വാഹന നിര്‍മാണത്തിന് ബ്രേക്കിട്ട് ഓട്ടോ കമ്പനികള്‍

വാഹന നിര്‍മാണത്തിന് ബ്രേക്കിട്ട് ഓട്ടോ കമ്പനികള്‍
  • ജൂണ്‍ ആദ്യത്തിലെ കണക്ക് പ്രകാരം അര മില്യണിലധികം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിക്കാതെ കിടക്കുന്നത്
  • ഇരു ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ മൂന്ന് മില്യണിലധികം വാഹനങ്ങള്‍ വില്‍ക്കാതെ കിടപ്പുണ്ട്

ന്യൂഡെല്‍ഹി: നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ വിറ്റുപോകാത്തതിനെ തുടര്‍ന്ന് നടപ്പു പാദത്തില്‍ കുറച്ച് കാലത്തേക്ക് ഫാക്റ്ററികള്‍ അടച്ചുപൂട്ടുന്നതായി രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹന മാനുഫാക്ച്ചറിംഗ് കമ്പനികള്‍ അറിയിച്ചു. വിപണി ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ വിറ്റഴിക്കാതെ കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇത് കമ്പനികളെ സഹായിക്കും. എന്നാല്‍, ഉല്‍പ്പാദന, വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുകയെന്നത് ഓട്ടോമൊബീല്‍ വ്യവസായത്തെ സംബന്ധിച്ച് ശ്രമകരമായിരിക്കും.

ജൂണ്‍ ആദ്യത്തിലെ കണക്ക് പ്രകാരം ഏകദേശം 35,000 കോടി രൂപ വില വരുന്ന അര മില്യണിലധികം പാസഞ്ചര്‍ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ വിറ്റഴിക്കാനാകാതെ കിടക്കുന്നുണ്ട്. ഇരു ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ ഇത്തരത്തില്‍ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന മൂന്ന് മില്യണിലധികം വാഹനങ്ങളാണ് വില്‍പ്പന നടക്കാതെയുള്ളത്.

രാജ്യത്തെ മികച്ച പത്ത് പാസഞ്ചര്‍ നിര്‍മാണ കമ്പനികളില്‍ എഴ് കമ്പനികളാണ് മേയ്, ജൂണ്‍ മാസങ്ങളില്‍ ഫാക്റ്ററികള്‍ അടച്ചുപൂട്ടുന്നതായി അറിയിച്ചത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളാണ് ഫാക്റ്ററികളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തുന്നത്. ചില കമ്പനികള്‍ ഇതിനകം ഫാക്റ്ററികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. മറ്റ് കമ്പനികള്‍ വരും ദിവസങ്ങളില്‍ ഈ നടപടിയിലേക്ക് നീങ്ങും.

മേയിലെ ഉപഭോക്തൃ ആവശ്യകത അനുസരിച്ചുള്ള ഉല്‍പ്പാദനം തങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ ജൂണിലും തങ്ങള്‍ ചെയ്യുമെന്നും ടാറ്റ മോട്ടോഴ്‌സില്‍ നിന്നുള്ള പാസഞ്ചര്‍ വാഹന വിഭാഗം പ്രസിഡന്റ് മായാങ്ക് പരീഖ് പറഞ്ഞു. ഫാക്റ്ററികള്‍ അടച്ചുപൂട്ടുന്നത് മേയ്-ജൂണ്‍ കാലയളവിലെ ഓട്ടോമൊബീല്‍ മേഖലയിലെ ഉല്‍പ്പാദനത്തില്‍ 20-25 ശതമാനം ഇടിവുണ്ടാക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

നിര്‍മാണം കുറയുന്നത് ഫാക്റ്ററികളിലും ഡീലര്‍ഷിപ്പുകളിലും വിറ്റഴിക്കാനാകാതെ കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ കമ്പനികളെ സഹായിക്കും. സാധാരണയിലും 50 ശതമാനം അധികം വാഹനങ്ങള്‍ നടപ്പു പാദത്തില്‍ ഡീലര്‍ഷിപ്പുകളില്‍ വിറ്റഴിക്കാനാകാതെ കിടക്കുന്നുണ്ടെന്നാണ് വിവരം. വില്‍ക്കുന്നില്ലെങ്കിലും ഇവയ്ക്ക് കമ്പനികള്‍ ജിഎസ്ടി അടക്കണം.

മാരുതി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ കഴിഞ്ഞ നിരവധി ദിവസങ്ങളില്‍ ഫാക്റ്ററികള്‍ അടച്ചുപൂട്ടിയിരുന്നു. ഈ മാസം പത്ത് ദിവസം അറ്റകുറ്റപ്പണികള്‍ക്കായി ഫാക്റ്ററി അടച്ചുപൂട്ടുമെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യയും റെനോള്‍ട്ട് നിസ്സാന്‍ അലയന്‍സും സ്‌കോഡ ഓട്ടോയും അറിയിച്ചിട്ടുള്ളത്. ഫാക്റ്ററി അടച്ചുപൂട്ടാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ അഞ്ച് മുതല്‍ 13 ദിവസം മഹീന്ദ്ര വെഹിക്കിള്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റില്‍ നോ-പ്രൊഡക്ഷന്‍ ഡേ ആയിരിക്കുമെന്ന് മഹീന്ദ്ര ഓഹരി വിപണിയില്‍ അറിയിച്ചിട്ടുണ്ട്. വിപണി ആവശ്യകത നിറവേറ്റുന്നതിന് മതിയായ സ്റ്റോക് ഉണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മേയ് വരെയുള്ള ഏഴ് മാസകാലയളവില്‍ ഓരോ മാസവും പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. തൊഴില്‍ വളര്‍ച്ച കുറഞ്ഞതും ഇന്ധന വില വര്‍ധിച്ചതും എന്‍ബിഎഫ്‌സി മേഖലയിലെ പ്രതിസന്ധിയും ഉപഭോക്തൃ വികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് തെളിവാണിത്.

വാഹന വില്‍പ്പന വളര്‍ച്ച

മാസം പിവി ടൂ വിലേഴ്‌സ്
(%) (%)

ജനുവരി -1.9 -5.2

ഫെബ്രുവരി -1.1 -4.2

മാര്‍ച്ച് -3 -17.3

ഏപ്രില്‍ -17.1 -16.4

മേയ് -20.3 –

മൊത്ത -8.9 -11.3

ഫാക്റ്ററി അടച്ചുപൂട്ടല്‍

മാരുതി സുസുക്കി ജൂണ്‍ 23-ജൂണ്‍ 30

ഹോണ്ട കാര്‍സ് ജൂണ്‍ 5 – ജൂണ്‍ 8

ടാറ്റ മോട്ടോഴ്‌സ് മേയ് 27-ജൂണ്‍ 3

റെനോള്‍ട്ട് നിസ്സാന്‍ മാര്‍ച്ച് 26-ജൂണ്‍ 6

ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടേഴ്‌സ് ഇന്ത്യ ജൂണ്‍ 4- ജൂണ്‍ 11

Comments

comments

Categories: Auto