റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ എന്‍ആര്‍ഐ വസന്തം

റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ എന്‍ആര്‍ഐ വസന്തം
  • മോദിയുടെ രണ്ടാം വരവ് നിക്ഷേപങ്ങള്‍ക്ക് കരുത്ത് പകരും
  • ഇന്ത്യന്‍ പ്രോപ്പര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് യുഎഇയിലെ എന്‍ആര്‍ഐകള്‍

ദുബായ്: പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ സ്വദേശത്തെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന എന്‍ആര്‍ഐകള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷ. തുടര്‍ച്ചയായ രണ്ടാം തവണയും മോദി പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സാമ്പത്തിക നയങ്ങളിലുണ്ടാകുന്ന സ്ഥിരതയാണ് അതിനുള്ള പ്രധാനകാരണം.

വിശാലാടിസ്ഥാനത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍, പുരോഗതിയുടെ പാതയിലുള്ള സമ്പദ് വ്യവസ്ഥ എന്നീ അനുകൂല ഘടകങ്ങള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ എന്‍ആര്‍ഐകളെ പ്രേരിപ്പിക്കുന്നു. മുംബൈ, പൂനൈ, ബെംഗലൂരു എന്നീ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് ആസിതികളിലാണ് ഇവര്‍ കൂടുതലായും നോട്ടമിടുന്നത്. അവാസന മൂന്ന്, നാല് പാദങ്ങളിലെ കണക്കെടുത്താല്‍ ആഡംബര പ്രോജക്ടുകളില്‍ മാത്രമല്ല, ഇടത്തരം അഥവാ കീശയിലൊതുങ്ങുന്ന പ്രോജക്ടുകളിലും എന്‍ആര്‍ഐകളുടെ താല്‍പ്പര്യം വര്‍ധിച്ചതായി കാണാം. താരതമ്യേന കുറഞ്ഞ റിസ്‌ക്, മികച്ച വാടക വരുമാനത്തിനുള്ള സാധ്യത, നിരവധി വികസന പദ്ധതികള്‍ നടപ്പിലായി കൊണ്ടിരിക്കുന്ന മുംബൈ പോലുള്ള പ്രധാന നഗരങ്ങളില്‍ വരും വര്‍ഷങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതീക്ഷിക്കപ്പെടുന്ന വിലക്കയറ്റം, ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇടത്തരം പ്രോപ്പര്‍ട്ടികളിലുള്ള എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതെന്ന് വദ്‌വ ഗ്രപ്പ് മാനേജിംഗ് ഡയറക്റ്റര്‍ നിവിന്‍ മകീജ പറയുന്നു.

ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പ് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട്(റേറ) നിലവില്‍ വരികയും നിര്‍മാണ മേഖലയിലെ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമം നടപ്പിലാകുകയും ചെയ്തതോടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് എന്‍ആര്‍ഐകളില്‍ നിന്നുള്ള നിക്ഷേപ വര്‍ഷമാണ് ഉണ്ടാകുന്നത്. റേറയും ജിഎസ്ടിയും ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം തിരിച്ചുപിടിച്ചിരിക്കുന്നു. മുംബൈ, പൂനെ, ഡെല്‍ഹി പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളാണ് പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ക്കായി എന്‍ആര്‍ഐകള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎഇയില്‍ ഇന്ത്യക്കാരുടെ ജനസംഖ്യ 33 ലക്ഷമായി വളര്‍ന്നതോടെ ഇന്ത്യ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വസിക്കുന്നത് യുഎഇയിലാണെന്ന് നിസ്സംശയം പറയാം. റിസര്‍വ്വ് ബാങ്കില്‍ നിന്നുള്ള കണക്ക് പ്രകാരം 2018ല്‍ ഇന്ത്യയിലേക്കെത്തിയ പ്രവാസിപ്പണത്തില്‍ 26.9 ശതമാനവും യുഎഇയില്‍ നിന്നുള്ളതായിരുന്നു. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നതും ദുബായില്‍ നിന്നുള്ള എന്‍ആര്‍ഐകളാണ്. ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുകയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇയില്‍ നിന്നുള്ള എന്‍ആര്‍ഐകളുടെ നിക്ഷേപം ഇരട്ടിക്കുകയും ചെയ്തു. യുഇഎയില്‍ നിന്നുമാണ് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉണ്ടാകുന്നത്, 20 ശതമാനം. അമേരിക്ക-18 ശതമാനം, യുകെ-7 ശതമാനം, കാനഡ-6 ശതമാനം എന്നിങ്ങനെ പോകുന്നു മറ്റു രാജ്യങ്ങളിലെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉള്ള വിഹിതം.

മുമ്പ് സ്വദേശത്തെ അത്യാഢംബര പ്രോപ്പര്‍ട്ടികളിലായിരുന്നു എന്‍ആര്‍ഐകളുടെ താല്‍പ്പര്യം. വാടകയിനത്തില്‍ നിക്ഷേപകര്‍ക്ക് ഇവ വലിയ വരുമാനം നേടിക്കൊടുത്തിരുന്നു. പക്ഷേ, ഇത്തരം പ്രോപ്പര്‍ട്ടികളില്‍ താമസമാക്കുന്നവരെ സംബന്ധിച്ചെടുത്തോളം ലോകോത്തര നിലവാരത്തിലുള്ള ജീവിതശൈലിയാണ് അവ വാഗ്ദാനം ചെയ്യുന്നത്. ആഢംബര പ്രോപ്പര്‍ട്ടികള്‍ക്കുള്ള ആവശ്യകത മുമ്പത്തേപ്പോലെ തുടരുമ്പോഴും കുറച്ച് കൂടി വില കുറഞ്ഞ, തങ്ങള്‍ക്ക് താങ്ങാവുന്ന ഇടത്തരം പാര്‍പ്പിടങ്ങളില്‍ നിക്ഷേപം നടത്തുന്ന എന്‍ആര്‍ഐകളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഏറെ വര്‍ധിച്ചിരിക്കുന്നു. ഇടത്തരം പാര്‍പ്പിടമേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നു എന്നതാണ് അതിനുള്ള ഒരു കാരണം. കൂടാതെ, വിപണിയില്‍ അവയ്ക്കുള്ള വര്‍ധിച്ച ആവശ്യകതയും ഉയര്‍ന്ന വാടക വരുമാനവും ദീര്‍ഘകാല സാമ്പത്തിക ലാഭവും ഇടത്തരം വിലനിലവാരത്തിലുള്ള പ്രോപ്പര്‍ട്ടികളില്‍ എന്‍ആര്‍ഐകളുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുന്നു.

സുതാര്യമായ ബിസിനസ് കീഴ്‌വഴക്കങ്ങള്‍ക്ക് അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൂടുതല്‍ വിശ്വാസയോഗ്യരായ, പേരെടുത്ത ബില്‍ഡര്‍മാരെയാണ് ഇന്ന് എന്‍ആര്‍ഐകള്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ പരിചിതമായ സ്ഥലങ്ങളും, വാടകയിടപാടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്ള സ്വദേശങ്ങള്‍ തന്നെയാണ് എന്‍ആര്‍ഐകള്‍ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ക്കായി തെരഞ്ഞെടുക്കാറ്. എന്നാല്‍ കൂടുതല്‍ അനുഭവ പരിചയമുള്ള, മറ്റ് നഗരങ്ങളെ കുറിച്ച് അവശ്യം അറിവുകള്‍ ഉള്ള, അല്ലെങ്കില്‍ ആധികാരികതയുള്ള റിയല്‍ എസ്റ്റേറ്റ് കള്‍സള്‍ട്ടന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ ചിലപ്പോള്‍ മറ്റ് നഗരങ്ങളെയും നിക്ഷേപങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നു.

സ്വദേശത്ത് സ്വന്തമായൊരു വസ്തുവക എന്ന മോഹം മനസില്‍ കൊണ്ടുനടക്കുന്ന ലോകത്തെങ്ങുമുള്ള എന്‍ആര്‍ഐകളുടെ മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിക്ഷേപങ്ങള്‍. കഴിഞ്ഞിടെ രൂപയ്ക്കുണ്ടായ മൂല്യത്തകര്‍ച്ച ഇക്കാര്യത്തില്‍ അവര്‍ക്ക് അനുഗ്രഹമായെന്ന് വേണം പറയാന്‍. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ എന്‍ആര്‍കളുടെ കയ്യില്‍ കൂടുതല്‍ രൂപയെത്തി, അങ്ങനെ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും വളരെ കുറഞ്ഞ വിലയില്‍ അവര്‍ക്ക് പ്രോപ്പര്‍ട്ടികള്‍ ലഭ്യമാകുകയും നിക്ഷേപങ്ങള്‍ക്കുള്ള അവരുടെ താല്‍പ്പര്യം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്‌തെന്ന് ഓംകാര്‍ റിയല്‍റ്റേഴ്‌സിലെ ഇന്റെര്‍നാഷ്ണല്‍ ബിസിനസ് വിഭാഗം മേധാവി രാഹുല്‍ മാരൂ വ്യക്തമാക്കി. രണ്ടാമതായി, ശക്തവും സ്ഥിരതയുള്ളതുമായ ഒരു സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും ആ സര്‍ക്കാരിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമ്പദ് വ്യവസ്ഥയും വരാന്‍ പോകുന്ന അഞ്ച് വര്‍ഷങ്ങളിലെ വികസന പ്രതീക്ഷകളും ശക്തമായ ജിഡിപി വളര്‍ച്ചയും റേറ പോലെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിയമ പരിഷ്‌കാരങ്ങളും വാടകയിനത്തിലുള്ള മികച്ച വരുമാനവും ഇന്ത്യന്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്താന്‍ എന്‍ആര്‍ഐകളെ നിര്‍ബന്ധിതരാക്കുന്നു, പ്രത്യേകിച്ച് മുംബൈ പോലുള്ള ‘സ്റ്റാര്‍’ നഗരങ്ങളില്‍. ഏറ്റവും കുറഞ്ഞ പ്രാഥമിക നിക്ഷേപം, റേറ അനുവര്‍ത്തനം, ബ്രാന്‍ഡ്, വാടക സാധ്യതകള്‍ എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്നതെന്നും മാരൂ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലെ പ്രാഥമിക റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഏകദേശം 25.7 ബില്യണ്‍ ഡോളറിന്റെ എന്‍ആര്‍ഐ നിക്ഷേപമാണ് ഇന്നുള്ളത്. 2017ല്‍ ഇത് 11.5 ബില്യണ്‍ ഡോളര്‍ ആയിരുന്നു. നിലവില്‍ ഇന്ത്യന്‍ നഗരങ്ങളിലെ പ്രോപ്പര്‍ട്ടി വിപണികള്‍ 10-15 ശതമാനം വിലയിടിവ് നേരിടുന്നുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരമാണ് എന്‍ആര്‍ഐകള്‍ക്കുള്ളത്. ഇന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്ന എന്‍ആര്‍ഐകള്‍ക്ക് കുറഞ്ഞത് 25 ശതമാനം ലാഭമെങ്കില്‍ സ്വന്തമാക്കാമെന്ന് ചുരുക്കം.

മുമ്പ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം സംബന്ധിച്ച് എന്‍ആര്‍ഐകള്‍ ഏറെ ആശയക്കുഴപ്പങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചും മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചും അവര്‍ അവബോധമുള്ളവരാണ്. കെട്ടിട നിര്‍മാതാക്കളെ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്ന, ഉപഭോക്താക്കളുടെ നന്മയ്ക്കായി രൂപം കൊടുത്ത റേറ പോലുള്ള നിയമങ്ങള്‍ എന്‍ആര്‍ഐകള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് രുസ്‌തോംജീ ഗ്രൂപ്പിലെ ഇന്റെര്‍നാഷ്ണല്‍ ബിസിനസ് വിഭാഗം മേധാവി ദീപക് വസിറാണി പറയുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിനായി കാത്തിരുന്ന എന്‍ആര്‍ഐകള്‍ സ്ഥിരതയുള്ളൊരു സര്‍ക്കാരിന്റെ വരവോടെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തയാറെടുക്കുകയാണ്. എ വിഭാഗത്തിലുള്ള ഉള്‍പ്പെടുന്ന പ്രമുഖ ഡെവലപ്പര്‍മാരാണ് ഈ നിക്ഷേപവസന്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ . അതേസമയം പൊതുവെ വിലനിലവാരം കുറഞ്ഞ മൈക്രോ വിപണികളിലെ പ്രോജക്ടുകളും എന്‍ആര്‍ഐകളെ ആകര്‍ഷിക്കുന്നുണ്ട്.

Comments

comments

Categories: Arabia