അവര്‍ ആഗ്രഹിക്കുന്നു ഒരു ‘ശക്തന്‍ സ്റ്റാന്‍ഡ്’

അവര്‍ ആഗ്രഹിക്കുന്നു ഒരു ‘ശക്തന്‍ സ്റ്റാന്‍ഡ്’

ശക്തവും കൃത്യവുമായ നിലപാടുകള്‍ ആണ് രാജ്യത്തെ മുന്നോട്ട് നയിക്കുക. നിലപാടുകള്‍ക്ക് ഇംഗ്ലീഷില്‍ സ്റ്റാന്‍ഡ് എന്നാണ് പറയുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ശക്തന്‍ സ്റ്റാന്‍ഡ് ആണ്

‘കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം തല ഉയര്‍ത്തിപ്പിടിക്കാനും ആ സന്ദര്‍ഭങ്ങളെ ശരിക്കു മുതലെടുക്കുവാനും തക്ക വണ്ണമുള്ള സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു. ബുദ്ധിമാനായ ഒരു നയതന്ത്രജ്ഞന്‍, ശക്തനായ ഒരു ഭരണാധികാരി, സാമ്പത്തികനയത്തില്‍ കാലത്തിനപ്പുറത്തേക്കു കാണാന്‍ കഴിഞ്ഞ വ്യക്തി, നിരവധി നിലകളില്‍ ശോഭിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വൈദേശികാധിപത്യം മൂലം രാജ്യത്തിന്റെ അധികാരം ചുരുങ്ങിച്ചുരുങ്ങി ശൂന്യതയുടെ വക്കു വരെ എത്തിയപ്പോള്‍ ആ വ്യവസ്ഥയില്‍ നിന്ന് ചിട്ടയോടു കൂടിയ ഒരു ഭരണക്രമം അദ്ദേഹം രൂപം നല്‍കി’ സര്‍ദാര്‍ കെ എം പണിക്കര്‍

തൃശ്ശൂര്‍ പട്ടണത്തിന്റെ സമീപത്തുള്ള ബസ്‌സ്റ്റോപ്പുകളില്‍ നിന്നാല്‍ അവിടെയെത്തുന്ന സ്വകാര്യബസ്സുകളിലെ കിളികള്‍ വിളിച്ച് പറയുന്നത് കേള്‍ക്കാം: ‘ശക്തന്‍, ശക്തന്‍…’ അതുതന്നെയാണ് ബസ്സിന്റെ പുറകിലെ ചില്ലില്‍ മറ്റുപല സ്ഥലനാമങ്ങള്‍ക്കൊപ്പം പലതരം നിറങ്ങളില്‍ എഴുതിയിട്ടുള്ളതും. ചിലവയില്‍ ‘ശക്തന്‍ സ്റ്റാന്‍ഡ്’ എന്ന് വിശദീകരിച്ചിട്ടുണ്ടാവുമെന്ന് മാത്രം. ഒരു 23 ദശാബ്ദം മുന്‍പായിരുന്നെങ്കില്‍ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ മഹന്‍ രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാന്‍ കൊച്ചിരാജ്യം വാഴുമ്പോള്‍ ഇങ്ങനെ വെറും ‘ശക്തന്‍’ എന്ന് മാത്രം ഉച്ചരിക്കുവാന്‍ ആരും ധൈര്യപ്പെടുമാറില്ല.

ശക്തന്‍ തമ്പുരാന്‍ രാജ്യഭാരം ഏല്‍ക്കുന്നതിന് മുന്‍പ് നടന്ന ഒരു സംഭവം ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നുണ്ട്. ‘പിറ്റേദിവസംതന്നെ അവിടെ സമീപത്തുള്ള പള്ളികളിലേക്കെല്ലാം കല്‍പ്പനയയച്ചു. ‘സമീപസ്ഥന്മാരായ മാപ്പിളമാരെല്ലാം അടുത്ത ദിവസം രാവിലെ ഓരോ വലിയ കുടവും ഒരു മാറു നീളമുള്ള ഓരോ കയറുംകൊണ്ട് എറണാകുളത്തു കായല്‍വക്കത്ത് എത്തിക്കൊള്ളണം’ എന്നായിരുന്നു കല്‍പ്പനയുടെ സാരം. കല്‍പ്പനപോലെ അടുത്ത ദിവസം രാവിലെ ഏകദേശം അഞ്ഞൂറോളം മാപ്പിളമാര്‍ കുടവും കയറും കൊണ്ടു നിശ്ചിതസ്ഥലത്തെത്തി. ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് അവിടെ എഴുന്നള്ളി. ‘മൂന്നു നാലു ദിവസം മുന്‍പ് ഒരു നമ്പൂരിയുടെ ഏതാനും പണം തട്ടിപ്പറിച്ചുകൊണ്ടുപോയത് നിങ്ങളില്‍ ആരെല്ലാം കൂടിയാണ്? സത്യം പറയണം. അകൃത്യം പ്രവര്‍ത്തിച്ചവര്‍ കുറ്റം ഏറ്റു പറയുന്നപക്ഷം വലിയ ശിക്ഷ കൂടാതെകഴിക്കാം. ശേഷമുള്ളവര്‍ക്കു സുഖമായി തിരിയെപ്പോവുകയും ചെയ്യാം. സത്യം വെളിപ്പെടുത്താത്തപക്ഷം നിങ്ങള്‍ എല്ലാവര്‍ക്കും വലിയ കഷ്ടത അനുഭവിക്കേണ്ടി വരും’ എന്നു അരുളിച്ചെയ്തിട്ട് മാപ്പിളമാരിലാരും മറുപടി പറയായ്കയാല്‍ ‘ഇവരെയെല്ലാം ഉടനെ മനയ്ക്കല്‍ കൊണ്ടുപോയി ആക്കട്ടെ’ എന്നു കല്‍പ്പിച്ചു. ആ ക്ഷണത്തില്‍ രാജഭടന്മാര്‍ മാപ്പിളമാരെ എല്ലാം വലിയ വഞ്ചികളില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ കുടങ്ങള്‍ കെട്ടി കിഴവനച്ചാലില്‍ (ആഴമുള്ള കപ്പല്‍ച്ചാല്‍) താഴ്ത്തി’.

തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ പോലെ, കൊച്ചിരാജ്യം കണ്ട ഏറ്റവും പേര് കേട്ട ഭരണാധികാരി ആയിരുന്നു രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍. രാജ്യഭരണത്തിന് പുതിയ നിര്‍വചനങ്ങള്‍ എഴുതിച്ചേര്‍ത്തു അദ്ദേഹം. ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു, ശക്തന്‍ തമ്പുരാന്‍. നാടുനീളെ വഴികള്‍ വെട്ടുകയും വഴികള്‍ക്കിരുവശവും തണലിനായി മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികള്‍ക്ക് ചേര്‍ന്ന് താമസിക്കുന്നവര്‍ ദിവസവും അവരുടെ മുന്നിലുള്ള വഴികളും കൂടി വൃത്തിയാക്കണം എന്ന കല്‍പനയും പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങളും അക്കാലത്താണ് നടപ്പാക്കാന്‍ തുടങ്ങിയത്.

ലത്തീന്‍ ക്രിസ്ത്യാനികള്‍ ശക്തന്‍ തമ്പുരാന്റെ കറുത്തമുഖം കാണേണ്ടിവന്ന ഒരു ജനവിഭാഗം ആയിരുന്നു. പോര്‍ട്ടുഗീസ് അധിപത്യകാലത്ത്, അവരെ ഭയന്ന്, അന്നത്തെ കൊച്ചി രാജാക്കന്മാര്‍ മതപരിവര്‍ത്തനത്തിന് അനുകൂലമായ നിലപാട് ആണ് എടുത്തിരുന്നത്. ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് നിരവധി നികുതിയിളവുകള്‍ നല്‍കിയിരുന്നു, അതിനാല്‍, അക്കാലത്ത് കൊച്ചി രാജ്യം. ഇത് മുതലെടുക്കാനായി നിരവധി പേര്‍ മത പരിവര്‍ത്തനം ചെയ്തു. പോര്‍ട്ടുഗീസുകാരോളം മതപരിവര്‍ത്തനപ്രവര്‍ത്തനം ഒരു അജണ്ടയായി ഡച്ചുകാരുടെയോ ബ്രിട്ടീഷുകാരുടെയോ കാലത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രാജസന്നിധിയില്‍ നിന്ന് പ്രത്യേക പരിഗണന ഒന്നും അവര്‍ക്ക് വേണ്ടിയിരുന്നില്ല. ലാറ്റിന്‍ ഭാഷയുടെ ഉറവിടമായ റോമിലോ കൃസ്ത്യന്‍ വിശ്വാസത്തിന് നല്ല വേരോട്ടമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലോ പോലും ലത്തീന്‍ കൃസ്ത്യാനി സമൂഹത്തിന് നികുതിയിളവുകള്‍ ഇല്ല എന്നും മറ്റ് ഒരു സ്ഥലത്തും ഇല്ലാത്ത ആനുകൂല്യങ്ങള്‍ അവര്‍ ഇവിടെ അനുഭവിക്കുന്നു എന്നും അദ്ദേഹം അറിയുകയും അതിന് അറുതി വരുത്താന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.

1763ല്‍ അദ്ദേഹം പൊതുവായ ഒരു ഭൂമിക്കരം ഏര്‍പ്പെടുത്തുകയും 1776ല്‍ കരം പുതുക്കി നിശ്ചയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ നികുതി നല്‍കാന്‍ വിസമ്മതിക്കുകയും ശക്തന്‍ തമ്പുരാന്‍ ശക്തമായ മര്‍ദ്ദനമുറകള്‍ ആരംഭിക്കുകയും ചെയ്തു. നിരവധി ക്രിസ്ത്യാനികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. പലരേയും നാടു കടത്തി. പലര്‍ക്കും ജീവനും നഷ്ടപ്പെട്ടു. എന്നാല്‍, കച്ചവടക്കാരായിരുന്ന സുറിയാനി ക്രിസ്ത്യാനികളോട് തമ്പുരാന് വലിയ മമത ആയിരുന്നു. അതിനാല്‍, അങ്കമാലിയില്‍ നിന്ന് നിരവധി സുറിയാനി ക്രിസ്ത്യാനികളെ കച്ചവടത്തിനായി അദ്ദേഹം അധികാരകേന്ദ്ര പ്രദേശങ്ങളായ തൃശ്ശൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച് അവര്‍ക്ക് ഭൂമി തുടങ്ങിയവ ഉദാരവ്യവസ്ഥകളില്‍ നല്‍കുകയും ചെയ്തു.

അയല്‍രാജ്യങ്ങളുമായി അദ്ദേഹം ശക്തമായ സൗഹൃദം വളര്‍ത്തി. രാജ്യഭാരം ഏറ്റെടുക്കുന്നതിന് മുന്‍പ് മുതല്‍, അതായത്, വലിയ തമ്പുരാന്റെ കാലത്ത് തന്നെ, ശക്തന്‍ തമ്പുരാന്‍ വിദേശകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇംഗ്ലീഷുകാരോടും തിരുവിതാംകൂര്‍, കോഴിക്കോട്, മൈസ്സൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി കൊച്ചിക്ക് നല്ല നയതന്ത്രബന്ധം വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍, അധികാരമേറ്റ ശേഷം കോഴിക്കോടുമായി ഇടയ്ക്ക് യുദ്ധവുമുണ്ടായി. ആ യുദ്ധത്തിന്റെ മറവില്‍ പൗരോഹിത്യവര്‍ഗ്ഗം നാട്ടില്‍ ആഭ്യന്തരകലാപം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍, അവരെ കര്‍ശ്ശനമായി അമര്‍ച്ച ചെയ്യാന്‍ ശക്തന്‍ തമ്പുരാന് മടിയുണ്ടായില്ല. കലാപത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്ന് ദേവാലയഭരണം അദ്ദേഹം ഏറ്റെടുക്കുകയാണ് ഉണ്ടായത്.

ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു അക്കാലത്ത് ഏറെ പ്രശസ്തം. പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവീദേവന്മാരുടെ തിടമ്പേറ്റി ആനകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ്, നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് പിന്നീട് ആറാട്ടുപുഴ പൂരത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുന്നാഥന്‍ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (977 മേടം അതായത്, 1797 മെയ് മാസം), ഇന്ന് പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരം ആരംഭിച്ചു എന്നാണ് ഐതിഹ്യമാലയില്‍ നിന്ന് മനസ്സിലാവുന്നത്.

അക്കാലത്ത് നിന്ന് 2019 ആയപ്പോഴേയ്ക്കും കാലമൊരുപാട് മാറി. സ്വതന്ത്ര ഭാരതത്തിലെ പതിനേഴാമത് പൊതു തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് മുറുകിയത് ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരക്കാലത്ത് തന്നെയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത, ആരാവണം തന്റെ നിയോജകമണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം എന്നല്ല, മറിച്ച്, ആരാവണം ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നതാണ് ഭൂരിഭാഗം ശരാശരി വോട്ടര്‍മാരും ചിന്തിച്ചത് എന്നതാണ്. അതൊരു ശക്തനാവണം എന്നവര്‍ തീരുമാനിച്ചുറപ്പിച്ചു. അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്.

വിവിധ മതവിഭാഗങ്ങളുടെ ദേവാലയങ്ങളുടെ മറവില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കുറച്ച് കാലമായി ലോകത്ത് അധികരിച്ച് വരുന്നുണ്ട്. അതിന്റെ അലയടികളില്‍ നിന്ന് ഭാരതവും മുക്തമല്ല. തങ്ങള്‍ക്ക് പ്രസക്തിയുള്ള ശക്തമായ ഭരണസാന്നിദ്ധ്യം തങ്ങളുടെ രക്ഷയ്ക്ക് ആവശ്യമാണെന്ന് ഭൂരിപക്ഷം വിശ്വസിച്ചു. വ്യാധിയ്ക്ക് മാത്രമേ മരുന്നുള്ളൂ; ആധിയ്ക്ക് ഇല്ലല്ലോ. അത്, സ്വന്തമെന്ന് ഉറപ്പുള്ള, ബലവത്തായ ഒരു കമലഛത്രത്തിന്റെ കായികബലത്തില്‍ നിന്നുറവാര്‍ന്ന അതിവിശാലമായ ഹരിതച്ഛായ നുകരുമ്പോഴേ ഹരിക്കപ്പെടുന്നുള്ളൂ എന്ന് 41% ഇന്ത്യന്‍ വോട്ടര്‍മാര്‍ കരുതി.

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഭാരതത്തിന്, അതുപോലുള്ള മറ്റ് പ്രമുഖ വികസ്വര രാജ്യങ്ങള്‍ക്ക്, തങ്ങളുടെ വ്യാപാരം ആരുമായി ഏത് നാണയത്തില്‍ ചെയ്യണമെന്ന് വൈദേശിക ശക്തികള്‍ തീട്ടൂരം നല്‍കുന്നത് അനിതരസാധാരണമായി ലോകസ്വീകാര്യത നേടുന്നു. ഇതിന്റെ മുഴുവന്‍ സാമ്പത്തികരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ശരാശരി ഇന്ത്യക്കാരന്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാലും എണ്ണവില കൂടുന്നതും മറ്റും അന്താരാഷ്ട്രസംഘര്‍ഷങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് എന്ന് അഭിപ്രായരൂപീകരണം നടത്തുന്ന മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ടവവരില്‍ രൂഢമായി പതിഞ്ഞിട്ടുണ്ട്. ആ സമയത്ത്, നമ്മുടെ കാര്യം പറയാന്‍ അറിയാവുന്ന ഒരു നേതാവിനെ അവര്‍ മനസ്സില്‍ തെരഞ്ഞെടുത്തു. ആ ചിന്തയ്ക്ക് നല്ല പ്രചാരം വന്നു. നികുതി പിരിവിന് പൊതുവായ നയം മദ്ധ്യവര്‍ഗ്ഗം എന്നും ആഗ്രഹിച്ചിരുന്നു. അതിന് വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളില്‍ നിന്ന് മാറിചിന്തിക്കുന്ന ഒരു ഭരണാധികാരിയ്ക്ക് ആവും എന്നവര്‍ വിശ്വസിച്ചു.

ഉപക്രമ ഖണ്ഡികയില്‍ സര്‍ദാര്‍ കെ എം പണിക്കാരുടേതായി ഉദ്ധരിച്ചിരിക്കുന്നത് അദ്ദേഹം ശക്തന്‍ തമ്പുരാനെ പറ്റി പ്രകടിപ്പിച്ച അഭിപ്രായമായി എ ശ്രീധരമേനോന്‍ ‘കേരളചരിത്രശില്‍പികള്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതിയതാണ്. ഇതേ ഗുണഗണങ്ങള്‍ ഉള്ള ഒരു വ്യക്തി ഭാരതത്തിനെ നയിക്കണമെന്ന് ഭൂരിപക്ഷം ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഒരാള്‍ക്ക് മാത്രമുള്ള വോട്ടായി മാറിയത്. മഹാഭൂരിപക്ഷത്തോടെ വിജയിച്ച പാര്‍ട്ടി അതുതന്നെയാണ് വോട്ടര്‍മാരോട് ചോദിച്ചതും; ഒരാള്‍ക്കുള്ള വോട്ട്. ഒരു ശക്തനെ മനസ്സില്‍ പൂജിച്ചിരുന്ന അവര്‍ അത് ശിരസ്സാ വഹിച്ചു. ജലകണിക പോലെ തരളമായ തങ്ങളുടെ വാഴ്വിന് ഒരു നളിനദലത്തിന്റെ താങ്ങ് ആണ് അവര്‍ അദ്ദേഹത്തില്‍ കണ്ടത്.

മൂന്നില്‍ രണ്ട് ഭാഗം പേര്‍ വോട്ട് ചെയ്തതില്‍ പത്തിന് നാലും ചില്ലറയും എന്ന അനുപാതത്തില്‍ ‘പത്മജന്‍ മുന്നമര്‍ത്ഥിക്കയാലെന്നതും പത്മവിലോചന ഞാനറിഞ്ഞീടിനേന്‍’ എന്ന് തുഞ്ചന്‍ പാടിയ പോലെ നിരവധി ജന മനസ്സുകളില്‍ താമര വിടര്‍ന്നു. അവര്‍ക്കാവശ്യം ഒരു ശക്തനെ ആയിരുന്നൂ. ശക്തന്‍ എന്ന പ്രതിച്ഛായ ഉള്ളയാള്‍ക്കുള്ളതായിരുന്നു പത്മദളത്തില്‍ പതിഞ്ഞ ഓരോ വോട്ടും. ശക്തന് പക്ഷേ, വെല്ലുവിളികള്‍ മുന്നിലുള്ളത് ഏറെയാണ്. ശക്തവും കൃത്യവുമായ നിലപാടുകള്‍ ആണ് രാജ്യത്തെ മുന്നോട്ട് നയിക്കുക. നിലപാടുകള്‍ക്ക് ഇംഗ്ലീഷില്‍ സ്റ്റാന്‍ഡ് എന്നാണ് പറയുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ശക്തന്‍ സ്റ്റാന്‍ഡ് ആണ്.

Categories: FK Special, Slider

Related Articles