സുഡാന്‍ പ്രതിസന്ധിയില്‍ യുഎഇ ആശങ്ക പ്രകടിപ്പിച്ചു

സുഡാന്‍ പ്രതിസന്ധിയില്‍ യുഎഇ ആശങ്ക പ്രകടിപ്പിച്ചു

ചര്‍ച്ചകള്‍ തുടരണമെന്ന് യുഎഇയും അമേരിക്കയും

ദുബായ്: സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അതിയായ ആശങ്ക പ്രകടിപ്പിച്ച് അയല്‍രാഷ്ട്രമായ യുഎഇ. സുഡാന്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തിലാണ് യുഎഇ ആശങ്ക അറിയിച്ചത്. 180ഓളം പേരാണ് സുഡാനില്‍ ഇതുവരെ സംഘര്‍ഷങ്ങളില്‍ മരണമടഞ്ഞത്.

സുഡാനില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പ് നല്‍കുന്ന രീതിയില്‍ വിവേകത്തോടെയുള്ള ക്രിയാത്മകമായ പരിഹാരശ്രമങ്ങള്‍ ഇരുകക്ഷികളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ, അന്തരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. സുഡാന്‍ ജനതയുടെ അഭിലാഷങ്ങള്‍ മനസിലാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം സൈന്യത്തെ ഓര്‍മ്മിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ യുഎഇ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയ സൈനിക നടപടിയില്‍ ഐക്യരാഷട്ര സഭ അടക്കം ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ഇതിനിടെ ചര്‍ച്ചകള്‍ നടത്താമെന്ന രാജ്യത്തിന്റെ താത്കാലിക ഭരണച്ചുമതലയുള്ള മിലിട്ടറി കൗണ്‍സിലിന്റെ നിര്‍ദ്ദേശം പ്രക്ഷോഭകര്‍ തള്ളി. പ്രക്ഷോഭകര്‍ക്ക് നേരെ സുഡാന്‍ സേന അഴിച്ചുവിട്ട അക്രമത്തില്‍ നീതി വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

കലാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമേരിക്ക കഴിഞ്ഞ ദിവസം സുഡാനിലെ സൈനിക ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകരുമായി ചര്‍ച്ചകള്‍ തുടരാനും അമേരിക്ക ആവശ്യപ്പെട്ടു.

മൂന്ന് പതിറ്റാണ്ട് സുഡാന്‍ ഭരിച്ച പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പട്ടാളം പുറത്താക്കിയതിനെ തുടര്‍ന്നാണ് മിലിട്ടറി കൗണ്‍സില്‍ സുഡാന്റെ താത്കാലിക ഭരണച്ചുമതല ഏറ്റെടുത്തത്.

Comments

comments

Categories: Arabia
Tags: Sudan crisis, UAE