കുറഞ്ഞ വിലയില്‍ ഒരു വെസ്പ സ്‌കൂട്ടര്‍; അര്‍ബന്‍ ക്ലബ് 125 എത്തി

കുറഞ്ഞ വിലയില്‍ ഒരു വെസ്പ സ്‌കൂട്ടര്‍; അര്‍ബന്‍ ക്ലബ് 125 എത്തി

ഡെല്‍ഹി എക്‌സ് ഷോറൂം വില 73,733 രൂപ

ന്യൂഡെല്‍ഹി : വെസ്പ അര്‍ബന്‍ ക്ലബ് 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 73,733 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന വെസ്പ മോഡലുകളിലൊന്നാണ് അര്‍ബന്‍ ക്ലബ് 125. അസൂറോ പ്രോവെന്‍സ, മേസ് ഗ്രേ, ഗ്ലോസി യെല്ലോ, ഗ്ലോസി റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

വില കൂടിയ വെസ്പ മോഡലുകളില്‍ നല്‍കിയിരിക്കുന്ന ക്രോം, സില്‍വര്‍ കളര്‍ ഫിനിഷുകള്‍ക്ക് പകരം കറുപ്പ് നിറമുള്ളവയാണ് അര്‍ബന്‍ ക്ലബ് 125 സ്‌കൂട്ടറിന്റെ വാഹനഘടകങ്ങള്‍. കണ്ണാടികള്‍, ഗ്രാബ് റെയില്‍, ചക്രങ്ങള്‍ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ്.

കറുപ്പ് നിറത്തില്‍ വിപണിയിലെത്തിയ വെസ്പ നോട്ടുമായി മെക്കാനിക്കല്‍ കാര്യങ്ങളില്‍ വെസ്പ അര്‍ബന്‍ ക്ലബ് സാമ്യം പുലര്‍ത്തുന്നു. അതേ 125 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 9.6 എച്ച്പി കരുത്തും 9.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 10 ഇഞ്ച് വ്യാസമുള്ള രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സുരക്ഷാ ഫീച്ചറാണ്.

അര്‍ബന്‍ ക്ലബ്ബും നോട്ടും ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന വെസ്പ സ്‌കൂട്ടറുകളാണ് എന്നതുകൊണ്ടുതന്നെ, ഇന്ത്യയില്‍ സമാന വിലയുള്ള സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചറുകളില്‍ കുറവ് കണ്ടേക്കും. 2018 ജൂലൈയിലാണ് വെസ്പ നോട്ട് 125 പുറത്തിറക്കിയത്.

Comments

comments

Categories: Auto