മോദിയും അയല്‍ക്കാര്‍ ആദ്യം നയവും

മോദിയും അയല്‍ക്കാര്‍ ആദ്യം നയവും

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും നടത്തിയ ആദ്യ വിദേശസന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ നയതന്ത്രത്തിന്റെ ദിശ ഏതെന്ന് സ്പഷ്ടമാക്കുന്നു. ചൈനയ്ക്ക് അത് അലോസരമുണ്ടാക്കുമെന്നത് തീര്‍ച്ച

വിദേശകാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചലനാത്മകത സൃഷ്ടിച്ചുവെന്നതായിരുന്നു പ്രധാനമന്ത്രിയെന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ആദ്യ ഇന്നിംഗ്‌സിലെ സവിശേഷത. അതിഗംഭീര തെരഞ്ഞെടുപ്പ് വിജയത്തോടെ വീണ്ടും അധികാരമേറിയപ്പോഴും അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് വിദേശകാര്യത്തില്‍ സ്വീകരിച്ചുപോരുന്നത്.

വിദേശകാര്യമന്ത്രിയായി മുന്‍വിദേശകാര്യസെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കറിന്റെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ അതിന്റെ ആദ്യസൂചന. അതിന് ശേഷം മോദിയും ജയ്ശങ്കറും തങ്ങളുടെ ആദ്യ വിദേശസന്ദര്‍ശനങ്ങള്‍ക്കായുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്രം കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. ‘അയല്‍ക്കാര്‍ ആദ്യം’ (നൈബര്‍ഹുഡ് ഫസ്റ്റ് പോളിസി) നയത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണത്. അതിലുപരി ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചൈനയാണെന്ന് പറയാതെ പറയുകയും ചെയ്യുന്നുണ്ട് മോദിയും ജയ്ശങ്കറും.

ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിച്ച് നമ്മളെ വളഞ്ഞിട്ട് കുരുക്കാന്‍ ശ്രമിക്കുന്ന ചൈനയെ പ്രതിരോധിക്കുന്നതിന് തന്നെയായിരിക്കും ഈ സര്‍ക്കാര്‍ പ്രഥമ മുന്‍ഗണന നല്‍കുകയെന്നത് സുവ്യക്തമാണ്. മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം മാലദ്വീപിലേക്കായിരുന്നു. തന്ത്രപ്രധാനമായ കുഞ്ഞു ദ്വീപ് രാഷ്ട്രം. മുമ്പ് ചൈനയുടെ കെണിയിലായിരുന്ന മാലദ്വീപില്‍ അധികാരമാറ്റം വന്ന ശേഷം ഇന്ത്യ അനുകൂല കാറ്റാണ് വീശുന്നത്. അതിനെ പരമാവധി പിന്തുണയ്ക്കുകയെന്ന തന്ത്രപ്രധാനമായ നയമാണ് മോദി സ്വീകരിച്ച് പോരുന്നതും.

22,000ത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന മാലദ്വീപ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രധാനമാണ്. അത് മനസിലാക്കി തന്നെയാണ് മുന്‍പ്രസിഡന്റ് അബ്ദുള്ള യമീനെ പാട്ടിലാക്കി ചൈന ഈ ദ്വീപിലേക്ക് നിക്ഷേപം ഒഴുക്കിയതും. അടിസ്ഥാനസൗകര്യവികസനങ്ങള്‍ക്കായി ചൈനയില്‍ നിന്ന് മില്യണ്‍കണക്കിന് ഡോളര്‍ നിക്ഷേപം കൈപ്പറ്റി മാലദ്വീപിനെ കെണിയില്‍ ചാടിക്കുന്ന സമീപനമായിരുന്നു യമീന്റേത്. ഇന്ത്യയെ ഇത് വലിയ തോതില്‍ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു.

ചൈനീസ് കെണി ഭേദിച്ച് മുന്നേറ്റം

ചൈനയുടെ നിക്ഷേപ അധിനിവേശ നയതന്ത്രത്തിന്റെയും ഇന്ത്യാ വിരുദ്ധ വിദേശ നയത്തിന്റെയും ഭാഗമായി മാലദ്വീപിനെ മാറ്റാനുള്ള ശ്രമത്തിലായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിംഗ്. എന്നാല്‍ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഇബ്രാഹിം സോളിഹ് പ്രസിഡന്റായി എത്തിയതോടെ കഥ ആകെ മാറി. ചൈന വിരുദ്ധവും ഇന്ത്യാസൗഹൃദവുമായ നയമാണ് അദ്ദേഹത്തിന്റേത്. നരേന്ദ്രമോദിയെ ഉറ്റ സുഹൃത്തായാണ് അദ്ദേഹം കാണുന്നതും. ഇക്കഴിഞ്ഞ ഡിസംബറില്‍ ഏകദേശം 1.4 ബില്യണ്‍ ഡോളറാണ് മാലദ്വീപിന് ഇന്ത്യ സഹായമായി പ്രഖ്യാപിച്ചത്. ചൈനയ്ക്ക് നല്‍കാനുള്ള അവരുടെ കടം ഏകദേശം 3 ബില്യണ്‍ ഡോളറാണ്. അത് തിരിച്ചുനല്‍കുന്നതിന് ഇന്ത്യന്‍ പണം ഉപകരിക്കും.

പ്രധാനമന്ത്രിയായി രണ്ടാമതും ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ മാലദ്വീപ് മോദിയെ എതിരേറ്റത് അവരുടെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷന്‍ ഇസ്സുദീന്‍ അദ്ദേഹത്തിന് നല്‍കിയാണ്. ഇന്ത്യയുമായി എത്തരത്തിലുള്ള ബന്ധമാണ് മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിലൂടെ അവരും വ്യക്തമാക്കിയിരിക്കുന്നു.

മാലദ്വീപിന് ശേഷം മോദി തന്റെ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത രാജ്യം ശ്രീലങ്കയാണെന്നതും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനയുടെ കടക്കെണി നയതന്ത്രത്തിന്റെ രൂക്ഷത അനുഭവിച്ചറിഞ്ഞ രാജ്യമാണ് ലങ്ക. ഇന്ത്യയുടെ പ്രിയപ്പെട്ട അയല്‍രാജ്യത്തെ വരുതിയിലാക്കാന്‍ കാലങ്ങളായി ശ്രമം നടത്തിവരികയാണ് ചൈന. അടിസ്ഥാനസൗകര്യ മേഖലയില്‍ വമ്പന്‍ നിക്ഷേപം നടത്തിയാണ് ലങ്കയെയും അവര്‍ കെണിയില്‍ ചാടിച്ചത്. അതിനനുസരിച്ച ആജ്ഞാനുവര്‍ത്തികളെ അവിടെ രഹസ്യമായും പരസ്യമായും അവര്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു. സ്വീകരിച്ച പണത്തിന്റെ ബാധ്യത കാരണം തന്ത്രപ്രധാനമായ ഹംബന്‍ടോട്ട തുറമുഖം ചൈനയുടെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കേണ്ടിയും വന്നു ലങ്കയ്ക്ക്. ലങ്കയെ പൂര്‍ണമായും ചൈനയുടെ സ്വാധീനവലയത്തില്‍ നിന്ന് പുറത്തെത്തിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകവും ശ്രമകരവുമായ ദൗത്യമാണ്.

വിദേശാകര്യമന്ത്രി ജയ്ശങ്കര്‍ നടത്തിയ ആദ്യവിദേശസന്ദര്‍ശനവും തന്ത്രപ്രധാനമായ അയല്‍രാജ്യത്തേക്ക് തന്നെയാണ്, ഭൂട്ടാന്‍. 2014ല്‍ അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ വിദേശയാത്രയും ഭൂട്ടാനിലേക്കായിരുന്നു എന്നത് ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയുടെ സാമീപ്യമുള്ള ഈ ഹിമാലയന്‍ രാജ്യത്തും തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ചൈന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും പ്രധാന ശ്രദ്ധ ചൈനയുടെ നവകൊളോണിയല്‍ അജണ്ട പ്രതിരോധിക്കുന്നതിലാണെന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതില്‍ എത്രമാത്രം വിജയിക്കാന്‍ സാധിക്കും ഭാരതത്തിന് എന്നത് കാണേണ്ടതുണ്ട്. വിദേശകാര്യ പ്രധാനമന്ത്രിയെന്ന് ഖ്യാതി നേടിയ മോദിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ചൈനാകേന്ദ്രീകത ലോകക്രമത്തിനെതിരെയുള്ള പദ്ധതികള്‍ അവരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കും.

Categories: Editorial, Slider