2000 ജീവനക്കാരെ പിരിച്ചുവിട്ട് ഐബിഎം

2000 ജീവനക്കാരെ പിരിച്ചുവിട്ട് ഐബിഎം
  • ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പിരിച്ചുവിടല്‍ നടപടിയിലേക്ക് കടന്നിട്ടുള്ളത്
  • മൊത്തം തൊഴില്‍ ശക്തിയില്‍ 1% പേരാണ് ഇപ്പോള്‍ കമ്പനി വിടുന്നത്
  • ലോക വ്യാപകമായുള്ള കണക്കെടുത്താല്‍ 25,000 പുതിയ തൊഴിലവസരങ്ങള്‍ ഐബിഎം തുറന്നിട്ടിട്ടുണ്ട്

ന്യൂഡെല്‍ഹി: ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പ് (ഐബിഎം) 2,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പിരിച്ചുവിടല്‍ നടപടിയിലേക്ക് കടന്നെതന്നാണ് വിവരം. ഐബിഎമ്മിന്റെ മൊത്തം തൊഴില്‍ സേനയില്‍ ഏകദേശം ഒരു ശതമാനത്തോളം പേരെയാണ് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം മൊത്തം 3,50,600വ തൊഴിലാളികളാണ് ഐബിഎമ്മില്‍ ഉണ്ടായിരുന്നത്. പിരിച്ചുവിടലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഐബിഎം സ്ഥിരീകരിച്ചിട്ടുണ്ട്. വിപണിയില്‍ മത്സരക്ഷമതയ്ക്ക് അനുസരിച്ച പ്രകടനം കാഴ്ച്ചവെക്കാത്ത ചെറിയൊരു ശതമാനം ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് പുറത്തുപോകുമെന്ന് ഐബിഎം പ്രസ്താവനയിലൂടെ അറിയിച്ചു.

ഐടി വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള സേവന വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഐബിഎം നോക്കുന്നത്. ഇതിനായി തങ്ങളുടെ ടീമിനെ ക്രമീകരിക്കുന്നതിനുള്ള അഴിച്ചുപണികള്‍ കമ്പനി തുടരുമെന്നും പുതിയ മേഖലകള്‍ കേന്ദ്രീകരിച്ച് സജീവമായ നിയമന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.

2016ലാണ് ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎം യുഎസില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് തങ്ങളുടെ തൊഴില്‍ ശക്തിയെ പരിവര്‍ത്തനം ചെയ്യാനുള്ള സ്ട്രാറ്റജിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനുപുറമെ 2017ലും കമ്പനി തൊഴില്‍ വെട്ടിക്കുറച്ചിരുന്നു.

സാങ്കേതിക രംഗത്തെ മൊത്തം പ്രകടനം പരിശോധിച്ചാല്‍ വര്‍ഷങ്ങളായി ഐബിഎം പിന്നിലാണ്. 2018ല്‍ കമ്പനിയുടെ വരുമാനത്തില്‍ ഒരു ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ആറ് വര്‍ഷത്തോളം കമ്പനിയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ ഒരു ശതമാനം വര്‍ധനയുണ്ടായത്. പുതിയ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ കാലങ്ങളില്‍ ഐബിഎം ജീവനക്കാരുടെ എണ്ണം കുറച്ചത്. ലോക വ്യാപകമായുള്ള കണക്കെടുത്താല്‍ 25,000 പുതിയ തൊഴിലവസരങ്ങള്‍ ഐബിഎം തുറന്നിട്ടിട്ടുണ്ട്.

Comments

comments

Categories: FK News
Tags: IBM