ചൈനയെ ഗ്രസിച്ച് പന്നിപ്പനി

ചൈനയെ ഗ്രസിച്ച് പന്നിപ്പനി

ലോകത്തിലെ ഏറ്റവും വലിയ പോര്‍ക്ക് വ്യവസായം ചൈനയിലാണ്. 128 ബില്യന്‍ ഡോളറിന്റേതാണു ചൈനയിലെ പോര്‍ക്ക് വ്യവസായം. പോര്‍ക്ക് മീറ്റിന് ഏറ്റവുമധികം ആവശ്യക്കാരുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യവും ചൈനയാണ്. എന്നാല്‍ ഈ വ്യവസായത്തിനു ഭീഷണി സൃഷ്ടിച്ചു കൊണ്ട് അവിടെ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പ്രതിരോധിക്കാന്‍ താമസിച്ചതിനെ തുടര്‍ന്നു വൈറസ് കൂടുതല്‍ വ്യാപകമായിരിക്കുകയാണ്. വൈറസ് ഇപ്പോള്‍ ചൈനയും കടന്ന്, തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

2002-ന്റെ അവസാനത്തില്‍ സാഴ്‌സ് വൈറസ് (SARS virus) ദക്ഷിണ ചൈനയില്‍ വന്‍തോതില്‍ വ്യാപിക്കുകയുണ്ടായി. അജ്ഞാതമായ ഈ വൈറസിനെ കണ്ടെത്തിയ കാര്യം ലോക ആരോഗ്യ സംഘടനയ്ക്കു മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ 2003 ഫെബ്രുവരി വരെ ചൈനയിലെ ആരോഗ്യരംഗത്തെ അധികൃതര്‍ കാത്തിരുന്നു. യഥാസമയം പ്രതിരോധിക്കാത്തിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഈ വൈറസ് പടരാനും കാരണമായി. 8,000-ത്തിലേറെ പേരില്‍ വൈറസ് ബാധയുണ്ടായി. 37 രാജ്യങ്ങളിലായി 700-ാളം പേര്‍ക്കു ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ ആഫ്രിക്കന്‍ പന്നിപ്പനി ചൈനയിലുടനീളവും അയല്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതും 2002-03 കാലഘട്ടത്തില്‍ സാഴ്‌സ് വൈറസ് വ്യാപിച്ചതു പോലെ സമാനമായ അവസ്ഥയിലാണ്. സാഴ്‌സ് വൈറസിനെ ചൈന കാര്യക്ഷമമല്ലാതെ നേരിട്ടതു പോലെ ഇപ്പോള്‍ ആഫ്രിക്കന്‍ പന്നിപ്പനിയെയും നേരിടുകയാണ്. ഫലമോ, അയല്‍ രാജ്യങ്ങളിലേക്കും ഈ വൈറസ് പടര്‍ന്നിരിക്കുന്നു.
പിഗ് എബോള (pig Ebola) എന്ന് അറിയപ്പെടുന്ന സാംക്രമിക രോഗമായ ആഫ്രിക്കന്‍ പന്നിപ്പനിയുടെ വ്യാപനം തടയാന്‍ പോരാട്ടം നടത്തുകയാണു തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍. പിഗ് എബോളയെ നേരിടാന്‍ ഇതിനോടകം ചൈനയിലും വിയറ്റ്‌നാമിലും ദശലക്ഷക്കണക്കിനു പന്നികളെ കൊന്നൊടുക്കി. ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യര്‍ക്കു ദോഷകരമല്ല, പക്ഷേ പന്നികള്‍ക്കു ഭീഷണിയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് അവിടെ അതു നാശം സൃഷ്ടിക്കുകയും ചെയ്തു. ഏകദേശം 1.2 ദശലക്ഷം പന്നികളെ പിന്നീട് കൊന്നൊടുക്കേണ്ടതായും വന്നു. ആഗോളതലത്തില്‍, വ്യാവസായിക ആവശ്യത്തിനുള്ള പന്നികളില്‍ പകുതിയും വളര്‍ത്തുന്നത് ചൈനയിലെ ഫാമുകളിലാണ്. എന്നാല്‍ ചൈനയില്‍നിന്നുള്ള ഈ വാര്‍ത്ത പ്രചരിച്ചതോടെ ആഗോളതലത്തില്‍ പന്നിയുടെ വിലയില്‍ വലിയ കുതിച്ചുകയറ്റമാണുണ്ടായത്.

ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്‌സിനേഷന്‍ അഥവാ കുത്തിവയ്പ് ഇല്ലെന്നതാണ് ഒരു കാര്യം. ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നിക്ക് ആന്തരിക രക്തസ്രാവം ഉണ്ടാകും. അതു മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അതിനാല്‍ രോഗത്തിനുള്ള ചെറുത്തുനില്‍പ്പ് എന്നത് പന്നിപ്പനി ബാധയുള്ള പന്നിയെ കൊന്നൊടുക്കുക എന്നതാണ്. ഇപ്പോള്‍ ചൈനയില്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ, ഏകദേശം 200 ദശലക്ഷം പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നും പറയപ്പെടുന്നു.
ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സംഭവം ഏഷ്യയില്‍ കാട്ടുതീ പോലെ പടര്‍ന്നിരിക്കുകയാണ്. ഇതാകട്ടെ, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പന്നി വളര്‍ത്തു ഫാമുകളിലെ കര്‍ഷകര്‍ക്ക് ആശങ്കയും സമ്മാനിച്ചിരിക്കുകയാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ പോര്‍ക്ക് മാംസത്തിന്റെ ഉല്‍പാദകരായ തായ്‌ലാന്‍ഡ് ‘റെഡ് അലെര്‍ട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ പന്നിപ്പനി മംഗോളിയയിലും, ഉത്തര കൊറിയയിലും, ഹോങ്കോങിലും സമീപ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയ അവിടെയുള്ള ഫാമുകളിലെ പന്നികളുടെ രക്തപരിശോധനയും നടത്തിവരികയാണ്.

യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ആഫ്രിക്കന്‍ പന്നിപ്പനി പൊട്ടിപ്പുറപ്പെടാന്‍ വളരെ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാജ്യങ്ങളാണു മ്യാന്‍മാറും, ഫിലിപ്പീന്‍സും, ലാവോസും. കാരണം ഈ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ പന്നികളുടെയും പന്നികളില്‍നിന്നുള്ള ഉത്പന്നങ്ങളുടെയും നീക്കങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം ദുര്‍ബലമാണ്. ഇത് രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ രോഗം നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നതിനാല്‍ ഈ രോഗം തെക്ക്-കിഴക്കന്‍ ഏഷ്യയിലുടനീളം വ്യാപിച്ചേക്കുമെന്ന ആശങ്കയുണ്ടെന്നു യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ റീജ്യണല്‍ മാനേജര്‍ ഡോ. വാന്‍ടൈ കല്‍പ്രവിദ് പറയുന്നു. ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ ഏഷ്യയ്ക്കുമപ്പുറം കാണപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. പോര്‍ക്ക് മാംസത്തിന്റെ വില ഏകദേശം 40 ശതമാനത്തിനും മുകളിലേക്ക് ഉയര്‍ന്നു. ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെന്നു പറയുന്നത്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള പോര്‍ക്കിന്റെ വന്‍തോതിലുള്ള ഇറക്കുമതിയായിരിക്കും. അതാകട്ടെ ആഗോളതലത്തില്‍ പോര്‍ക്ക് മാംസത്തിന്റെ വില ഉയരാനും കാരണമാകുമെന്നു നിരീക്ഷകര്‍ പറയുന്നു.

വിയറ്റ്‌നാമില്‍ ഈ വര്‍ഷം ജനുവരിയിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രദേശത്താണു പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. പന്നിപ്പനി വൈറസ് വിയറ്റ്‌നാമിലെ 63 പ്രവിശ്യകളില്‍ 48 എണ്ണത്തിലും ഇപ്പോള്‍ വ്യാപിച്ചു കഴിഞ്ഞതായി കൃഷി മന്ത്രി ഗുയിന്‍ സുവാന്‍ കൂങ് പറഞ്ഞു. ഇതിനോടകം രാജ്യത്ത് രണ്ട് മില്യന്‍ പന്നികളെ കൊന്നൊടുക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇത്രയും അപകടകരമായ, സങ്കീര്‍ണമായ, ചെലവേറിയ പകര്‍ച്ചവ്യാധിയെ വിയറ്റ്‌നാം ഇതുവരെ നേരിട്ടിട്ടില്ലെന്നു മന്ത്രി പറഞ്ഞു. ആഫ്രിക്കന്‍ പന്നിപ്പനി വിയറ്റ്‌നാമിന്റെ സാമ്പത്തിക, സാമൂഹിക തലത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിയറ്റ്‌നാമില്‍ ഉപഭോഗം ചെയ്യുന്ന മാംസങ്ങളുടെ 75 ശതമാനവും പോര്‍ക്കിന്റെ മാംസമാണ്. വിയറ്റ്‌നാമില്‍ ഈ വിപണി 32 മില്യന്‍ പൗണ്ടിന്റേതാണ്. അതായത് 3.2 കോടി രൂപ മൂല്യമുള്ളത്. വിയറ്റ്‌നാമില്‍ പോര്‍ക്ക് ഫാമിംഗ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാര്‍ഷികമേഖലയുടെ 50 ശതമാനം തൊഴിലാളികളും ഉപജീവനം കണ്ടെത്തുന്നതും പോര്‍ക്ക് ഫാമിംഗില്‍നിന്നാണ്. വിയറ്റ്‌നാമിനെ പോലെ പന്നിപ്പനി ബാധിച്ച മറ്റൊരു തെക്ക് കിഴക്കനേഷ്യന്‍ രാജ്യമാണ് കംബോഡിയ. ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ രണ്ട് മാസത്തിനിടെ കംബോഡിയ 2400-ാളം പന്നികളെയാണു കൊന്നൊടുക്കിയത്.

പന്നിപ്പനി ചൈനയെ സാരമായി ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 128 ബില്യന്‍ ഡോളറിന്റേതാണു ചൈനയിലെ പോര്‍ക്ക് വ്യവസായം. എന്നാല്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ചൈനയില്‍ പോര്‍ക്കിന്റെ ഉത്പാദനത്തില്‍ ഇപ്രാവിശ്യം 30 ശതമാനം ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ 30 ശതമാനം പോര്‍ക്ക് ഉത്പാദനമെന്നു പറയുന്നത്, യൂറോപ്പിന്റെ മൊത്തം പോര്‍ക്ക് ഉത്പാദനം കൂടിയാണ്. പ്രതിവര്‍ഷം ചൈനയില്‍ 700 ദശലക്ഷം പന്നികളെ മാംസത്തിനായി അറക്കുന്നുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പന്നിപ്പനി കണ്ടെത്തിയതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ 150 മുതല്‍ 200 ദശലക്ഷം വരെയുള്ള പോര്‍ക്കുകളെ കൊന്നൊടുക്കേണ്ടതായും വന്നിരിക്കുകയാണ്. ഈ നഷ്ടം പരിഹരിക്കാന്‍ ചൈന യൂറോപ്പ്, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും പോര്‍ക്ക് ഇറക്കുമതി ചെയ്താല്‍ പോലും സംഭവിച്ച നഷ്ടം നികത്താനാവില്ലെന്നും പറയപ്പെടുന്നു. ചൈന-യുഎസുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വേളയിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് എന്നത് പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു. വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ചൈന ഏതാനും നാളുകള്‍ക്കു മുന്‍പ് അമേരിക്കയില്‍നിന്നുള്ള പോര്‍ക്കിന്റെ ഇറക്കുമതിക്ക് 62 ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ തുടര്‍ന്ന് ഈ നികുതി എടുത്തുകളയാന്‍ ബീജിംഗ് തയാറായേക്കും. പക്ഷേ, അത്തരം നടപടി, ചൈനയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നതായിരിക്കുകയും ചെയ്യും.

Comments

comments

Categories: Top Stories