കാന്‍സര്‍ മരണങ്ങള്‍ കുറയുന്നു

കാന്‍സര്‍ മരണങ്ങള്‍ കുറയുന്നു

അമേരിക്കന്‍ കാന്‍സര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം കാന്‍സര്‍ മരണങ്ങളുടെ എണ്ണം താഴേക്കു വന്നു കൊണ്ടിരിക്കുകയാണ്

യുഎസില്‍ മൊത്തത്തിലുള്ള അര്‍ബുദ മരണനിരക്കില്‍ കാര്യമായ കുറവ് സംഭവിച്ചതായി പഠനറിപ്പോര്‍ട്ട്. 1999- 2010 കാലയളവില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലെ അര്‍ബുദ മരണനിരക്ക് കുറഞ്ഞതായി ഏറ്റവും പുതിയ അമേരിക്കന്‍ കാന്‍സര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി), ദി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (എസിഎസ്), നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ കാന്‍സര്‍ രജിസ്ട്രീസ് (എന്‍എഎസിസിആര്‍) എന്നിവരെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിരിക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ളവരുടെ 2011മുതല്‍ 2015 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചപ്പോള്‍, സ്ത്രീകളേക്കാള്‍ 1.2 മടങ്ങ് കൂടുതലാണ് പുരുഷന്മാരിലെ രോഗബാധയെന്നു മനസിലാക്കാനായി. 2012-2016 കാലയളവില്‍ കാന്‍സര്‍രോഗികളായ പുരുഷന്മാരിലെ മൊത്തം മരണ നിരക്ക് സ്ത്രീകളുടെതിനേക്കാള്‍ 1.4 ഇരട്ടിയാണ്. വിവിധ പ്രായത്തിലുള്ള രോഗബാധിതരുടെ എണ്ണത്തിലും വ്യത്യാസം കാണാം. എങ്കിലും ഇതും പ്രത്യാശ നല്‍കുന്ന കണക്കാണ് നല്‍കുന്നത്. ഉദാഹരണത്തിന്, 20-49 പ്രായപരിധിയിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തില്‍ കാര്യമായ വ്യത്യാസം രേഖപ്പെടുത്തിയിട്ടില്ല. ഇത് കാന്‍സര്‍ നിരക്കിനെ മുഴുവനായും പ്രതിഫലിപ്പിക്കാത്ത വ്യതിയാനമാണെന്നു കാണാം.

ഈ പ്രായത്തിലുള്ളവരില്‍ സ്ത്രീകളിലെ കാന്‍സര്‍ നിരക്ക് വളരെ കൂടുതലാണ്. അതായത്, ലക്ഷത്തില്‍ 203.3 സ്ത്രീകളില്‍ രോഗബാധ കണ്ടെത്തിയപ്പോള്‍ പുരുഷന്‍മാരിലത് 115.3 എന്ന നിരക്കിലായിരുന്നു.

2012-2016 കാലയളവില്‍ സ്ത്രീകളുടെ വാര്‍ഷിക കാന്‍സര്‍ മരണനിരക്കും വളരെ കൂടുതലായിരുന്നു. ലക്ഷത്തില്‍ 27.1 എന്ന നിരക്കിലായിരുന്നു ഇത്. പുരുഷന്‍മാരുടെ മരണനിരക്ക് ലക്ഷത്തില്‍ 22.8 ശതമാനം എന്ന നിലയിലും. ഈ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത 20-49 പ്രായപരിധിയുള്ള സ്ത്രീകളില്‍ കാന്‍സര്‍ ബാധ വര്‍ധിച്ചുവെന്നതാണ്. സ്തനാര്‍ബുദമാണ് ഇതില്‍ ഒന്നാമത്. തൈറോയ്ഡ് കാന്‍സറും മെലനോമയുമാണ് സ്ത്രീകളെ രോഗികളാക്കുന്ന മറ്റു രണ്ടെണ്ണം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കുടല്‍, മലാശയം എന്നിവയെ ബാധിക്കുന്ന കൊളോറെക്റ്റല്‍ കാന്‍സറാണ് ഏറ്റവും സാധാരണമായത്.

എസിഎസ് പുറത്തുവിട്ട കണക്കുപ്രകാരം യുഎസിലെ പുരുഷന്‍മാരിലും സ്ത്രീകളിലും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത മൂന്നിലൊന്നാണ്. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറാണ് പ്രധാനപ്പെട്ട മറ്റൊരു കാന്‍സര്‍. ഇതു വരാനുള്ള സാധ്യത ഒമ്പതില്‍ ഒന്നാണ്. സ്ത്രീകളില്‍ സര്‍വ്വസാധാരണമായ സ്തനാര്‍ബുദത്തിന്റെ സാധ്യത എട്ടിലൊന്നും. കാന്‍സര്‍ പിടിപെടുന്നതില്‍ പ്രായം ഒരു പ്രധാനഘടകമാണെന്നു നിരീക്ഷിക്കപ്പെടുന്നു. 50 വയസ്സോ മുകളിലോ പ്രായമുള്ളവരില്‍ പത്തില്‍ ഏതാണ്ട് ഒമ്പത് പേര്‍ക്കും രോഗസാധ്യത കല്‍പ്പിക്കപ്പെടുന്നു. മിക്ക കാന്‍സര്‍ രോഗങ്ങള്‍ക്കും എളുപ്പത്തില്‍ ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന കാരണങ്ങളൊന്നുമുണ്ടാവില്ലെങ്കിലും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. പുകവലി, മദ്യപാനം, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിതോപയോഗം, ഉറക്കക്കുറവ് അങ്ങനെ പല ഘടകങ്ങളും ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

അര്‍ബുദം വരുത്തുന്നതില്‍ ജനിതക ഘടകങ്ങള്‍ക്ക് അഞ്ചു മുതല്‍ 10% പങ്കുണ്ട്. റേഡിയേഷനും ചില രാസവസ്തുക്കളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. അള്‍ട്രാവയലറ്റ് രശ്മികളുടെ അമിത സാന്നിധ്യം പോലുള്ള കാര്യങ്ങള്‍ വരെ കാന്‍സറിനു കാരണമാകാമെന്നു തെളിഞ്ഞിരിക്കുന്നു. ഇതൊക്കെയാണെങ്കിലും കാന്‍സര്‍ മരണനിരക്ക് തുടര്‍ച്ചയായി രാജ്യത്തു കുറഞ്ഞു വരുകയാണെന്നത് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2012- 16 കാലഘട്ടത്തില്‍ പുരുഷന്മാരുടെ മരണനിരക്കില്‍ പ്രതിവര്‍ഷം 1.8 ശതമാനത്തിന്റെ കുറവും സ്ത്രീകളുടേതില്‍ 1.4 ശതമാനത്തിന്റെ കുറവുമാണ് ഉണ്ടായിരിക്കുന്നത്. പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞതും അര്‍ബുദം നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നതുമാണ് മരണനിരക്കു കുറയാനുള്ള കാരണമായി പഠനത്തില്‍ പറയുന്നത്.

Comments

comments

Categories: Health
Tags: Cancer death