ഹി: നടക്കാനിരിക്കുന്ന സമ്പൂര്‍ണ ബജറ്റവതരണത്തില്‍ വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തയാറായേക്കില്ലെന്ന് സൂചന. ദീര്‍ഘകാല മൂലധന നേട്ടത്തിന് ചുമത്തുന്ന നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രകടന പത്രികയിലെ അധിക ചെലവിടല്‍ വാഗ്ദാനങ്ങളും വരുമാനത്തിലെ അഭാവവും പരിഗണിച്ച് നികുതി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായേക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പുതിയ സ്രോതസ്സുകളിലൂടെയും നിലവിലുള്ളവയില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം നേടുന്നതിനുള്ള മാര്‍ഗങ്ങളാണ് മോദി സര്‍ക്കാര്‍ തേടുന്നത്.

ഒരു വര്‍ഷത്തിലേറെ കാലം കൈവശം വെച്ച ഓഹരികള്‍ വില്‍ക്കുന്ന സമയത്ത് കിട്ടുന്ന മൂലധന നേട്ടത്തിന് നികുതി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയിലധികമുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നിലവില്‍ പത്ത് ശതമാനമാണ് നികുതി.

പിഎം കിസാന്‍ സ്‌കീമിനും വ്യാപാരികള്‍ക്കുള്ള പെന്‍ഷന്‍ സ്‌കീമിനും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിനുള്ള സ്രോതസ്സുകള്‍ മോദി സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട നികുതിദായകര്‍ക്കുള്ള ഇളവ് നല്‍കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താല്‍ സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടതായി വരും.

ജൂലൈ ആദ്യ വാരമാണ് നിര്‍മല സീതാരാമന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക വളര്‍ച്ചാ വേഗം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും ഇതോടെ തുടക്കം കുറിക്കും. നൈപുണ്യ വികസനത്തിനും തൊഴില്‍ വളര്‍ച്ചയ്ക്കുമായുള്ള പുതിയ സ്‌കീമിന് ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗങ്ങളും ധനമന്ത്രി കണ്ടുപിടിക്കണം. രണ്ടാം വരവില്‍ മോദി സര്‍ക്കാര്‍ പ്രഥമ പരിഗണ നല്‍കിയിട്ടുള്ള മേഖലകളാണിത്.

രാജ്യത്ത് നിക്ഷേപവും വളര്‍ച്ചയും തൊഴിലും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച രണ്ട് സമിതികളിലും നിര്‍മല സീതാരാമന്‍ അംഗമാണ്. 2015-2016 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയാണ് കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയത്.

2016-2017ലെ ബജറ്റില്‍ അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 29 ശതമാനമായും പുതിയ മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്ക് 25 ശതമാനമായും കുറച്ചിരുന്നു. 2017-2018ലെ ബജറ്റില്‍ 50 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കും 25 ശതമാനം കോര്‍പ്പറേറ്റ് നികുതി ആനുകൂല്യം നല്‍കി. 2018-2019ലെ ബജറ്റില്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളിലേക്ക് കൂടി ഈ ആനുകൂല്യം എത്തിച്ചു.

റിട്ടേണ്‍ സമര്‍പ്പിക്കുന്ന എട്ട് ലക്ഷം കമ്പനികള്‍ക്കാണ് ഈ നികുതി ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ സിംഹഭഗവും സംഭാവന ചെയ്യുന്ന 250 കോടി രൂപയിലധികം വിറ്റുവരവുള്ള ഏകദേശം 7,000 കമ്പനികളാണ് ഇനി 30 ശതമാനം നികുതി പരിധിയില്‍ ഉള്ളത്. ഈ കമ്പനികള്‍ക്ക് കൂടി നികുതി ഇളവ് പ്രഖ്യാപിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. ശക്തമായ നികുതി വെട്ടിപ്പ് നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ നിര്‍ണായകസന്ധിയില്‍ വന്‍കിട കമ്പനികളെ കൂടി കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഇടമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News