ആര്‍ട്ടിക്കില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് യാത്ര; റെക്കോര്‍ഡ് നേട്ടവുമായി ബജാജ് ഡോമിനര്‍

ആര്‍ട്ടിക്കില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് യാത്ര; റെക്കോര്‍ഡ് നേട്ടവുമായി ബജാജ് ഡോമിനര്‍

ദീപക് കാമത്ത്, പിഎസ് അവിനാശ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട മൂന്നംഗ സംഘമാണ് 51,000 കിലോമീറ്റര്‍ താണ്ടിയത്

ന്യൂഡെല്‍ഹി : പുതിയ ചരിത്രം രചിച്ച് ബജാജ് ഡോമിനര്‍. പോളാര്‍ ഒഡീസി വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളായി ബജാജ് ഡോമിനര്‍ മാറി. ആര്‍ട്ടിക് പ്രദേശത്തുനിന്ന് അന്റാര്‍ട്ടിക്കയിലേക്കായിരുന്നു സഞ്ചാരം. ദീപക് കാമത്ത്, പിഎസ് അവിനാശ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട മൂന്നംഗ സംഘമാണ് 99 ദിവസമെടുത്ത് 15 രാജ്യങ്ങള്‍ താണ്ടി യാത്ര പൂര്‍ത്തിയാക്കിയത്. ഓരോ ദിവസവും ശരാശരി 515 കിലോമീറ്റര്‍ എന്ന കണക്കില്‍ ആകെ 51,000 കിലോമീറ്ററാണ് ഇവര്‍ താണ്ടിയത്. ദീപക് കാമത്ത് ആയിരുന്നു ബജാജ് ഡോമിനര്‍ പോളാര്‍ ഒഡീസിയുടെ ടീം ലീഡര്‍.

ആര്‍ട്ടിക് വൃത്തത്തിലെ ആങ്കറേജില്‍നിന്ന് അര്‍ജന്റീനയിലെ ഉഷ്വായയിലേക്കാണ് പര്യടനം നടത്തിയത്. ആര്‍ട്ടിക് മേഖലയിലെ സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്ക് ബൈക്കുകള്‍ എത്തിച്ച് അവിടെനിന്ന് യാത്ര ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സാഹസിക പര്യടനം അന്റാര്‍ട്ടിക്കയില്‍ അവസാനിച്ചു. കാനഡ, യുഎസ്, മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, നിക്കരാഗ്വ, കോസ്റ്റാ റിക്ക, പാനമ, കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് മൂവര്‍ സംഘം കീഴടക്കിയത്.

ഭൂമിയില്‍ അതീവശ്രദ്ധ ആവശ്യമായ റോഡുകളിലൂടെ ഇതിനിടയില്‍ ഇവര്‍ കടന്നുപോയി. ആര്‍ട്ടിക് വൃത്തത്തില്‍ ഉള്‍പ്പെടുന്ന യുഎസ്സിലെ ജെയിംസ് ഡാല്‍ട്ടണ്‍ ഹൈവേ, കാനഡയിലെ ഡെംപ്സ്റ്റര്‍ ഹൈവേ, ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ പാന്‍-അമേരിക്കന്‍ ഭാഗം, ബൊളീവിയയിലെ ഡെത്ത് റോഡ് എന്നിവയെല്ലാം താണ്ടി. കനത്ത മഴയും മഞ്ഞും കൂടാതെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളും വലിയ വെല്ലുവിളി ഉയര്‍ത്തി. മൈനസ് 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അമേരിക്കയിലെ ഡെത്ത് വാലിയിലെ 54 ഡിഗ്രി ചൂട് വരെ അതിജീവിക്കേണ്ടിവന്നു. ഭൂമിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ഡെത്ത് വാലിയിലാണ്.

ബജാജ് ഡോമിനറിന്റെ നിര്‍മ്മാണ നിലവാരവും ടൂറിംഗ് ശേഷിയും തെളിയിക്കുന്നതായിരുന്നു 99 ദിവസത്തെ റൈഡ്. തകരാറുകളൊന്നും കൂടാതെയാണ് സാഹസിക യാത്ര പൂര്‍ത്തിയാക്കിയത്. മോട്ടോര്‍സൈക്കിളിന്റെ പ്രധാന പാര്‍ട്ടുകളൊന്നും മാറ്റിയിരുന്നില്ലെന്നും റൈഡര്‍മാര്‍ക്ക് പ്രത്യേക ആള്‍ സഹായം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍സ്-മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു. സാഹസിക പര്യടനത്തിനായി ബൈക്കുകള്‍ പരിഷ്‌കരിച്ചിരുന്നു. ബീക്ക് ഫ്രണ്ട് മഡ്ഗാര്‍ഡ്, വലിയ ഫ്‌ളൈ സ്‌ക്രീന്‍, പുതിയ സീറ്റുകള്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍, കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടയറുകള്‍, പാനിയറുകള്‍, ജെറി കാനുകള്‍ എന്നിവ നല്‍കി. എന്നാല്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയില്ല.

Comments

comments

Categories: Health