ഇലക്ട്രിക് വാഹന ബിസിനസ്സിലേക്ക് സഹാറ ഗ്രൂപ്പ്

ഇലക്ട്രിക് വാഹന ബിസിനസ്സിലേക്ക് സഹാറ ഗ്രൂപ്പ്

സഹാറ ഇവോള്‍സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കും

ന്യൂഡെല്‍ഹി : സഹാറ ഇവോള്‍സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ സഹാറ ഗ്രൂപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കും. ഓട്ടോമൊബീല്‍ മേഖലയില്‍ ഒന്ന് പയറ്റുകയാണ് സഹാറ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ അനുബന്ധ സേവനങ്ങളും സഹാറ ഇവോള്‍സ് ലഭ്യമാക്കും. സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, മൂന്നുചക്ര വാഹനങ്ങള്‍, കാര്‍ഗോ വാഹനങ്ങള്‍ എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങളായി വിപണിയിലെത്തിക്കും. ബാറ്ററി ചാര്‍ജിംഗ് കം സ്വാപ്പിംഗ് സ്റ്റേഷനുകളുടെ ശൃംഖലയും ആരംഭിക്കും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹാറ ഇന്ത്യ പരിവാര്‍ ചെയര്‍മാന്‍ സുബ്രത റോയ് പറഞ്ഞു.

സഹാറ ഇവോള്‍സ് എന്ന പേരില്‍ ഔദ്യോഗിക വെബ്‌സൈറ്റ് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു. ക്ലാസിക്, ജെഎംടി 1000 എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും വീര എന്ന ഇലക്ട്രിക് മൂന്നുചക്ര വാഹനവും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നു. വിസ് ഇഎസ്, വിസ് എസ്ഇ എന്നീ രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വൈകാതെ എത്തുമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ക്ലാസിക്, ജെഎംടി 1000 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് ടോപ് സ്പീഡ്. അതേസമയം, വീര എന്ന ഇലക്ട്രിക് റിക്ഷ 145 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം.

ഡ്രൈ ലിഥിയം അയണ്‍ ബാറ്ററികളാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ശരാശരി 20 പൈസ മാത്രമാണ് ചെലവ് വരുന്നതെന്ന് സഹാറ ഇവോള്‍സ് അവകാശപ്പെട്ടു. ലഖ്‌നൗയില്‍നിന്നാണ് സഹാറ ഇവോള്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ സാന്നിധ്യമറിയിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇലക്ട്രിക് വാഹനങ്ങളും സര്‍വീസുകളും രാജ്യമെങ്ങും ലഭ്യമാക്കും.

Comments

comments

Categories: Auto