റിപ്പോ നിരക്ക് കുറയുമ്പോള്‍ നേട്ടമുണ്ടാക്കാന്‍ എന്‍ആര്‍ഐ ലോകവും

റിപ്പോ നിരക്ക് കുറയുമ്പോള്‍ നേട്ടമുണ്ടാക്കാന്‍ എന്‍ആര്‍ഐ ലോകവും

നിക്ഷേപങ്ങള്‍ കൂടും. പ്രതീക്ഷയോടെ ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് വിപണി

വളര്‍ച്ചയും വികസനവും സാധ്യമാക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നത്. മോദിയുടെ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി നാളുകള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ട ആര്‍ബിഐയുടെ പുതിയ വായ്പാനയം ഇക്കാര്യം ശരിവെക്കുന്നതാണ്. നേരത്തെ ആറ് ശതമാനം ആയിരുന്ന റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.75 ആക്കാനുള്ള ആര്‍ബിഐ തീരുമാനം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കും.

കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന, ഓരോ രണ്ടുമാസവും കൂടുമ്പോള്‍ നടത്താറുള്ള സാമ്പത്തിക അവലോകന യോഗത്തില്‍ ആര്‍ബിഐ തങ്ങളുടെ സാമ്പത്തിക നയം സമ്പദ് വ്യവസ്ഥയിലേക്ക് പണമൊഴുക്ക് കൂട്ടുന്നതിനെ പിന്തുണയ്ക്കുന്നതാക്കി മാറ്റാനും തീരുമാനമെടുത്തിട്ടുണ്ട്. മുമ്പ് പലിശ നിരക്കുകള്‍ കുറച്ചതിന് ശേഷവും പണപ്പെരുപ്പം പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ താഴ്ന്ന നിലയിലാണ് കിടന്നിരുന്നതെന്ന് ആര്‍ബിഐ വിലയിരുത്തി. ഉപഭോക്തൃ ആവശ്യത്തിലും നിക്ഷേപങ്ങളിലും സംഭവിച്ച് കൊണ്ടിരിക്കുന്ന വലിയ ഇടിവില്‍ ആര്‍ബിഐ ആശങ്ക രേഖപ്പെടുത്തി.

ഈ വര്‍ഷം മൂന്നാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആര്‍ബിഐ പ്രധാന പലിശനിരക്കായ റിപ്പോ നിരക്ക് കുറച്ചത്. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ആര്‍ബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറയ്ക്കുന്നതോടെ ഭവന,വാഹന വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും കുറച്ചേക്കും. പലിശനിരക്കുകള്‍ കുറയുന്നത് രാജ്യത്തുള്ളവര്‍ക്ക് മാത്രമല്ല എന്‍ആര്‍ഐകള്‍ക്കും ഗുണകരമാണ്.

റിപ്പോ നിരക്ക് കാല്‍ശതമാനം കുറയ്ക്കാനുള്ള ആര്‍ബിഐ തീരുമാനം മോദി 2.0 സര്‍ക്കാരിന്റെ വായ്പാ വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന ഒന്നാണെന്ന് ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് നിമിഷ് മക്വാന പറയുന്നു. പരിധിയില്‍ കവിഞ്ഞ വളര്‍ച്ചയും പണലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മൂലം റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തോട് വിപണി അനുകൂലമായി പ്രതികരിച്ചിട്ടില്ല. അക്കാര്യം ഒഴിച്ചുനിര്‍ത്തിയാല്‍, അടിയന്തരമായ സാമ്പത്തിക സ്ഥിരത കൊണ്ടുവരുന്നതിനായി കൃത്യമായ ഇടപെടലുകള്‍ വിപണി ആഗ്രഹിക്കുന്നുണ്ട്. വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന എന്‍ആര്‍ഐകളെ സംബന്ധിച്ചെടുത്തോളം അര്‍ബിഐയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ആര്‍ബിഐ നല്‍കുന്ന ഇളവ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ ബാങ്കുകള്‍ തീരുമാനമെടുത്താല്‍ ഭവനവായ്പകളുടെ പലിശ കുറഞ്ഞേക്കും.- നിമിഷ് പറഞ്ഞു.

സാമ്പത്തിക നയ കമ്മിറ്റി ഐക്യകണ്‌ഠേനെയാണ് റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.75 ശതമാനം ആക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തുന്നതില്‍ നിന്നും സമ്പദ് വ്യവസ്ഥയിലേക്ക് പണമൊഴുക്ക് കൂട്ടുന്ന തരത്തിലേക്ക് ആര്‍ബിഐയുടെ സാമ്പക്കിക കാഴ്ചപ്പാട് മാറ്റാന്‍ തീരുമാനമെടുത്തതും. നിക്ഷേപങ്ങളില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഇടിവും ഉപഭോക്തൃ ആവശ്യങ്ങളും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിച്ചേക്കുമെന്ന ആശങ്കയെ നേരിടുന്നതില്‍ വളരെ സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണ് ഇവ രണ്ടും.

അതേസമയം പണപ്പെരുപ്പം സംബന്ധിച്ച കാഴ്ചപ്പാട് ഹിതകരമായി തുടരുകയാണെന്ന് ഈഡല്‍വീസ് റിസര്‍ച്ചിലെ സാമ്പത്തിക വിദഗ്ധനായ കപില്‍ ഗുപ്ത അഭിപ്രായപ്പെടുന്നു. ഉപഭോക്തൃ വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 2020 സാമ്പത്തിക വര്‍ഷത്തിലും 3.3 ശതമാനമെന്ന നിലയില്‍ തുടരുകയാണ്. മുമ്പോട്ട് പോകുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതി പ്രതീക്ഷിക്കുന്ന ആര്‍ബിഐ സമൂഹത്തില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആഗോള, പ്രാദേശിക സാമ്പത്തിക വളര്‍ച്ച മോശം പരിതസ്ഥിതിയില്‍ തുടരുമ്പോള്‍ നേട്ടമുണ്ടാക്കുന്ന ഇത്തരത്തിലുള്ള ധനകാര്യ നയങ്ങള്‍ ഇനിയുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. പണപ്പെരുപ്പ നിരക്ക് പെട്ടെന്ന് ഉയരുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതുപോലെ തന്നെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ വീക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു. പലിശനിരക്ക് കുറച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്ന നിലപാടിലേക്ക് ഫെഡ് റിസര്‍വ് തിരിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിരക്കിളവാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 2020 സാമ്പത്തികവര്‍ഷത്തില്‍ 50 ബേസിസ് പോയ്ന്റ് കുറവെങ്കിലും നിരക്കില്‍ പ്രതീക്ഷിക്കുന്നു. കപില്‍ ഗുപ്ത പറഞ്ഞു.

വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍

തുടര്‍ച്ചയായ മൂന്നാം തവണയാണ് ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുന്നത്. ഉന്നത ധനകാര്യ നയ കമ്മിറ്റിയംഗങ്ങളുടെ ഉള്ളിലുള്ള വളര്‍ച്ച സംബന്ധിച്ച ആശങ്കകളാണ് പലിശനിരക്ക് തുടര്‍ച്ചയായി കുറയ്ക്കുന്നതിന് പിന്നിലെന്ന് വ്യക്തം. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കുന്ന ആര്‍ബിഐ പക്ഷേ, വളര്‍ച്ചയ്ക്കുള്ള സാധ്യതങ്ങള്‍ വലിയതോതില്‍ മങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉല്‍പ്പാദനരംഗത്തെ അപര്യാപ്തയുടെ വ്യാപ്തി കൂടിക്കൊണ്ടിരിക്കുകയാണെന്നും സപ്ഷടമായി തന്നെ പറയുന്നു. നിക്ഷേപരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ തോതിലുള്ള മന്ദതയും ഉപഭോഗത്തിലെ കുറവും ആശങ്കാജനകമാണ്. എന്നാല്‍ പണപ്പെരുപ്പം ലക്ഷ്യമാക്കിയുള്ള വഴക്കമുള്ള സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ വിഷയങ്ങളെ നേരിടാന്‍ ധനകാര്യ നയ കമ്മിറ്റിക്ക് സാധിക്കും.

നിരക്ക് കുറച്ച ആര്‍ബിഐ നടപടി പ്രതീക്ഷിക്കപ്പെട്ടതാണെന്ന് ബര്‍ജീല്‍ ജിയോജിത് സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ പറയുന്നു. പക്ഷേ സാമ്പത്തിക വിപണികളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലം (പ്രത്യേകിച്ച് ഐല്‍ ആന്‍ഡ് എഫ്എസ്, ഡിച്ച്എഫ്എല്‍,എഡിഎജി പോലുള്ളയവയുടെ കാര്യത്തില്‍ ) റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തേക്കാളും മുന്നിട്ടുനില്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഡിപി വളര്‍ച്ചാനിരക്കില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന കുറവും തൊഴിലില്ലായ്മ നിരക്കും വസ്തുതകളായി മുമ്പില്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യങ്ങളില്‍ പരിഷ്‌കാര നടപടികളില്‍ അധിഷ്ഠിതമായ ഒരു ബജറ്റിലാണ് ഏവരുടെയും പ്രതീക്ഷ. അതിനൊപ്പം, മെച്ചപ്പെട്ട മണ്‍സൂണ്‍ കൂടി ലഭ്യമായാല്‍ പല മേഖലകളിലും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള ആവശ്യകത വര്‍ധിക്കാന്‍ സഹായകമാകുമെന്ന് കൃഷ്ന്‍ രാമചന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നിരക്ക് ഇനിയും കുറയുമെന്ന് പ്രതീക്ഷ

വര്‍ഷങ്ങള്‍ക്ക് ശേഷം വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആര്‍ബിഐ നയങ്ങള്‍ സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്. വര്‍ഷാരംഭത്തില്‍ ഈ വര്‍ഷത്തേക്കുള്ള പലിശ നിരക്കില്‍ 75 ബേസിക് പോയിന്റ് കുറവുണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും അതിലും കൂടുതല്‍ ആവശ്യമാണെന്ന് വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ റിപ്പോ നിരക്കില്‍ മൂന്ന് തവണയായി ആകെ 75 ബേസിക് പോയിന്റ് കുറവ് വരുത്തിക്കൊണ്ട് ആഗോള ധനകാര്യ നയങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആര്‍ബിഐ കൂടുതല്‍ പണമൊഴുക്ക് പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നയങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 50 ബേസിക് പോയിന്റ് കുറവാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് പണലഭ്യതയും കാര്യക്ഷമതയും അതിനൊപ്പം ആവശ്യമാണ്.

ശുഭപ്രതീക്ഷകളോടെ ഡെവലപ്പര്‍മാര്‍

വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പരിഷ്‌കാരങ്ങള്‍ കേന്ദ്രം നടപ്പില്‍ വരുത്താന്‍ തുടങ്ങിയതോടെ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ പ്രതീക്ഷയിലാണ്. റിപ്പോ നിരക്കിലെ ഹാട്രിക് നേട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് രണ്‍വാല്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ രജത് രസ്‌തോഗി പറഞ്ഞു. റിപ്പോ നിരക്ക് കുറച്ചതിന്റെ നേട്ടം ബാങ്കുകള്‍ ഉപഭോക്താക്കളിലേക്കും പകര്‍ന്നുനല്‍കുമെന്ന പ്രതീക്ഷ കണക്കില്‍ എടുക്കുമ്പോള്‍ കുറഞ്ഞ ഇഎംഐയ്ക്കും വീടുകള്‍ വാങ്ങാനുള്ള ആളുകളുടെ താല്‍പ്പര്യത്തിനും വലിയ സാധ്യതകളാണ് മുന്നിലുള്ളത്. കേന്ദ്രത്തില്‍ സ്ഥിരതയുള്ളൊരു സര്‍ക്കാരും കുറഞ്ഞ പലിശനിരക്കും ജിഎസ്ടി നിരക്കും ആളുകളുടെ സ്വപ്‌ന ഭവനത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Categories: Business & Economy, Slider