പലിശ നിരക്ക് 0.25% കുറച്ചു

പലിശ നിരക്ക് 0.25% കുറച്ചു

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത്

ന്യൂഡെല്‍ഹി: പ്രതീക്ഷിച്ചതുപോലെ തന്നെ ആര്‍ബിഐ പലിശ നിരക്ക് 25 ബേസിക് പോയന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ഇന്നലെയവസാനിച്ച ധനനയാവലോകന യോഗത്തിന്റേതാണ് തീരുമാനം. ന്യൂട്രല്‍ എന്ന കാഴ്ചപ്പാട് അക്കൊമോഡേറ്റീവ് എന്നതിലേക്കും ആര്‍ബിഐ മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ആര്‍ബിഐ നിരക്ക് വെട്ടിക്കുറയ്ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലും കേന്ദ്ര ബാങ്കിന്റെ ആറംഗ ധനനയ സമതി യോഗം ചേര്‍ന്ന് നിരക്ക് 25 ബേസിസ് പോയന്റ് വീതം കുറച്ചിരുന്നു.

സാമ്പത്തിക വളര്‍ച്ചാ ഗതി തിരിച്ചുപിടിക്കാനുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ പദ്ധതികളെ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു (5.8%) വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.8 ശതമാനത്തിലേക്കും താഴ്ന്നിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവ് വരുന്നത്. 2018 വര്‍ഷം 7.2 ഉം 2017 വര്‍ഷം 8.2 ശതമാനവുമായിരുന്നു സാമ്പത്തിക വളര്‍ച്ച.

നിക്ഷേപത്തിലും സ്വകാര്യ ഉപഭോഗത്തിലുമുണ്ടായ മാന്ദ്യമാണ് വളര്‍ച്ചയെ ബാധിച്ചതെന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തല്‍. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണെന്ന് ബാങ്ക് വിലയിരുത്തുന്നു. കണ്‍സ്യൂമര്‍ വില സൂചികയെ അടിസ്ഥാനമാക്കിയ പണപെരുപ്പം മൂന്നു ശതമാനത്തിലും കുറഞ്ഞുതന്നെയായി (2.92 %) തുടരുന്ന കാഴ്ച്ചയാണ് ഏപ്രില്‍ മാസം കണ്ടത്. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി പലിശ നിരക്ക്് കുറയ്ക്കുന്നതിന് ഇത് കേന്ദ്ര ബാങ്കിന് സാവകാശം നല്‍കും. മണ്‍സൂണ്‍ സംബന്ധിച്ച അനിശ്ചിത്വങ്ങള്‍ക്കിടയിലും ഭക്ഷ്യ വിലക്കയറ്റം 1.1 ശതമാനത്തില്‍ തുടരുന്നത് മെന്ന നിലയിലാണ്.

അതേ സമയം പലിശ നിരക്ക് കുറച്ച നടപടിയുടെ പ്രയോജനം സാധാരണക്കാരിലേക്കെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. ആര്‍ബിഐ പലിശ നിരക്ക് രണ്ടു തവണയായി 50 പോയന്റ് വെട്ടിക്കുറച്ചപ്പോഴും വായ്പാ, നിക്ഷേപ നിരക്കുകള്‍ താഴ്ത്താന്‍ ബാങ്കുകള്‍ തയാറായിരുന്നില്ല. സാമ്പത്തിക വിപണിയില്‍ വേഗത്തില്‍ മാറ്റങ്ങളുണ്ടാക്കാത്ത സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ഉണര്‍വുണ്ടാക്കാനിടയില്ലെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Banking