യുഎഇയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഒരു രാജ്യമെന്ന് അന്വേഷണ സമിതി

യുഎഇയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഒരു രാജ്യമെന്ന് അന്വേഷണ സമിതി

യുഎഇ,സൗദി അറേബ്യ, നോര്‍വെ എന്നീ രാജ്യങ്ങളുടേതാണ് കണ്ടെത്തല്‍ അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ യുഎന്‍ സുരക്ഷാ സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക്: ഫുജെയ്‌റ തീരത്തിന് സമീപം നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ‘ഒരു രാജ്യമെന്ന്’ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഒരു രാജ്യത്തെ പോലെ, പ്രബലമായ സൈനിക ശേഷിയുള്ളവര്‍ നടത്തിയ വളരെ കൃത്യവും ആസൂത്രിതവുമായ ആക്രമണമാണ് യുഎഇയില്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായതെന്നതിന് ശക്തമായ സൂചനകള്‍ ഉള്ളതായി യുഎഇ, സൗദി അറേബ്യ, നോര്‍വെ, എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ സമിതി വ്യക്തമാക്കി. സമിതിയുടെ പ്രാഥമിക കണ്ടെത്തലുകള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ അനൗദ്യോഗിക യോഗത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറയുന്നില്ല. കപ്പലോ അതിലുള്ള ചരക്കോ മുങ്ങാത്ത വിധം കപ്പലിന് കേട്പാട് വരുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമാണ് ഉണ്ടായതെന്ന് അന്വേഷണ സമിതി വ്യക്തമാക്കി. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം നടത്തുന്ന അമേരിക്കയുടെ കണ്ടെത്തലുകള്‍ പുറത്ത് വന്നിട്ടില്ല.

സാങ്കേതിക വസ്തുതകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതലായും ഉള്ളത്. ആക്രമണത്തില്‍ നാല് ടാങ്കറുകള്‍ക്കുണ്ടായ കേടുപാടുകളുടെ വിലയിരുത്തലിലും സംഭവസ്ഥലത്ത് നിന്നും ലഭിച്ച അവശിഷ്ടങ്ങളുടെ രാസപരിശോധനയിലും പറ്റിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന, വെള്ളത്തിനിടിയില്‍ ഉപയോഗിക്കുന്ന ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് അന്വേഷണത്തില്‍ ഉള്‍പ്പെട്ട മൂന്ന് രാഷ്ട്രങ്ങളുടെ അംബാസഡര്‍മാരുടെ പ്രസ്താവനയില്‍ പറയുന്നു. റഡാറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും, ആക്രമണത്തിന് കുറച്ച് മുമ്പ് കപ്പലുകള്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു എന്ന വസ്തുതയുടെയും അടിസ്ഥാനത്തില്‍ അതിവേഗ ബോട്ടുകളിലെത്തിയ നീന്തല്‍ വിദഗ്ധര്‍ ആയിരിക്കും കപ്പലില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എഞ്ചിനുകള്‍ക്ക് സമീപം, കപ്പലോ അതിലുള്ള ചരക്കോ മുങ്ങാത്ത വിധമാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത്. ലക്ഷ്യം വെച്ച കപ്പലുകളുടെ രൂപഘടന സംബന്ധിച്ച് വ്യക്തമായ അറിവുള്ളവര്‍ക്കേ അതിന് സാധിക്കുകയുള്ളു. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച ശേഷം അക്രമികള്‍ അതിവേഗ ബോട്ടുകളില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് മേഖല സംബന്ധിച്ച് അവര്‍ക്കുള്ള കൃത്യമായ അവധാഹമാണ് സൂചിപ്പിക്കുന്നതെന്നും അന്വേഷണ സമിതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ ഒരു രാജ്യമാണെന്ന് സംശയിക്കുന്നതിനുള്ള തെളിവുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ആക്രമണസമയത്ത് ഫുജെയ്‌റ തീരത്ത് നങ്കൂരമിട്ടിരുന്ന എല്ലാ വിഭാഗത്തിലുമുള്ള 200ഓളം ചരക്ക് കപ്പലുകളില്‍ നിന്നും നാല് എണ്ണടാങ്കറുകളെ ആക്രമണത്തിനായി തെരഞ്ഞെടുക്കുന്നതിന് വിദഗ്ധമായ ഇന്റെലിജന്‍സ് ശേഷി ആവശ്യമാണ്. അക്രമിക്കപ്പെട്ട കപ്പലുകളില്‍ ഒരെണ്ണം മറ്റുള്ളവയ്ക്ക് എതിരെയുള്ള ഭാഗത്തായിരുന്നു നങ്കൂരമിട്ടിരുന്നത്. ആകസ്മികമായല്ല, നേരത്തെ പദ്ധതിയിട്ട പ്രകാരമാണ് കപ്പലുകളെ ആക്രമണത്തിനായി തെരഞ്ഞടുത്തതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അക്രമിക്കപ്പട്ട കപ്പലുകളെ കുറിച്ച് മുന്‍ധാരണ ഉള്ളവര്‍ക്ക് മാത്രമേ അവ പെട്ടന്ന് കണ്ടെത്തി ആക്രമണം നടത്താന്‍ സാധിക്കുകയുള്ളു. ഇത്തരം ഒരു ആക്രമണം നടത്തുന്നതിന് പരിശീലനം ലഭിച്ച നീന്തല്‍ വിദഗ്ധര്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് വേണ്ടുന്ന പരിശീലനത്തിന്റെ നിലവാരവും അതിന്റെ സ്വഭാവവും വിലയിരുത്തുമ്പോള്‍ ഒരു രാജ്യത്തിന്റെ ആസൂത്രണ പ്രകാരമുള്ള ആക്രമണമാണ് ഫുജെയ്‌റയില്‍ നടന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു മണിക്കൂറിനുള്ളിലാണ് നാല് കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പങ്കെടുത്ത സംഘാംഗങ്ങള്‍ക്കിടയിലെ കൃത്യമായ സഹകരണമാണ് അത് വെളിവാക്കുന്നത്. മാത്രമല്ല, വളരെ പെട്ടെന്ന് യുഎഇയുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച് ആക്രമണം നടത്തി തിരിച്ചുപോകുന്നതിന് വിദഗ്ധമായ നാവികശേഷി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഏതെങ്കിലും ഒരു രാജ്യത്തെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുമെന്നും അന്വേഷണത്തില്‍ പങ്കെടുക്കുന്ന ഓരോ രാഷ്ട്രങ്ങളും അവരുടെ പ്രാഥമിക കണ്ടെത്തലുകള്‍ ലണ്ടനിലെ ഇന്റര്‍നാഷ്ണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് 12നാണ് ഫുജെയ്‌റ തുറമുഖത്തിന് സമീപം നാല് കപ്പലുകള്‍ അക്രമിക്കപ്പെട്ടത്. കപ്പലുകളില്‍ രണ്ടെണ്ണം സൗദി അറേബ്യയുടേതും ഒരെണ്ണം യുഎഇയുടേതും മറ്റൊരെണ്ണം നോര്‍വെയുടേതുമായിരുന്നു. അമേരിക്കയും ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ഇറാന്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കയും സൗദി അറേബ്യയും പരസ്യമായി ആരോപിച്ചിട്ടുണ്ട്. പക്ഷേ,
യുഎഇ ഇതുവരെ സംഭവത്തില്‍ ഒരു രാഷട്രത്തിനെതിരായും ആരോപണം ഉന്നയിച്ചിട്ടില്ല. അന്വേഷണ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരും വരെ ആരെയെങ്കിലും കുറ്റപ്പെടുത്തില്ല എന്ന നിലപാടാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. ആക്രമണത്തെ നേരത്തെ തന്നെ അപലപിച്ച ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്കുള്ള പങ്കും നിഷേധിച്ചിട്ടുണ്ട്.

ആക്രമണം സംബന്ധിച്ച തങ്ങളുടെ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎഇ അംബാസഡര്‍ ലെന നുസൈബ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. ആഗോള സമുദ്രഗതാഗതത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണ് ഈ ആക്രമണം. കണ്ടെത്തലുകള്‍ തികച്ചും സാങ്കേതികപരമാണ്. തുടര്‍ന്നുള്ള കണ്ടെത്തലുകളും സുരക്ഷാ സമിതിക്ക് മുമ്പാകെ അവതരിപ്പിക്കും.ആക്രമണം സംബന്ധിച്ച് അമേരിക്ക സ്വതന്ത്രമായ അന്വേഷണമാണ് നടത്തുന്നതെന്നും അവരുടെ കണ്ടെത്തലുകള്‍ യുഎഇ ഇതുവരെ കണ്ടിട്ടില്ലെന്നും ലെന പറഞ്ഞു. മേഖലയുടെയും ആഗോള എണ്ണവിതരണത്തിന്റെയും കപ്പല്‍ഗതാഗതത്തിന്റെയും സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ലെന ആവശ്യപ്പെട്ടു.

ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് റിയാദ് ഉറച്ച് വിശ്വസിക്കുന്നതായി ഐക്യരാഷ്ട്ര സഭയിലെ സൗദി അംബാസഡര്‍ അബ്ദുള്ള അല്‍ മൗഅല്ലിമി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.സംഭവത്തില്‍ ഇറാനെ കുറ്റപ്പെടുത്തുന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇത്തരം പ്രതീകാത്മക അക്രമണങ്ങള്‍ അനുവദിച്ചുകൊടുത്താല്‍ കൂടുതല്‍ അക്രമസംഭവങ്ങളിലേക്ക് അത് വഴി തുറുമെന്നും മൗഅല്ലിമി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഏകദേശം ഉറപ്പായതായി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുഎഇ നേതൃത്വം നല്‍കുന്ന അന്വേഷണ സമിതിയുടെ കണ്ടെത്തല്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലെ നിയുക്ത അമേരിക്കന്‍ അംബാസഡര്‍ ജൊനാഥന്‍ കോഹെന്‍ പ്രതികരണത്തിന് തയാറായില്ല.

അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ വരുംദിവസങ്ങളില്‍ സുരക്ഷാസമിതിക്ക് മുമ്പാകെ ഔദ്യോഗികമായി സമര്‍പ്പിക്കും. പക്ഷേ ഈ കണ്ടെത്തലുകള്‍ സുരക്ഷാസമിതി അംഗീകരിച്ച് കൊള്ളണമെന്നില്ല. ആക്രമണം സംബന്ധിച്ച് പെട്ടന്നൊരു നിഗമനത്തില്‍ എത്തിച്ചേരില്ലെന്നാണ് സുരക്ഷാ സമിതിയുടെ അനൗദ്യോഗിക യോഗത്തിന് ശേഷം റഷ്യയുടെ ഡെപ്യൂട്ടി അംബാസഡറായ വഌദിമര്‍ സഫ്രോണ്‍കോവ് പ്രതികരിച്ചത്.

Comments

comments

Categories: Arabia

Related Articles