19 ലക്ഷം വില്‍പ്പന താണ്ടി മാരുതി സുസുകി ഡിസയര്‍

19 ലക്ഷം വില്‍പ്പന താണ്ടി മാരുതി സുസുകി ഡിസയര്‍

ഓരോ രണ്ട് മിനിറ്റിലും ഒരു പുതിയ ഡിസയര്‍ വിറ്റുപോകുന്നു

ന്യൂഡെല്‍ഹി : മാരുതി സുസുകി ഇതുവരെയായി ഇന്ത്യയില്‍ വിറ്റത് പത്തൊമ്പത് ലക്ഷം ഡിസയര്‍ കാറുകള്‍. 2008 ല്‍ ആദ്യമായി വിപണിയിലെത്തിച്ച ഡിസയറിന്റെ 19 ലക്ഷം യൂണിറ്റ് വിറ്റുപോയതായി മാരുതി സുസുകി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ടോപ് 10 വില്‍പ്പന പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ഈ കോംപാക്റ്റ് സെഡാന്‍. ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടാന്‍ കഴിഞ്ഞതാണ് കാറിന് നേട്ടമായത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷത്തിലധികം ഡിസയറാണ് മാരുതി സുസുകി വിറ്റത്. പ്രതിമാസം ശരാശരി 21,000 യൂണിറ്റ് വില്‍പ്പന. ഇങ്ങനെയാണ് ജനപ്രീതി എന്നിരിക്കേ, കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ 55 ശതമാനമാണ് ഡിസയറിന്റെ വിപണി വിഹിതം. ഓരോ രണ്ട് മിനിറ്റിലും ഒരു പുതിയ ഡിസയര്‍ വില്‍ക്കുന്നു.

മാരുതി സുസുകിയുടെ വില്‍പ്പനയില്‍ ഡിസയര്‍ എന്ന ബ്രാന്‍ഡ് വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് വില്‍പ്പന, വിപണന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഡിസയര്‍ പുറത്തിറക്കിയതിലൂടെ കോംപാക്റ്റ് സെഡാന്‍ എന്ന സെഗ്‌മെന്റിന് തുടക്കമിട്ടവരാണ് മാരുതി സുസുകി. മൂന്നാം തലമുറ മോഡല്‍ വിപണിയിലെത്തിച്ചശേഷം വില്‍പ്പന ഏതാണ്ട് 20 ശതമാനം വര്‍ധിച്ചതായി അദ്ദേഹം അറിയിച്ചു. പുതിയ ഡിസയര്‍ ഉപയോക്താക്കളില്‍ പകുതിയോളം പേര്‍ ആദ്യമായി കാര്‍ വാങ്ങുന്നവരാണ്.

75 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 83 എച്ച്പി പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്നിവയാണ് മാരുതി സുസുകി ഡിസയറിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

5.70 ലക്ഷം (എല്‍എക്‌സ്‌ഐ വേരിയന്റ്) മുതല്‍ 9.54 ലക്ഷം രൂപ (ഇസഡ്ഡിഐ പ്ലസ് എജിഎസ് വേരിയന്റ്) വരെയാണ് ഡിസയറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. മാരുതി സുസുകിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെയാണ് വില്‍പ്പന. ഹോണ്ട അമേസ്, ഫോഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ, ഹ്യുണ്ടായ് എക്‌സെന്റ് എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto