ആര്‍ബിഐ നല്‍കുന്ന സന്ദേശം

ആര്‍ബിഐ നല്‍കുന്ന സന്ദേശം

സാമ്പത്തിക രംഗത്ത് മാന്ദ്യമനുഭവപ്പെട്ടിരിക്കുന്ന ദുഷ്‌കരമായ സാഹചര്യത്തില്‍, റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച ആര്‍ബിഐ ധനനയ സമിതിയുടെ നടപടി സ്വാഗതാര്‍ഹമാണ്. ഇനിയും നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശം കൂടി അത് നല്‍കുന്നു

രാജ്യം കടുത്ത സാമ്പത്തിക പരീക്ഷണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വിപണിയിലേക്കുള്ള പണമൊഴുക്ക് തന്നെ മന്ദഗതിയിലായി. ഉപഭോഗം, നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളിലെല്ലാം തിരിച്ചടികള്‍ അനുഭവപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കില്‍ വീണ്ടും കുറവ് വരുത്തിയത്. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 5.75 ശതമാനമാക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്. വാണിജ്യ ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ. അതിനാല്‍ തന്നെ നിരക്കിളവ് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്ന ഉപഭോക്താക്കളുടെ പലിശനിരക്കിലും പ്രതിഫലിക്കണം. അത് വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ലെന്ന മുന്‍കാല വിമര്‍ശനങ്ങളെ ബാങ്കുകള്‍ ഗൗരവത്തോടെ കണക്കിലെടുക്കുകയും വേണം.

2018 ഡിസംബറില്‍ ആര്‍ബിഐ മേധാവിയായി ശക്തികാന്ത ദാസ് ചുമതലയേറ്റ ശേഷം തുടര്‍ച്ചയായി മൂന്നാം തവണയാണ് പലിശനിരക്കില്‍ കുറവ് വരുത്തുന്നത്. സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്ന ഉദാരമായ സമീപനമാണത്. വിപണിയില്‍ അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന സൂചനങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് ഇത്തരമൊരു നിരക്കിളവ് സ്വാഗതാര്‍ഹം തന്നെയാണ്. ഇനിയും നിരക്കില്‍ ഇളവ് വരുത്തുമെന്ന സൂചനയും കേന്ദ്ര ബാങ്ക് നല്‍കിയിട്ടുണ്ട്. പണമൊഴുക്കിന്റെ കാര്യത്തില്‍ ആയാസരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനാണിത്.

അടുത്തിടെ പുറത്തുവന്ന ജിഡിപി കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ നിരക്കിളവ് അനിവാര്യമാണെന്ന് ബോധ്യമാകും. 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൊത്തം ആഭ്യന്തര ഉല്‍പ്പാദന നിരക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാന പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി-മാര്‍ച്ച് പാദത്തില്‍ കേവലം 5.8 ശതമാനം മാത്രമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 6.6 ശതമാനമായിരുന്നു ഇത്. പ്രസ്തുത പാദത്തിലെ കണക്കുവെച്ചു നോക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന അലങ്കാരം ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തിരിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമാണ്, 2017-18ല്‍ ഇത് 7.2 ശതമാനവും 2016-17ല്‍ 8.2 ശതമാനവുമായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വളര്‍ച്ചാ മന്ദ്യത്തിന്റെ പിടിയില്‍ നിന്നും പുറത്തുവരാന്‍ രാജ്യത്തിന് സാധിച്ചിട്ടില്ല.

പാദ കണക്കുകളുടെ അടിസ്ഥാനത്തിലും തുടര്‍ച്ചയായി തന്നെയാണ് ഇടിവ്. 2018 സാമ്പത്തികവര്‍ഷത്തിലെ അവസാന പാദത്തിലെ വളര്‍ച്ചാ നിരക്ക് 8.1 ശതമാനമായിരുന്നു. 2019 സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് എട്ട് ശതമാനമായും രണ്ടാം പാദത്തില്‍ 7 ശതമാനമായും മൂന്നാം പാദത്തില്‍ 6.6 ശതമാനമായും ഒടുവില്‍ നാലാം പാദത്തില്‍ 5.8 ശതമാനമായും കുറഞ്ഞു.

ഇത്തരമൊരു ദുഷ്‌കരമായ സാഹചര്യത്തിലാണ് നമ്മുടെ സമ്പദ് വ്യവസ്ഥ നിലവില്‍ എത്തിനില്‍ക്കുന്നത്. ഘടനാപരമായി പുതിയ രീതികളിലേക്ക് കാര്യങ്ങള്‍ മാറിയെങ്കിലും വളര്‍ച്ചയുടെ വേഗത കൂട്ടേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആര്‍ബിഐയുടെ നിരക്കിളവ് വിപണി പ്രതീക്ഷിച്ചതാണ്. പ്രത്യേകിച്ചും തൊഴില്‍കണക്കുകളുടെ കാര്യവും പ്രശ്‌നാധിഷ്ഠിതമായിരിക്കുമ്പോള്‍. വരും നാളുകളില്‍ സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കിലെത്തിക്കുന്നതിന്റെ ഭാരം വലിയ രീതിയില്‍ ധനനയസമിതിക്കു കൂടി താങ്ങേണ്ടി വരുമെന്നത് ഉറപ്പായിരിക്കുകയാണ്. ഉപഭോഗ ആവശ്യകതയില്‍ വന്ന തിരിച്ചടിയില്‍ നിന്ന് കരകയറുകയെന്നതാണ് ഏറ്റവും പ്രധാനമായ വെല്ലുവിളി. ഇക്കാര്യത്തില്‍ ആര്‍ബിഐക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു എന്നുവേണം കരുതാന്‍.

Categories: Editorial, Slider
Tags: RBI, Rippo rate