ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യുഎഇ താഴേക്ക്; ആദ്യ പത്തില്‍ ഇടം നേടി

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യുഎഇ താഴേക്ക്; ആദ്യ പത്തില്‍ ഇടം നേടി

ആകെ ശതകോടീശ്വരന്മാര്‍ 55; കഴിഞ്ഞ തവണത്തേതില്‍ നിന്നും ഒരു നില പിന്നോട്ട് പോയി

ദുബായ്: ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുഎഇയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഒരു സ്ഥാനം പിന്നോട്ട് പോയെങ്കിലും ആകെമൊത്തം 165 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന 55 കോടീശ്വരന്മാരുമായി ലോകത്തില്‍ പത്താംസ്ഥാനത്താണ് യുഎഇ. 2019ലെ വെല്‍ത്ത് എക്‌സ് ബില്യണയര്‍ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 55 ശതകോടീശ്വരന്മാര്‍ ഉള്ള മറ്റൊരു രാജ്യമായ ഫ്രാന്‍സും പട്ടികയില്‍ പത്താംസ്ഥാനത്താണ്.

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 11.3 ശതമാനം കുറവാണ് യുഎഇയില്‍ ഉണ്ടായിരിക്കുന്നത്. അവരുടെ ആസ്തികളില്‍ 1.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ സൗദി അറേബ്യയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തിലും അവരുടെ സമ്പത്തിലും കുറവുണ്ടായി. ഇവ യഥാക്രമം 8.1 ശതമാനം 13.2 ശതമാനം എന്നിങ്ങനെയാണ്. ഓഹരിവിപണികളില്‍ മിതമായ പ്രകടനവും സമ്പദ് വ്യവസ്ഥയില്‍ പുരോഗതിയും ഉണ്ടായിട്ടുണ്ടെങ്കിലും ഈ രണ്ട് രാഷ്ട്രങ്ങളിലെയും ശതകോടീശ്വരന്മാരുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം മോശം നിലയിലേക്ക് എത്തിയതായി വെല്‍ത്ത്-എക്‌സിലെ റിസര്‍ച്ച് ആന്‍ഡ് ഡാറ്റ അനലിസ്റ്റിക്‌സ് വിഭാഗം ഡയറക്റ്റര്‍ മയീന്‍ ഷബാന്‍ പറഞ്ഞു. 2017ല്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടികള്‍ സൗദി അറേബ്യയിലെ സമ്പന്നരെ ഇപ്പോഴും ദോഷകരമായി ബാധിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഏഴ് എമിറാറ്റികളെയാണ് ഫോബ്‌സ് അവരുടെ 2019ലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ മാന്ദ്യം സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചത് മൂലം അവരുടെ ആസ്തിയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. എമിറാറ്റി ശതകോടീശ്വരന്മാരുടെ ആകെ ആസ്തിയില്‍ 4.3 ബില്യണ്‍ ഡോളര്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷം ഇവരുടെ ആകെ ആസ്തി 24 ബില്യണ്‍ ഡോളര്‍ ആയിരുന്നപ്പോള്‍ ഇത്തവണ അത് 19.7 ബില്യണ്‍ ഡോളറായി കുറഞ്ഞു.

എന്നാല്‍ 30 മില്യണ്‍ ഡോളറിലധികം നിക്ഷേപ ആസ്തിയുള്ള അതിസമ്പന്ന നിക്ഷേപകരുടെ (എച്ച്എന്‍ഐഡബ്ല്യൂഐ, യുഎച്ച്എന്‍ഐഡബ്ല്യൂഐ) എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് വെല്‍ത്ത് മാനേജര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇവരുടെ എണ്ണത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 18 ശതമാനം, 20 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് നൈറ്റ് ഫ്രാങ്കിലെ റിസര്‍ച്ച് മാനേജറായ തൈമുര്‍ ഖാന്‍ പറയുന്നത്.

യുഎഇയിലെ സമ്പന്നര്‍ക്ക് വരുംനാളുകള്‍ പ്രത്യാശയുടേതാണെന്ന് യുഎഇയിലെ എച്ച്എസ്ബിസി സ്വാകാര്യ ബാങ്കിന്റെ യുഎഇ മേധാവിയായ ഫര്‍സാദ് ബിലിമോറിയയും പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകത്തില്‍ യുഎഇയുടെ സ്ഥാനം സംബന്ധിച്ച ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അതിലൊന്ന്. രാജ്യത്തെ സാമ്പത്തികപരമായ അടിസ്ഥാന സൗകര്യങ്ങളാണ് രണ്ടാമത്തേത്. നിയന്ത്രണ സംവിധാനങ്ങളുടെ ചട്ടക്കൂടാണ് അവസാനത്തേത്. ഈ അനുകൂല ഘടകങ്ങള്‍ മൂലം അനവധി പ്രതിഭകള്‍ യുഎഇയില്‍ ആകൃഷ്ടരാകുന്നു. മാത്രമല്ല, അതി സമ്പന്ന നിക്ഷേപ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായും യുഎഇ മാറുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 15 വിപണികളില്‍ അമേരിക്ക,റഷ്യ,യുകെ,ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ 11 വിപണികളില്‍ ഇവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 2,000 മില്യണയര്‍മാര്‍ ഉണ്ടായിരുന്നതായാണ് പുതിയ ലോക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇയുടെ ആകെ സമ്പത്തില്‍ 51 ശതമാനവും നിയന്ത്രിക്കുന്നത് അതിസമ്പന്നരാണെന്നും(യുഎച്ച്എന്‍ഐഡബ്ല്യൂഐ)) റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia

Related Articles