എണ്ണവിലയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാകാതെ റഷ്യയും സൗദി അറേബ്യയും

എണ്ണവിലയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാകാതെ റഷ്യയും സൗദി അറേബ്യയും

ബാരലിന് 60-65 ഡോളര്‍ വില സ്വീകാര്യമെന്ന് പുചിന്‍; ദണ്ണവിലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഫാലി

റിയാദ്: എണ്ണവിപണിയില്‍ അനിശ്ചിതത്വം തുടരുമ്പോഴും എണ്ണവില സംബന്ധിച്ചും ഉല്‍പ്പാദനക്കുറവ് സംബന്ധിച്ചും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയാതെ ഒപെക് പ്ലസ് സഖ്യത്തിലെ പ്രബലരായ റഷ്യയും സൗദി അറേബ്യയും. റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാകും സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിയും കഴിഞ്ഞ ദിവസം സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും എണ്ണവിതരണം കുറയ്ക്കുന്നത് സംബന്ധിച്ച അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഇവര്‍ക്കും സാധിച്ചില്ല.

എണ്ണവിലയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന ഒരു നടപടികള്‍ക്കും തയാറല്ലെന്ന് ഫാലി പറഞ്ഞു. 2014-15 വര്‍ഷത്തെ വിലത്തകര്‍ച്ചയിലേക്ക് എണ്ണവിപണി തിരിച്ചുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫാലി വ്യക്തമാക്കി. തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങളുടെ സ്വാധീനം മൂലം എണ്ണവിപണിയില്‍ പൂര്‍ണമായ സ്ഥിരത കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്നും ഫാലി കുറ്റപ്പെടുത്തി.

അന്തിമ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്നും അതിന് കൂടുതല്‍ സമയം വേണമെന്നും ഫാലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നൊവാക് പറഞ്ഞു. അടുത്ത ആഴ്ച വിയന്നയില്‍ ചേരാനിരിക്കുന്ന ഒപെക് പ്ലസ് സമ്മേളനത്തിന് മുന്നോടിയായി തീരുമാനം കൈക്കൊള്ളുമെന്നും നൊവാക് പറഞ്ഞു. സമ്മേളനത്തിനോട് അടുത്ത ദിവസങ്ങളില്‍ എന്ത് നടപടി കൈക്കൊള്ളണമെന്നത് സംബന്ധിച്ച് കുറച്ച് കൂടി വ്യക്തത കൈവരുമെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണയുല്‍പ്പാദനം കുറയ്ക്കണമെന്ന ഒപെക് പ്ലസിന്റെ മുന്‍ തീരുമാനം ഈ മാസം അവസാനിക്കാനിരിക്കെ ഈ നിലപാട് തുടരണമെന്ന ശക്തമായ അഭിപ്രായമാണ് സൗദി അറേബ്യയ്ക്കുള്ളത്. അതേസമയം ഇതിനോട് തീര്‍ത്തും വിരുദ്ധമായ അഭിപ്രായമാണ് റഷ്യയ്ക്ക്. ഇക്കാര്യത്തില്‍ റഷ്യയ്ക്കുള്ള അഭിപ്രായവ്യത്യാസം പ്രസിഡന്റ് വഌദിമര്‍ പുചിന്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് സഖ്യരാഷ്ട്രങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ വ്യാപാരം ചെയ്യുന്നതില്‍ തന്റെ രാഷ്ട്രത്തിന് സന്തോഷമാണെന്നായിരുന്നു പുചിന്റെ പ്രസ്താവന.

വ്യത്യസ്ത താല്‍പ്പര്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണി അനിശ്ചിതത്വവും മൂലം ഒപക്, ഒപെക് പ്ലസ് സംഘടനകള്‍ക്ക് വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അമേരിക്ക-ചൈന വ്യാപാര തര്‍ക്കവും, ഇറാനില്‍ നിന്നും വെനസ്വെലയില്‍ നിന്നുമുള്ള വിതരണത്തകര്‍ച്ച സംബന്ധിച്ച ആശങ്കയും മൂലം എണ്ണവിപണി ദീര്‍ഘനാളുകളായി അനിശ്ചിതാവസ്ഥയിലാണ്. കൂടുതല്‍ മെച്ചപ്പെട്ട എണ്ണവില ആഗ്രഹിക്കുന്ന സൗദി അറേബ്യ അതിന് വേണ്ടി ഉല്‍പ്പാദനം വളരെയധികം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തയ്യാറല്ലെന്ന റഷ്യന്‍ പിടിവാശിക്ക് പിന്നിലെ താല്‍പ്പര്യം ഇതുവരെ വ്യക്തമായിട്ടില്ല.

വിപണിയിലെ പ്രതികൂല ഘടകങ്ങളുടെ പ്രതിഫലനമെന്നോണം ഫ്യൂച്ചേഴ്‌സ് വിലയില്‍ കഴിഞ്ഞ ആഴ്ച വളരെയധികം ഇടിവുണ്ടായി. ബ്രെന്റിന് ജനുവരിക്ക് ശേഷം ആദ്യമായി ബാരലിന് 60 ഡോളറിലും താഴേക്ക് വിലയിടിഞ്ഞു. ഈ സംഭവവികാസങ്ങളില്‍ റഷ്യന്‍ നേതാക്കള്‍ ആശങ്കയറിയിച്ചിരുന്നു.സൗദി അറേബ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ‘മെച്ചപ്പെട്ട വില’ സംബന്ധിച്ച് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം ഉള്ളതായി പുചിന്‍ പറഞ്ഞു. തങ്ങളുടെ ബജറ്റ് ബാരലിന് 40 ഡോളര്‍ വിലനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളത് ആയതിനാല്‍ 60-65 ഡോളര്‍ വിലയില്‍ തങ്ങള്‍ തൃപ്തരാണെന്നാണ് പുചിന്‍ പറഞ്ഞത്.

Comments

comments

Categories: FK News
Tags: Oil price, OPEC

Related Articles