ശ്രദ്ധിക്കുക; കാലം മാറുന്നു, പാരന്റിംഗും…

ശ്രദ്ധിക്കുക; കാലം മാറുന്നു, പാരന്റിംഗും…

തന്റേതായ ലോകത്ത് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ജീവിക്കുവാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയെന്നത് മാതാപിതാക്കളുടെ കടമയാണ്

ഡോ. പ്രതീഷ് പി ജെ

ഡോ. പ്രതീഷ് പി ജെ

ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുന്നതുവരെ അവനുവേണ്ട സംരക്ഷണം നല്‍കി ശാരീരികമായും, മാനസികമായും, സാമൂഹികമായും, ബുദ്ധിപരമായും വളര്‍ത്തിയെടുക്കുന്നതിനെയാണ് പാരന്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളോട് സംസാരിച്ചും, കഥകള്‍ പറഞ്ഞുകൊടുത്തും അവരുടെ ഉള്ളില്‍ സാമൂഹികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വളരെ വലിയ പങ്കുതന്നെയുണ്ട്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ലൊരു തുടക്കം നല്‍കണം. പക്ഷെ കുട്ടികള്‍ ഈ ലോകത്തെ കാണുന്നത് അവരുടേതായ മനോഭാവത്തോടെയാണ് എന്നത് ഓര്‍ക്കണം.

തന്റേതായ ലോകത്ത് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ജീവിക്കുവാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയെന്നത് മാതാപിതാക്കളുടെ കടമയാണ്. മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പാരന്റിംഗ് രീതികളും മാറിക്കൊണ്ടിരിക്കുകയാണ്, മാത്രമല്ല അത് മത്സരത്തിന്റെ ഒരു വേദികൂടിയാകുന്നു.

എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് ഏറ്റവും നല്ല മാതാപിതാക്കള്‍ ആകണമെന്നാണ്. പക്ഷെ അത് പൂര്‍ണ്ണമായും സാധ്യമല്ല. എന്നാല്‍ ശാസ്ത്രപരമായി, വളര്‍ച്ചാഘട്ടങ്ങളിലുള്ള കുട്ടിയുടെ ആവശ്യങ്ങള്‍ ഒരുപോലെയാണ്. അധികമായാല്‍ അമൃതും വിഷമാണ്. അധികമായാല്‍ കുട്ടികള്‍ യുവത്വത്തിലേക്ക് കടക്കുമ്പോള്‍ അവരുടേതായ സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാനും, പ്രതിസന്ധികളെ നേരിടുവാനും ഉള്ള കഴിവ് അവരില്‍ നഷ്ടമാകുന്നു. അവര്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുപോലെതന്നെ മാതാപിതാക്കള്‍ ഒരു ശ്രദ്ധയും കുട്ടികള്‍ക്ക് നല്‍കാതെ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളൊന്നും നല്‍കാതെ അവരുടേതായ രീതിയില്‍ സ്വതന്ത്രമായി വിട്ടാല്‍ നല്ലൊരു സ്വഭാവരൂപീകരണം അവരില്‍ നടക്കുന്നില്ല. സമപ്രായക്കാരുടെ അഭിപ്രായങ്ങള്‍ക്കായിരിക്കും ഇത്തരം കുട്ടികള്‍ പ്രാധാന്യം നല്‍കുക.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വീക്ഷണം അനുസരിച്ച് മാതാപിതാക്കളുടെ പ്രധാനപ്പെട്ട 4 ഉത്തരവാദിത്തങ്ങള്‍ ഇവയാണ്.

1. കുട്ടിയുടെ ആരോഗ്യവും സുരക്ഷിതത്വവും നിലനിര്‍ത്തുക.
2. മാനസികമായി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക.
3. സാമൂഹികപരമായ കഴിവുകള്‍ ജനിപ്പിക്കുക.
4. ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് കുട്ടികളെ ഒരുക്കിയെടുക്കുക.
നിരവധി പഠനങ്ങള്‍ പറയുന്നത് മാതാപിതാക്കള്‍ നല്ലൊരു വഴികാണിച്ചുകൊടുത്ത്, നല്ല സ്വഭാവരൂപീകരണം നടത്തി വളര്‍ത്തിയെടുക്കുന്ന കുട്ടികളാണ് സാമൂഹികരീതികളുമായി ഏറ്റവും നന്നായി പൊരുത്തപ്പെട്ട് ജീവിക്കുന്നത്. സംരക്ഷണം അംഗീകരിക്കുക.നല്ല അന്തരീക്ഷം നിലനിര്‍ത്തുക. സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. തിരഞ്ഞെടുക്കലുകള്‍ നല്ലതായാലും മോശമായാലും അതിനെ ശരിയായ രീതിയില്‍ സമീപിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക.

പാരന്റിംഗ് പലതരം

Authoritarian Parenting: പഴയകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് ഇത്തരം പാരെന്റിംഗ് ആണ്. മാതാപിതാക്കള്‍ നിശ്ചയിക്കുന്ന നിയമങ്ങള്‍ കുട്ടികള്‍ നിര്‍ബന്ധമായും മറുചോദ്യം കൂടാതെ അനുസരിക്കേണ്ടിവരുന്നു.

ഇതിന്റെ ഏറ്റവും വലിയ പോരായ്മ എന്നു പറയുന്നത് കുട്ടികള്‍ക്ക് പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നില്ല. അതുമാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അനുസരണം മാത്രമായി ജീവിതം മാറുകയും ചെയ്യുന്നു.

നല്ലത് തിരഞ്ഞെടുക്കാന്‍ പരിശീലിപ്പിക്കാതെ അവരുടെ ചെറിയ വീഴ്ചകള്‍ക്ക് പോലും കര്‍ശനമായ ശിക്ഷണം നല്‍കുന്നു. അത് വഴി അവര്‍ എന്തുചെയാതാലും അതില്‍ കുറ്റബോധം ജനിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ കാര്യങ്ങള്‍ എങ്ങനെ നല്ലരീതിയില്‍ ചെയ്യണം എന്ന് ചിന്തിക്കുന്നതിനുപകരം അവര്‍ തങ്ങളുടെ മാതാപിതാക്കളുടെ ദേഷ്യസ്വഭാവത്തിലും മനോഭാവത്തിലുമായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ രീതിയില്‍ കുട്ടികള്‍ വളര്‍ന്നാല്‍ ഭാവിയില്‍ അവര്‍ വലിയ നുണയന്‍മാരായി മാറും. കാരണം കര്‍ക്കശക്കാരായ മാതാപിതാക്കളുടെ ശിക്ഷ ലഭിക്കാതിരിക്കാന്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും നുണപറയുന്നത് ശീലമാക്കുന്നു.

Authoritative Parenting: മാതാപിതാക്കള്‍ നിരവധി പരിശ്രമങ്ങളിലൂടെ കുട്ടികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നു. മാതാപിതാക്കള്‍ നിയമങ്ങള്‍ മുന്‍പോട്ട് വയ്ക്കുമെങ്കിലും കുട്ടികളുടെ കാഴ്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പരിഗണന നല്‍കുന്നു. കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ തടയാന്‍വേണ്ടി ഇത്തരം മാതാപിതാക്കള്‍ പരിശ്രമവും സമയവും ചിലവഴിക്കുന്നു. കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിന് പ്രോത്സാഹിപ്പിക്കാനായി അഭിനന്ദിക്കുകയോ ചെറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇങ്ങനെ വളരുന്ന കുട്ടികള്‍ എപ്പോഴും സന്തോഷവാന്‍മാരും ജീവിതത്തില്‍ വിജയം കൈവരിക്കുന്നവരുമായിരിക്കും. അവര്‍ എപ്പോഴും നല്ല വ്യക്തിത്വം ഉളളവരായിരിക്കുകയും അതോടൊപ്പം നല്ല തീരുമാനങ്ങള്‍ എടുക്കുകയും സ്വന്തം പ്രവൃത്തികളെ സ്വയം വിലയിരുത്തുകയും ചെയ്യാന്‍ അവര്‍ പ്രാപ്തരായിരിക്കും.

Permissive Parenting: നിയമങ്ങള്‍ മുമ്പോട്ട് വയ്ക്കുമെങ്കിലും അത് അനുസരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. ഇതില്‍ മാതാപിതാക്കള്‍ എപ്പോഴും ചിന്തിക്കുന്നത് തന്റെ കുട്ടികള്‍ ഏറ്റവും നല്ല രീതിയില്‍ എന്തും പഠിക്കണമെന്നാണ്. അതിനായി അവര്‍ക്ക് പിന്തുണ നല്കുന്നു. പക്ഷെ നിര്‍ബന്ധപൂര്‍വ്വം അവരെ ഒന്നും ചെയ്യിക്കുന്നില്ല.

Permissive parents are lenient: വളരെ അത്യാവശ്യമായ പ്രശ്‌നങ്ങളില്‍ മാത്രമേ മാതാപിതാക്കള്‍ അവരുടേതായ രീതിയില്‍ ഇടപ്പെടുകയുളളൂ. ഇത്തരക്കാര്‍ എപ്പോഴും ‘കുട്ടികള്‍ കുട്ടികളല്ലേ’ എന്ന മനോഭാവത്തോടുകൂടി എന്തും നിശബ്ദമായി ക്ഷമിക്കുന്നു. ഇത്തരത്തിലുള്ളവര്‍ എപ്പോഴും മാതാപിതാക്കള്‍ എന്നതിനേക്കാള്‍ ഉപരി കുട്ടിക്ക് നല്ലൊരു സുഹൃത്തായിരിക്കും. എപ്പോഴും കുട്ടികളുമായി സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെങ്കിലും അവരുടെ സ്വഭാവവൈകല്യങ്ങള്‍ മാറ്റാനായി അധികം പരിശ്രമിക്കുന്നില്ല. ഇത്തരം കുട്ടികള്‍ പഠനമേഖലയില്‍ ധാരാളം ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. ഈ കുട്ടികള്‍ അധികാരികളെ അംഗീകരിക്കുകയോ, നിയമങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാകുകയോ ഇല്ല. ഇവരില്‍ ധാരാളം സ്വാഭാവവൈകല്യങ്ങളും, സ്വയം മതിപ്പ് ഇല്ലായ്മയും എന്തിനോടും അതൃപ്തിയും കണ്ടുവരുന്നു.

Uninvolved Parenting: ഈ മാതാപിതാക്കള്‍ ഒരിക്കലും കുട്ടികളോട് അവരുടെ പഠനത്തേക്കുറിച്ചോ മറ്റുകാര്യങ്ങളെക്കുറിച്ചോ ഒന്നും അന്വേഷിക്കുന്നില്ല. കുട്ടി എവിടെയാണ് പോകുന്നതെന്നോ ആരോടൊപ്പം പോകുന്നതെന്നോ അവര്‍ക്ക് ചിലപ്പോള്‍ മാത്രമേ അറിവുണ്ടാവുകയുളളൂ. അധികം സമയം കുട്ടിയുമായി ചിലവഴിക്കാന്‍ പോലും അവര്‍ക്ക് സമയം ഉണ്ടാകില്ല. തന്റെ കുട്ടി എന്താണ് ചെയ്യുന്നത് എന്നോ, അവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എന്താണെന്നോ അത് വേണ്ട രീതിയില്‍ നടത്തിക്കൊടുക്കാനോ അവര്‍ക്ക് സമയം ഇല്ല. മനഃപൂര്‍വ്വമല്ലെങ്കിലും കുട്ടിയുടെ കാര്യങ്ങള്‍ അവര്‍ അവഗണിച്ചുകളയുന്നു. ഇതിനുദാഹരണമാണ് മാനസികപ്രശ്‌നമുളള മാതാപിതാക്കള്‍, അല്ലെങ്കില്‍ ലഹരി പദാര്‍ത്ഥങ്ങല്‍ക്ക് അടിമപ്പെട്ടുപോയ മാതാപിതാക്കള്‍.

അതുമല്ലെങ്കില്‍ ജോലിഭാരമോ, കുടുംബ പ്രശ്‌നങ്ങളോ മൂലം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു. ഇത്തരം കുട്ടികള്‍ പഠനകാര്യങ്ങളില്‍ വളരെ പുറകോട്ടായിരിക്കും അതുപോലെ സ്വഭാവവൈകല്യങ്ങളും ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥയുമായിരിക്കും കണ്ടുവരുന്നത്.

തിരിച്ച് വിദ്യാലയത്തിലേക്ക്

ഒരു പുതിയ അധ്യായനവര്‍ഷത്തിന്റെ തുടക്കത്തില്‍ കുട്ടികള്‍ ഒരുപാട് മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഉത്കണ്ഠ, ഭയം, ദേഷ്യം,നിരാശ തുടങ്ങിയവ ഈ സമയത്ത് കുട്ടികളില്‍ സര്‍വ്വസാധാരണമാണ്. അധ്യായന വര്‍ഷത്തേക്കുറിച്ചുളള കുട്ടികളുടെ ഉത്കണ്ഠ ഒഴിവാക്കാനുളള അദ്യപടി ഇതിന്റെ കാരണം കണ്ടുപിടിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ തന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് മനസിലാക്കാനും അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും അവര്‍ക്ക് സാധിക്കാതെ വരുന്നു.

കുട്ടികളോട് പ്രശ്‌നങ്ങള്‍ ചോദിച്ചാല്‍ അവര്‍ പറയുന്നത് ‘സ്‌കൂള്‍ മോശമാണ്, സ്‌കൂളില്‍ നിന്ന് ഞാന്‍ ഒന്നും പഠിക്കുന്നില്ല ടീച്ചറിന് എന്നെ ഇഷ്ടമല്ല എന്നൊക്കെയായിരിക്കും.’ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് ഇത്തരത്തിലുളള മോശമായ വിദ്യാലയ അനുഭവം ഉണ്ടാവാതിരിക്കാന്‍ ചെയേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍.

അവധിക്കാല ദിനചര്യകള്‍ അവസാനിപ്പിക്കുക.

അവധിക്കാല ജീവിതം എപ്പോഴും ശാന്തമായ ഒന്നാണ്. പ്രത്യേകിച്ച് നിയമങ്ങള്‍ ഒന്നും ഇല്ല. അതുപോലെതന്നെ സ്വതന്ത്രമായി എന്തും ചെയ്യാം. മാതാപിതാക്കള്‍ ഒന്നിനും അധികം കുറ്റവും വഴക്കും പറയില്ല. അവധിക്കാലത്തിന്റെ അവസാന നാളുകളില്‍ കുട്ടികളില്‍ വളര്‍ത്തി എടുക്കേണ്ടത് ‘ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ ദിനചര്യയും കഷ്ടപ്പാടുകളും’ ഉണ്ട് എന്ന മനോഭാവമാണ്..

പഠനങ്ങള്‍ പറയുന്നത്

കൃത്യമായ ദിനചര്യകളുടെ ക്രമപ്പെടുത്തലുകള്‍ വഴി വിദ്യാലയ ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനും പഠനമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും സാധിക്കും എന്നാണ്.

വിനോദത്തിനും വിശ്രമത്തിനും വായനയ്ക്കും എല്ലാം അവസരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഒരു ദിനചര്യ ക്രമപ്പെടുത്താന്‍ കുട്ടികളെ സഹായിക്കുക.

മിക്ക കുട്ടികളുടെയും ഉത്കണ്ഠയ്ക്ക് കാരണം അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷയ്ക്ക് ഒത്ത് അവര്‍ക്ക് ഉയരാന്‍ സാധിക്കാതെ വരുന്നതാണ്. കുട്ടികള്‍ക്ക് കഴിവ് കുറവാണ് എന്ന ചിന്ത ഉണ്ടാവുകയും തനിക്ക് ഒരിക്കലും വിജയിക്കാന്‍ കഴിയില്ല എന്ന ഒരു മനോഭാവം രൂപപ്പെടുകയാണെങ്കില്‍ മാതാപിതാക്കള്‍ ശരിയായ പിന്തുണ നല്‍കി അവരുടെ പഠനതാല്‍പ്പര്യം വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ അതിനു പകരം കുട്ടിയെക്കൊണ്ട് സാധിക്കാത്ത രീതിയില്‍ ‘എല്ലാത്തിനും എ ഗ്രേഡ് വാങ്ങണം എന്തിനും ഏറ്റവും മുന്‍പിലായിരിക്കണം’ എന്നുള്ള ലക്ഷ്യങ്ങള്‍ കുട്ടികളില്‍ നിറയ്ക്കുകയും ചെയ്യുമ്പോള്‍ അത് അവരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുകയാണ്.

മാതാപിതാക്കള്‍ എന്ന നിലയില്‍ തന്റെ കുട്ടിയുടെ കഴിവുകളും അതോടൊപ്പം അവന്റെ ബലഹീനതകളും മനസിലാക്കി അതിന് അനുയോജ്യമായ രീതിയിലുള്ള പ്രതീക്ഷകള്‍ കുട്ടികളില്‍ വയ്ക്കുകയും അവരെക്കൊണ്ട് നേടാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ മനസിലാക്കി അതിനായി അവരെ പ്രോത്സാഹിപ്പിക്കണം.

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞ് മനസിലാക്കിക്കൊടുക്കേണ്ട ഒരു കാര്യമാണ് ഏതൊരു പുതിയ കാര്യവും എളുപ്പമാക്കാന്‍ പരിശ്രമവും സമയവും ആവശ്യമാണ് എന്നത്. കുട്ടികളില്‍ ഇത്തരത്തില്‍ ഒരു ചിന്ത ഉണ്ടായാല്‍ മാത്രമേ ഒരിക്കല്‍ പരാജയപ്പെട്ടാലും അതിനുവേണ്ടി വീണ്ടും പരിശ്രമിക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാവുകയുള്ളൂ.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.

മാതാപിതാക്കളുടെ ഏറ്റവും വലിയ പോരായ്മയാണ് മറ്റുള്ള കുട്ടികളുമായി സ്വന്തം കുട്ടിയെ താരതമ്യപ്പെടുത്തുന്നത്. തങ്ങളേക്കാള്‍ മികച്ച കൂട്ടുകാരുമായി സ്വയം താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടികള്‍ക്ക് അപകര്‍ഷതാബോധവും സാമൂഹ്യപരമായ പിരിമുറുക്കവും രൂപപ്പെടുന്നു. എന്നാല്‍ തങ്ങളേക്കാള്‍ മോശമായ പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളുമായി സ്വയം താരതമ്യപ്പെടുത്തുമ്പോള്‍ അവരില്‍ താന്‍ ആണ് ഏറ്റവും മികച്ചത് എന്ന തെറ്റായ ധാരണ ഉടലെടുക്കുന്നു.

മാതാപിതാക്കള്‍ ചെയ്യേണ്ടത് കുട്ടിയെ അവന്റെ തന്നെ മുന്‍പുള്ള മികച്ച പ്രകടനവുമായി താരതമ്യപ്പെടുത്തുക എന്നതാണ്. അതുവഴി സ്വയം വിലയിരുത്തുവാനും മാറ്റങ്ങള്‍ വരുത്തുവാനും സാധിക്കും.

ഒരുപാട് പേരെ സംബന്ധിച്ച് തിരിച്ച് സ്‌കൂളിലേക്ക് പോവുക എന്നത് നേരത്തേ എഴുന്നേല്‍ക്കണം എല്ലാം ഏകാഗ്രതയോടെ പഠിക്കണം ഇഷ്ടപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യാന്‍ കുറച്ച് മാത്രം സമയം കിട്ടുകയുള്ളു തുടങ്ങിയ കാഴ്ചപ്പാടാണ്. എന്നാല്‍ ആദ്യം കുട്ടികള്‍ മനസ്സിലാക്കേണ്ടത് സ്‌കൂള്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ തരുന്നുണ്ട് അത് ഒരിക്കലും അവധിക്കാലങ്ങളില്‍ ലഭിക്കുകയും ഇല്ല എന്നതാണ്. തിരിച്ച് സ്‌കൂളിലേക്ക് പോവുക എന്നത് ഒരുപാട് കൂട്ടുകാരെ കിട്ടുക, സാമൂഹ്യവല്‍ക്കരണം, സ്‌കൂള്‍ ക്ലബുകളിലും കലാകായികവിനോദങ്ങളില്‍ പങ്കെടുക്കുക, വിനോദയാത്രകള്‍ അതിനേക്കാള്‍ ഉപരിയായി ഒരുപാട് പുതിയ കാര്യങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ അവസരം ലഭിക്കുന്നു തുടങ്ങിയവയാണ്.

സ്‌കൂളിലെ വിജയം എന്നുപറയുന്നത് വ്യക്തിപരമായ ഒരു പരിശ്രമത്തിന്റെ മാത്രം ഫലമല്ല.
പക്ഷേ ഓരോ കുട്ടിക്കും അവന്റെ വിജയത്തില്‍ വലിയ പങ്കുതന്നെയുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുമിച്ചുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വിജയം. മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കിയാല്‍ മാത്രമേ നല്ലൊരു വിജയം കൈവരിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

ജീവിതവിജയം കൈവരിച്ച ഏതൊരു വ്യക്തിക്കും അവന്റെ കഴിവുകള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഒരു പരിശീലകന്‍ ഉണ്ടായിരിക്കും. ഒരാളും ഒറ്റയ്ക്ക് വിജയം നേടുന്നില്ല. മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് കുട്ടിക്ക് ഒരു നല്ല പരിശീലകനാകുകയാണ്. ഇതുവഴി കുട്ടിക്ക് അധ്യയനവര്‍ഷം അവധിക്കാലം പോലെതന്നെ ഒരു ആഘോഷമാക്കി മാറ്റാന്‍ കഴിയും.

കുട്ടികള്‍ക്കായി സമയം ചെലവഴിക്കുക എന്നത് വളരെ അധികം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ സമയത്തിന് പകരം സമ്മാനങ്ങളല്ല നിങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടത്. കുട്ടികളോടൊപ്പം ഇരുന്ന് ഒരുനേരം എങ്കിലും ഭക്ഷണം കഴിക്കാനുള്ള സമയം എങ്കിലും നമ്മള്‍ കണ്ടെത്തണം. നമ്മള്‍ സ്വതന്ത്രമായി അവരോട് ഇടപെടുകയാണെങ്കില്‍ സ്‌കൂളില്‍ നിന്ന് വന്നാലും ഓരോ വിശേഷങ്ങളും അവരുടെ പ്രശ്‌നങ്ങളും അവര്‍ നിങ്ങളുമായി പങ്കുവയ്ക്കുകയും അതുവഴി അവരുടെ പ്രശ്‌നങ്ങളില്‍ നമുക്ക് അവരെ സഹായിക്കാനും സാധിക്കുന്നു.

-ലൂര്‍ധ് ഹോസ്പിറ്റലിലെ ലൂര്‍ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍

Comments

comments

Categories: Top Stories