5 നഗരങ്ങളില്‍ കൂടി ബുള്ളറ്റ് ട്രെയ്‌നുകള്‍

5 നഗരങ്ങളില്‍ കൂടി ബുള്ളറ്റ് ട്രെയ്‌നുകള്‍
  • ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ മെട്രോ നഗരങ്ങള്‍ പരിഗണനയില്‍
  • മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി 2023 വരെ വൈകും
  • ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുമെന്ന് അന്താരാഷ്ട്ര ഹൈസ്പീഡ് റെയ്ല്‍ അസോസിയേഷന്‍

ന്യൂഡെല്‍ഹി: വികസന പാതയില്‍ അതിവേഗം മുന്നോട്ടു കുതിക്കാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് കൂടുതല്‍ പിന്തുണയുമായി ജപ്പാന്‍ എത്തുന്നു. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ ഇടനാഴി പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്തെ അഞ്ച് മെട്രോ നഗരങ്ങളില്‍ കൂടി ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി കൊണ്ടുവരാനാണ് ജപ്പാന്‍ സര്‍ക്കാരിന്റെ പരിപാടി. രാജ്യതലസ്ഥാനമായ ന്യൂഡെല്‍ഹിക്ക് പുറമെ കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ വന്‍ നഗരങ്ങളാണ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം മുംബൈ-അഹമ്മദാബാദ് റെയ്ല്‍ ഇടനാഴിയുടെ പണി പ്രതീക്ഷിച്ച സമയത്ത് തീരില്ലെന്ന് ഉറപ്പായെങ്കിലും മറ്റ് പദ്ധതികളുമായി സജീവമായി മുന്നോട്ടു നീങ്ങാനാണ് ജപ്പാന്റെ തീരുമാനം. ജപ്പാന്റെ സാങ്കേതിക സഹകരണവും വായ്പയും ഉപയോഗിച്ച് വന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനും വിരോധമില്ല. തൊഴിലില്ലായ്മയുടെ പേരില്‍ ഏറെ പഴികേട്ട മോദി സര്‍ക്കാരിന് തൊഴിലുകള്‍ വര്‍ധിപ്പിക്കാനും സഹായകമാവുന്നതാണ് പദ്ധതികള്‍.

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഇടനാഴി, 2022 ല്‍ പണി പൂര്‍ത്തിയാക്കി പരീക്ഷണ ഓട്ടം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2023 ല്‍ മാത്രമേ പണി പൂര്‍ത്തിയാവുകയുള്ളെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും മറ്റ് അഞ്ച് സ്ഥലങ്ങളിലെ റെയ്ല്‍ പദ്ധതികളുടെ ഭാവിയെന്ന് ഇന്റര്‍നാഷണല്‍ ഹൈസ്പീഡ് റെയ്ല്‍ അസോസിയേഷന്റെ വൈസ് ചെയര്‍മാന്‍ ടോര്‍കെല്‍ പാറ്റേഴ്‌സണ്‍ പ്രതികരിച്ചു. ‘ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങളില്‍ കൂടി ഹൈ സ്പീഡ് റെയ്ല്‍ലേ കൊണ്ടുവരാനാണ് പരിപാടി. ഈ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ പ്ലാന്‍ സജ്ജമായിക്കഴിഞ്ഞു,’ പാറ്റേഴ്‌സണ്‍ പറഞ്ഞു. മുംബൈ-അഹമ്മദാബാദ് റെയ്ല്‍ ഇടനാഴി നിര്‍മിക്കുന്ന ജപ്പാന്‍ സ്വകാര്യ കമ്പനിയായ സെന്‍ട്രല്‍ ജപ്പാന്‍ റെയ്ല്‍ കമ്പനിയുടെ (ജെആര്‍-സെന്‍ട്രല്‍) ഡയറക്റ്റര്‍ കൂടിയാണ് പാറ്റേഴ്‌സണ്‍.

2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് നിര്‍മാണോത്ഘാടനം നടത്തിയ മുംബൈ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്ക് 12 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 505 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിലാണ് തടസങ്ങളുണ്ടായിരിക്കുന്നത്. ഭൂമി കൃത്യ സമയത്ത് ഏറ്റെടുത്തു കിട്ടാത്തത് പദ്ധതി വൈകാന്‍ കാരണമാകുമെന്നും ഭൂമി ലഭിച്ചതിനു ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷം വേണ്ടിവരുമെന്നും പാറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ജാപ്പനീസ് സാങ്കേതിക വിദ്യയായ ‘ഷിന്‍കാന്‍സെന്‍’ ഉപയോഗിച്ച് നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയ്‌നുകള്‍ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ ബുള്ളറ്റ് ട്രെയ്‌നുകള്‍ മാറ്റിമറിച്ചത് ഇന്ത്യയിലും പ്രകടമാവും. എല്ലായിടത്തും ഇത്തരം പദ്ധതികളുടെ ആവശ്യമില്ലെന്നും സാമ്പത്തിക കേന്ദ്രങ്ങള്‍ക്ക് സമീപമായിരിക്കണം ബുള്ളറ്റ് ട്രെയ്‌നുകള്‍ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Categories: FK News, Slider
Tags: bullet train