2020 ല്‍ ഇന്ത്യ 7.5% വളരും

2020 ല്‍ ഇന്ത്യ 7.5% വളരും

2019 ലെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനം വരെയാവാമെന്നും അന്താരാഷ്ട്ര നാണ്യ നിധി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും 2020 ല്‍ വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്നും അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട്. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും രണ്ടു ദിവസത്തെ യോഗം നാളെ ആരംഭിക്കാനിരിക്കെ ഐഎംഎഫ് പുറത്തുവിട്ട ‘ജി20 സര്‍വേലന്‍സ് നോട്ടി’ലാണ് വളര്‍ച്ചാ നിരക്കുകള്‍ പ്രവചിക്കുന്നത്. ഏറ്റവും പുതിയ നിര്‍മാണ സൂചികകള്‍ ഇന്ത്യ ഒഴികെയുള്ള വളര്‍ന്നുവരുന്ന ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ താല്‍കാലികമായ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കാണുന്നതെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

ആഗോള വളര്‍ച്ച 3.6 ശതമാനത്തില്‍ തന്നെ നിലനില്‍ക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ചൈനയെയും ഇന്ത്യയെയും പോലെ വളര്‍ന്നുവരുന്ന ജി20 രാജ്യങ്ങളുടേതടക്കമുള്ള സമ്പദ് ഘടനകളെയാവും ആഗോള വളര്‍ച്ച ആശ്രയിക്കുക. വികസിത രാജ്യങ്ങളും ഇന്ത്യയടക്കമുള്ള ജി20 സമ്പദ് വ്യവസ്ഥയിലെ വികസ്വര രാജ്യങ്ങളും ഉയര്‍ന്ന പൊതുകടം പൊലുള്ള പ്രതികൂല സാഹചര്യങ്ങള്‍ കാരണം സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പരിമിതികള്‍ നേരിടും.

തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതും രാജ്യത്ത് ഔപചാരിക തൊഴിലവസരങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സഹായിക്കും. വനിതാ തൊഴിലാളികളെ കൂടി പരിഗണിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വലിയ ജനസംഖ്യാ വിഹിതം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഉല്‍പ്പന്ന കയറ്റുമതിക്കാരെ സംബന്ധിച്ച് സുസ്ഥിരവും ശക്തവുമായ വളര്‍ച്ചയ്ക്ക് സാമ്പത്തിക വൈവിധ്യവല്‍ക്കരണം ആവശ്യമായി തുടരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഐഎംഎഫ് പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ഫോറം സര്‍വേയില്‍ ആഗോള വളര്‍ച്ചാ നിരക്ക്് മുന്‍ വര്‍ഷം പ്രവചിച്ചിരുന്ന 3.6 ല്‍ നിന്ന് 3.3 ശതമാനമാക്കി കുറച്ചിരുന്നു. അന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും 2020 ല്‍ വളര്‍ച്ച 7.5 ശതമാനമാകുമെന്നും ഐഎംഎഫ് വിലയിരുത്തിയിരുന്നു. അതിവേഗത്തില്‍ ആവേഗം തിരിച്ചുപിടിക്കുന്ന നിക്ഷേപമേഖലയുടെയും ഉപഭോഗത്തിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി തുടരുമെന്നാണ് പൊതു അനുമാനം.

Categories: Business & Economy, Slider