ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡ് ഗൂഗിള്‍, രണ്ടാമത് ജിയോ

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡ് ഗൂഗിള്‍, രണ്ടാമത് ജിയോ

കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ ഗൂഗിളിനും ആമസോണിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജിയോ ഉണ്ടായിരുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ടെക്‌നോളജി ബ്രാന്‍ഡ് ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്. ഐപോസ് നടത്തിയ സര്‍വെയില്‍ ജിയോയുടെ എതിരാളികളായ എയര്‍ടെല്‍ എട്ടാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്. ആമസോണ്‍, പേടിഎം, സാംസംഗ് തുടങ്ങി ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയ ബ്രാന്‍ഡുകള്‍ എല്ലാം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടുള്ളതാണെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ ഗൂഗിളിനും ആമസോണിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജിയോ ഉണ്ടായിരുന്നത്. പ്രാദേശിക ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം ആദ്യ 10 സ്ഥാനങ്ങളില്‍ എത്തുക എന്നതും അത് നിലനിര്‍ത്തുക എന്നതും ശ്രമകരമാണെന്നാണ് ഐപോസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് ഗുപ്ത പറയുന്നത്. ജിയോ ഈ സാഹചര്യത്തില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എന്നത് കൗതുകകരമാണ്. എന്നാല്‍ ബ്രാന്‍ഡിന്റെ പ്രാധാന്യം നിലനിര്‍ത്തി മുന്നോട്ടുപോകുക എന്നത് ഏറെ പരിശ്രമം ആവശ്യമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേ ടിഎമ്മാണ് പട്ടികയിലെ മൂന്നാംസ്ഥാനത്ത് ഇത്തവണ എത്തിയിട്ടുള്ളത്. ജെഫ് ബെസാസിന്റെ ആമസോണ്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് നാലാം സ്ഥാനത്താണ് ഉള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങള്‍ ആഗോള ബ്രാന്‍ഡുകളുടെയും ആഭ്യന്തര ബ്രാന്‍ഡുകളുടെയും ഒരു മിശ്രിതമായിട്ടാണ് കാണപ്പെടുന്നതെന്ന് വിവേക് ഗുപ്ത പറയുന്നു. ആദ്യ 10 സ്ഥാനങ്ങളില്‍ 4 ആഭ്യന്തര ബ്രാന്‍ഡുകളാണ് ഉള്ളത്. ജിയോ, പേടിഎം, എയര്‍ടെല്‍ എന്നിവയ്ക്കു പുറമേ ഫഌപ്കാര്‍ട്ടാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. ഫഌപ്കാര്‍ട്ട് ഒമ്പതാം സ്ഥാനത്താണ്.

ആപ്പിളിനെ മറികടന്നാണ് സാംസംഗും ഫഌപ്കാര്‍ട്ടും മുന്നേറിയത്. സാംസംഗ് ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്. റിലയന്‍സ് ജിയോയുടെ കടന്നുവരന് ഉടച്ചുവാര്‍ത്ത ടെലികോം മേഖലയില്‍ വിപണിയിലെ വിഹിതത്തിനായി കടുത്ത മല്‍സരമാണ് ജിയോയും എയര്‍ടെലും നടത്തുന്നത്. വോഡഫോണ്‍ ഐഡിയയ്ക്കു പിന്നില്‍ ഉപഭോക്തൃ വിപണി വിഹിതത്തിലെ രണ്ടാം സ്ഥാനത്തിനായി ഇരുകമ്പനികളും മല്‍സരിക്കുകയാണ്.

Comments

comments

Categories: Business & Economy
Tags: Google, Jio