വാവെയ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാളിംഗ് നിരോധിച്ച് ഫേസ്ബുക്

വാവെയ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാളിംഗ് നിരോധിച്ച് ഫേസ്ബുക്

പുതിയതായി വാങ്ങുന്ന ഫോണുകളില്‍ ഫേസ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കില്ല

സാന്‍ഫ്രാന്‍സിസ്‌കോ: വാവെയ് ഫോണുകളില്‍ ഫേസ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കമ്പനി നിരോധിച്ചു. വാവെയ്ക്കുമേലുള്ള യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ പുതിയതായി വാങ്ങുന്ന വാവെയ് ഫോണുകളില്‍ ഫേസ്ബുക് ആപ്പുകള്‍ ഇനി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കില്ല. എന്നാല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിന് തടസമില്ല. നിലവില്‍ വാവെയ് ഫോണുകളില്‍ ഫേസ്ബുക് ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിരോധനം ബാധകമല്ല. ഇവര്‍ക്ക് തുടര്‍ന്നും ആപ്പ് അപ്പ്‌ഡേറ്റുകള്‍ ലഭിക്കും. അതേ സമയം യുഎസ് ഉപരോധം പിന്‍വലിക്കുന്നതു വരെ ഭാവിയില്‍ പുറത്തിറങ്ങുന്ന വാവെയ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറും ഉണ്ടായിരിക്കില്ല.

ഫേസ്ബുക് നടപടി വാവെയ് ടെക്‌നോളജീസിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അനുമാനം. നേരത്തെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍ക് ഓഗസ്റ്റ് മുതല്‍ വാവെയ് ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വാവെയുമായുള്ള ബിസിനസ് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ ആഭ്യന്തര കമ്പനികള്‍ക്കനുവദിച്ച 90 ദിവസത്തെ കാലാവധി ഓഗസ്റ്റ് മാസമാണ് അവസാനിക്കുക.

ഉപഭോക്താവ് ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ജനപ്രീതി നേടിയ ആപ്പുകള്‍ അതില്‍ ലഭ്യമാക്കുന്നതിന് അവയുടെ ഉടമകളുമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ബിസിനസ് കരാര്‍ ഉണ്ടാക്കുന്നത് സാധാരണമാണ്. പല വിപണികളിലും വാവെയ് ഫോണുകളില്‍ ഫേസ്ബുക് ആപ്പുകള്‍ക്ക് പുറമെ ട്വിറ്റര്‍, ബുക്കിംഗ് ഡോട്ട് കോം തുടങ്ങിയ ആപ്പുകളും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്താണ് ലഭിച്ചിരുന്നത്. വാവെയ് ടെക്‌നോളജീസ് ചൈനീസ് സര്‍ക്കാരിനായി ചാരവൃത്തി ചെയ്യുന്നെന്നാരോപിച്ച് രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് യുഎസ് വാവെയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നത്.

Categories: FK News, Slider

Related Articles