കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ സെല്‍റ്റോസ്

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ സെല്‍റ്റോസ്

കിയ സെല്‍റ്റോസ് ഈ മാസം 20 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനത്തിന് സെല്‍റ്റോസ് എന്ന് നാമകരണം ചെയ്തു. കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന എസ്‌യുവിയാണ് സെല്‍റ്റോസ്. എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് പുരാണത്തിലെ ഹെര്‍ക്കുലീസിന്റെ മകന്‍ സെല്‍റ്റോസിന്റെ പേരാണ് എസ്‌യുവിയുടെ നാമകരണത്തിന് പ്രചോദനമായത്. കിയ സെല്‍റ്റോസ് ഈ മാസം 20 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങള്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.

കണ്‍സെപ്റ്റ് കാറില്‍ കണ്ടതിന്റെ ഏതാണ്ട് സമാനമാണ് രേഖാചിത്രത്തിലെ വാഹനത്തിന്റെ മുന്‍വശം. മുന്നിലെ വീതിയേറിയ ടൈഗര്‍ നോസ് ഗ്രില്‍ ആരെയും ആകര്‍ഷിക്കാതിരിക്കില്ല. എല്‍ഇഡി ഫോഗ് ലാംപുകള്‍ ലംബമായാണ് നല്‍കിയിരിക്കുന്നത്. പിന്‍വശത്താണെങ്കില്‍, ക്രോം ബാര്‍ വഴി ടെയ്ല്‍ ലാംപുകളെ ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളില്‍ ക്രോം ഫിനിഷ് നല്‍കി. ക്രെറ്റയും മറ്റ് ഹ്യുണ്ടായ് മോഡലുകളും ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കിയയുടെ കോംപാക്റ്റ് എസ്‌യുവിയില്‍ നല്‍കിയേക്കും.

മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിനെ പുനര്‍നിര്‍വ്വചിക്കുന്നതായിരിക്കും സെല്‍റ്റോസ് എന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം മേധാവി മനോഹര്‍ ഭട്ട് പറഞ്ഞു. ഇന്ത്യന്‍ വിപണി ഉദ്ദേശിച്ച് വികസിപ്പിച്ച സെല്‍റ്റോസ് ആഗോളതലത്തിലും വില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എസ്പി കണ്‍സെപ്റ്റുമായി സെല്‍റ്റോസ് എസ്‌യുവിക്ക് വളരെ സാമ്യമുണ്ടെന്ന് മനോഹര്‍ ഭട്ട് വ്യക്തമാക്കി.

ഇന്ത്യയില്‍ 12 ലക്ഷം രൂപ മുതലായിരിക്കും കിയ സെല്‍റ്റോസ് എസ്‌യുവിയുടെ വില. മാതൃ കമ്പനിയുടെ ഹ്യുണ്ടായ് ക്രെറ്റ കൂടാതെ, ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, വരാനിരിക്കുന്ന എംജി ഹെക്ടര്‍ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ സ്ഥാപിച്ച കിയ മോട്ടോഴ്‌സ് പ്ലാന്റിലാണ് സെല്‍റ്റോസ് എസ്‌യുവി നിര്‍മ്മിക്കുന്നത്. മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യും. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് അനന്തപുര്‍ പ്ലാന്റ്.

Comments

comments

Categories: Auto
Tags: kia motors