അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇത്തിഹാദ്

അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇത്തിഹാദ്

പിടിച്ചെടുത്ത സര്‍വീസ് സ്ലോട്ടുകള്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നും ഇത്തിഹാദിന്റെ ആവശ്യം

മുംബൈ: കടക്കെണില്‍പ്പെട്ട് താല്‍കാലികമായി പ്രവര്‍ത്തനമവസാനിപ്പിച്ച ജെറ്റിനെ സഹായിക്കുന്നതിന് തങ്ങളുടെ പുതിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി മുന്‍ വിദേശ പങ്കാളിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. ജെറ്റ് സ്ഥാപന്‍ നരേഷ് ഗോയലിനെതിരെ നടക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് ഒഴിവാക്കണം, നിക്ഷേപം നടത്തുമ്പോള്‍ തന്നെ ജെറ്റിന് പഴയ സര്‍വീസ് സ്ലോട്ടുകള്‍ തിരികെ നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും ഡിജിസിഎയും (ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഉറപ്പ് നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ മുന്‍പില്‍ ഇത്തിഹാദ് വെച്ചിരിക്കുന്നത്.

ജെറ്റ് പൂര്‍വസ്ഥിതി കൈവരിച്ചാല്‍ 45-50 ഓളം വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇത്തിഹാദിന്റെ പദ്ധതി. ഓപ്പറേഷണല്‍ വായ്പാ ദാതാക്കളോട് 60-70 ശതമാനം വരെ ആനുകൂല്യവും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ജെറ്റില്‍ നിക്ഷേപം നടത്തുന്നതിനു മുന്‍പായി ഈ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കണമെന്നാണ് ഇത്തിഹാദിന്റെ നിലപാട്. ഈ മാസം പത്തിനാണ് ലേലം നടക്കുക. ഇത്തിഹാദ് എയര്‍വേയ്‌സ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, ടിപിജി കാപ്പിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്‌ണേഴ്‌സ് എന്നീ നാല് നിക്ഷേപകരെയാണ് കണ്‍സോര്‍ഷ്യം യോഗ്യതയുള്ള ബിഡ്ഡര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 17 ന് താല്‍കാലികമായി പ്രവര്‍ത്തനമവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജെറ്റിന്റെ 450 ഓളം സര്‍വീസ് സ്ലോട്ടുകള്‍ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര തുടങ്ങിയ മറ്റ് വിമാനകമ്പനികള്‍ക്ക് ഡിജിസിഎ വീതിച്ചു നല്‍കിയിരുന്നു. ഇത് മൂന്നു മാസകാലത്തേക്കുള്ള താല്‍കാലിക നടപടിയാണെന്നും ജെറ്റ് വീണ്ടും സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ സ്ലോട്ടുകള്‍ തിരികെ നല്‍കുമെന്നും അന്ന് അതോറിറ്റി വ്യക്തമാക്കിയിരുന്നു. ജെറ്റിന്റെ സ്ലോട്ടുകള്‍ വീതം വെച്ച് നല്‍കിയ നടപടി ലേല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇത് അര്‍ത്ഥവത്താക്കുന്നതാണ് ഇത്തിഹാദ് ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം.

Comments

comments

Categories: Business & Economy, Slider