റെനോയോട് കൂട്ടുകൂടാന്‍ ഇല്ലെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍; നിരാശരായി വാഹനപ്രേമികള്‍!

റെനോയോട് കൂട്ടുകൂടാന്‍ ഇല്ലെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍; നിരാശരായി വാഹനപ്രേമികള്‍!

വേര്‍പിരിഞ്ഞത് റെനോയുടെ പ്രധാന ഓഹരി ഉടമകളിലൊരാളായ ഫ്രഞ്ച് സര്‍ക്കാര്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്…

ഫ്രഞ്ച് കമ്പനി റെനോയുമായി കൈകോര്‍ക്കാനുള്ള ഇറ്റാലിയന്‍ വാഹനനിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലറിന്റെ പദ്ധതി പൊളിഞ്ഞതോടെ നിരാശയിലാണ് വാഹനപ്രേമികള്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ ഫിയറ്റ് ക്രൈസ്‌ലറുമായുണ്ടാക്കിയ കരാറുകളില്‍ ഒന്നില്‍ ഒപ്പുവയ്ക്കാന്‍ റെനോയുടെ പ്രധാന ഓഹരി ഉടമകള്‍ കൂടിയായ ഫ്രഞ്ച് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് വാഹനലോകം ഏറെ ഉറ്റുനോക്കിയ സഖ്യംചേരല്‍ ‘അകാല ചരമം പ്രാപിച്ചത്’.

പ്രസ്തുത സംഭവത്തില്‍ റെനോയ്ക്കു കടുത്ത നിരാശയുള്ളതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനനിര്‍മ്മാതാക്കള്‍ തമ്മിലുള്ള ഇത്തരം കൈകോര്‍ക്കലുകള്‍ വാണിജ്യപരമായി ഗുണം ചെയ്യുമെന്നും, സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നും, യൂറോപ്പ് കേന്ദ്രീകരിച്ചുള്ള ഒരു ആഗോള വാഹന പവര്‍ഹൗസ് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്നും മനസിലാക്കുന്നതായി റെനോ വെളിപ്പെടുത്തി.

ഫിയറ്റിനെയും ക്രൈസ്‌ലറിനെയും തകര്‍ച്ചയില്‍ നിന്നും കൈ പിടിച്ചുകയറ്റിയ ആളാണ് സെര്‍ജിയോ മര്‍ഷിനെ. വാഹനനിര്‍മ്മാതാക്കള്‍ തമ്മിലുള്ള ഉല്‍പ്പാദനരംഗത്തെ കൈകോര്‍ക്കലുകളോട് അദ്ദേഹത്തിന് എന്നും പ്രിയമേറെയായിരുന്നു. പരസ്പര സഹകരണത്തിലൂടെ നിര്‍മ്മാണച്ചിലവ് നന്നേ കുറയ്ക്കാമെന്നുള്ള തന്റെ ആശയത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം ഫിയറ്റിനും ക്രൈസ്‌ലറിനും പുതുജീവന്‍ നല്കിയത്. 2015ല്‍ നടത്തിയ ‘കണ്‍ഫെഷന്‍സ് ഓഫ് എ ക്യാപിറ്റല്‍ ജങ്കി’ എന്ന പ്രസന്റേഷനില്‍ തന്റെ ഈ സിദ്ധാന്തത്തെ കുറിച്ച് അദ്ദേഹം കാര്യമായി പരാമര്‍ശിക്കുന്നുണ്ട്.

ഭാവിയുടെ യാത്രാ ഉപാധികളാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍. ഇവയെപ്പറ്റിയുള്ള ഗവേഷണങ്ങളും ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മിതിയുമൊക്കെ വളരെ പണച്ചിലവേറിയതാണ്. ഇതുപോലെ തന്നെയാണ് ഓട്ടോണോമസ് വാഹനങ്ങളുടെ കാര്യവും. ഇവയുടെ വികസനത്തിനായി ഓരോ വാഹനനിര്‍മ്മാതാവാവും ശതകോടികളാണ് ഓരോ വര്‍ഷവും ചിലവിടുന്നത്. ആഗോള വാഹനവിപനിയില്‍ നിലനില്ക്കുന്ന മാന്ദ്യം കൂടി കണക്കില്‍ എടുക്കുമ്പോള്‍ ചിലവ് ചുരുക്കി ഇവയ്ക്കായുള്ള മൂലധനം സ്വരുക്കൂട്ടുകയല്ലാതെ ഇവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ഫിയറ്റ് ക്രൈസ്‌ലറിന് ഇന്നും മന്ദഗതിയാണ്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ഒരുപറ്റം ഇലക്ട്രിക്ക് വാഹനങ്ങള്‍ റെനോയുടേതായുണ്ട്. അതുകൊണ്ട് തന്നെ ഇവരുമായി സഹകരിക്കുവാന്‍ മുതിര്‍ന്നതിനു പിന്നിലെ ലക്ഷ്യവും ഇലക്ട്രിക്ക് സാങ്കേതികവിദ്യകള്‍ സ്വന്തമാക്കുക തന്നെയാവാം.

നിലവില്‍ ലോകത്തിലെ എട്ടാമത്തെ വലിയ വാഹനനിര്‍മ്മാതാവാണ് ഫിയറ്റ് ക്രൈസ്‌ലര്‍. റെനോയുമായുള്ള സഖ്യത്തിലൂടെ ജനറല്‍ മോട്ടോഴ്‌സിനെയും പിന്‍തള്ളി, ലോകത്തെ മൂന്നാമത്തെ വലിയ വാഹനനിര്‍മ്മാതാവായി വളര്‍ന്നിരുന്നുവെങ്കില്‍ ഫിയറ്റ് ക്രൈസ്‌ലറിന് പ്രതിവര്‍ഷം 5.6 ബില്യണ്‍ യു എസ് ഡോളറോളം ലാഭമുണ്ടാകുമായിരുന്നു. കമ്പനി വൃത്തങ്ങള്‍ തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇങ്ങനെ ഒക്കെ ആണെങ്കിലും നഷ്ടപ്പെട്ടതിനെ ഓര്‍ത്തു വിലപിക്കുവാന്‍ ഫിയറ്റ് ക്രൈസ്‌ലറിനു സമയമില്ല. സഖ്യം ചേരല്‍ ഇപ്പോഴും അവശ്യമാണെന്നതിനാല്‍ ഒരുപക്ഷേ ഒരു പുത്തന്‍ പങ്കാളിയെ തേടുന്ന തിരക്കിലാവും അവര്‍. എന്നാല്‍ ആര്‍ക്കാണ് അടുത്ത നറുക്കു വീഴുക എന്നതില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. എങ്കിലും ഭൂരിഭാഗം വിരലുകളും ചൂണ്ടുന്നത് പ്യൂഷോയുടെ നേര്‍ക്കാണ്. എന്നാല്‍ പ്യൂഷോയുടെയും പ്രധാന ഓഹരി ഉടമകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആകയാല്‍ ഈ ലയനം എത്രത്തോളം പ്രാവര്‍ത്തികമാകും എന്നതില്‍ ഇപ്പോഴും സംശയം ബാക്കി.

എന്നാല്‍ പ്യൂഷോയിലേക്കു തിരിയുകയല്ല, മറിച്ച്, ചൈനീസ് വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാവാം ഫിയറ്റ് ക്രൈസ്‌ലര്‍ ചെയ്യുക എന്നാണ് ബര്‍മിങ്ങ്ഹാം ബിസിനസ് സ്‌കൂളിലെ പ്രൊഫസ്സറും സാമ്പത്തിക വിദഗ്ധനുമായ ബേയ്‌ലി അഭിപ്രായപ്പെടുന്നത്. ഫിയറ്റിനു കീഴിലുള്ള ജീപ്പ് ബ്രാന്‍ഡിന്റെ സ്വീകാര്യതയും ആല്‍ഫ റോമിയോ ബ്രാന്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശ്ചര്യപ്പെടുത്തുന്ന ആഡംബരങ്ങളുമൊക്കെ ചൈനീസ് വിപണിയില്‍ തുണയാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ലോകത്തെ ഏറ്റവും വലിയ വാഹനവിപണിയായ ചൈനയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനും മറ്റും കാര്യമായ പ്രോത്സാഹനമാണ് അവിടുത്തെ സര്‍ക്കാര്‍ നല്കിപ്പോരുന്നത്.

വന്‍കിട ബ്രാന്‍ഡുകള്‍ തമ്മിലുള്ള സഖ്യം ചേരല്‍ വാഹനലോകത്ത് പതിവാണ്. ഇത്തരം കൂട്ടുകെട്ടുകളിലൂടെ ഉത്പാദനച്ചിലവ് കുറയ്ക്കുവാനും ഒപ്പം കൂടുതല്‍ മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുവാനും സാധ്യമാകുമെന്നതിനാല്‍ മിക്ക വാഹനനിര്‍മ്മാതാക്കളും ഇതിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ടെസ്‌ല, യൂബര്‍ പോലെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള സമ്മര്‍ദവും ഗണ്യമായ തോതില്‍ വാഹനനിര്‍മ്മാതാക്കളെ പരസ്പര സഹകരണത്തിന്റെ പാതയിലേക്കു നയിക്കുന്നുണ്ട്. ഫോര്‍ഡ്‌ഫോക്‌സ്‌വാഗണ്‍ സഖ്യം, ടൊയോട്ട മാരുതി സുസൂക്കി സഖ്യം, ഇലക്ട്രിക്ക് ഡ്രൈവ് ട്രെയിനുകള്‍ വികസിപ്പിക്കുവാനായി രൂപം കൊണ്ട ബി എം ഡബ്ല്യു ജാഗ്വര്‍ ലാന്‍ഡ് റോവര്‍ സഖ്യം എന്നിവയൊക്കെ നമുക്ക് പരിചിതമായ ഉദാഹരണങ്ങളാണ്.

ബിസിനസില്‍ സ്‌കെയിലിന്റെ പ്രാധാന്യമറിയുന്ന ആളായിരുന്നു റെനോയുടെ മുന്‍ ബോസായ കാര്‍ലോസ് ഘോസ്‌നും. അതുമൂലമാണ് പണ്ടൊരിക്കല്‍ ഇവര്‍ നിസാനുമായി സഖ്യത്തിലേര്‍പ്പെട്ടതും. പിന്നീട് ഈ കൂട്ടുകെട്ടിലേക്ക് മിത്‌സുബിഷിയും കടന്നുവരികയുണ്ടായി. അങ്ങനെ ഉണ്ടായ റെനോനിസാന്‍ മിത്‌സുബിഷി കൂട്ടുകെട്ടാണ് വാഹനനിര്‍മ്മാതാക്കള്‍ക്കിടയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മ.

Comments

comments

Categories: Auto