എംജി ഇ-ഇസഡ്എസ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങി

എംജി ഇ-ഇസഡ്എസ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങി

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍കീഴിലാണ് ഇലക്ട്രിക് വാഹനം ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : ഓള്‍ ഇലക്ട്രിക് എസ്‌യുവിയായ ഇ-ഇസഡ്എസ് ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ നിര്‍മ്മിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍കീഴിലാണ് ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോടെ വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഇ-ഇസഡ്എസ് എസ്‌യുവിയുടെ ഏതാനും യൂണിറ്റുകള്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു. ഇ-ഇസഡ്എസ് എസ്‌യുവി ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-ഇസഡ്എസ് എസ്‌യുവിയുടെ ആദ്യ മാതൃകയുടെ വീഡിയോ ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തുവിട്ടു. 2019 ലണ്ടന്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച യുകെ സ്‌പെക് ഇ-ഇസഡ്എസ് മോഡലിന് സമാനമാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രോട്ടോടൈപ്പ്. ക്രോം അലങ്കാരം നടത്തിയ, മെഷ് ആകൃതിയിലുള്ള ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്വെപ്റ്റ്ബാക്ക് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നിവ മുന്‍വശത്ത് കാണാം. ഗ്രില്ലിന് അടിയിലാണ് ചാര്‍ജിംഗ് പോര്‍ട്ട്. കറുത്ത ബംപര്‍ ക്ലാഡിംഗ്, ഫോ സ്‌കിഡ് പ്ലേറ്റുകള്‍, 5 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്. ഐ-സ്മാര്‍ട്ട് കണക്റ്റിവിറ്റി നല്‍കുന്നതിനാല്‍ ഇന്ത്യയിലെത്തുന്ന ഇ-ഇസഡ്എസ് എസ്‌യുവിയെ ഇന്റര്‍നെറ്റ് കാര്‍ എന്നാണ് എംജി മോട്ടോര്‍ വിളിക്കുന്നത്. റോട്ടറി ഗിയര്‍ നോബ്, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉണ്ടായിരിക്കും.

അന്താരാഷ്ട്രതലത്തില്‍, മുന്നില്‍ സ്ഥാപിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 431 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ 25 ലക്ഷം രൂപയായിരിക്കും വില. അടുത്ത മാസം ഒമ്പതിന് ഇന്ത്യയില്‍ പുറത്തിറക്കുന്ന ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവി ആയിരിക്കും എതിരാളി.

Comments

comments

Categories: Auto