വാവേയുടെ നഷ്ടം നോക്കിയയ്ക്കു നേട്ടമാകുമോ ?

വാവേയുടെ നഷ്ടം നോക്കിയയ്ക്കു നേട്ടമാകുമോ ?

ടെക്‌നോളജി രംഗത്ത് സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു ചൈനയും അമേരിക്കയും. ഇതിന്റെ പേരില്‍ ഇരുരാജ്യങ്ങളും പരസ്പരം നടത്തുന്ന പോരാട്ടത്തിനു വാശി കൂടിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ചൈനയും തിരിച്ചടിക്കാനൊരുങ്ങുകയാണ്. ഇത്തരത്തില്‍ രണ്ട് രാജ്യങ്ങളും അടിയും തിരിച്ചടിയുമായി മുന്നേറുമ്പോള്‍ അത് മറ്റ് കമ്പനികള്‍ക്കു നേട്ടമുണ്ടാക്കാനുള്ള അവസരമാണ് നല്‍കുന്നത്.

ആഗോളതലത്തില്‍ പുതുതലമുറ 5ജി സെല്ലുലാര്‍ ശൃംഖല നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ചൈനീസ് കമ്പനിയായ വാവേയ് ആണ് 5ജി ശൃംഖലയ്ക്കുള്ള ടെലികോം ഉപകരണം നിര്‍മിക്കുന്നതില്‍ പ്രധാനി. 5ജി ശൃംഖലയ്ക്ക് ആവശ്യമായി വരുന്ന ഉന്നത നിലവാരത്തിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഗിയര്‍ (high-qualtiy gear) കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കുന്നത് വാവേയ് ആണ്. ടെലികമ്മ്യൂണിക്കേഷന്‍ ഗിയറെന്നു പറയുമ്പോള്‍ സെല്ലുലാര്‍ ആന്റിന, ഫോണ്‍ സ്വിച്ചുകള്‍, ഇന്റര്‍നെറ്റ് റൂട്ടര്‍ തുടങ്ങിയ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍ ആഗോള വിപണിയുടെ 28 ശതമാനവും വാവേയ് ആണ് കൈവശപ്പെടുത്തിയിരിക്കുന്നത്. വാവേയ്ക്ക് തൊട്ടുപിന്നിലായി ഫിന്നിഷ് കമ്പനിയായ നോക്കിയയും, സ്വീഡിഷ് കമ്പനിയായ എറിക്ക്‌സനുമുണ്ട്. നോക്കിയയുടെ വിപണി വിഹിതം 17 ശതമാനവും എറിക്ക്‌സന്റെ വിപണി വിഹിതം 13 ശതമാനവമാണ്.

സമീപകാലത്ത്, വാവേയ്‌ക്കെതിരേ യുഎസ് കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. 5ജി ഇന്‍ഫ്രാസ്‌ട്രെക്ചറിന് ആവശ്യമായ ഘടകഭാഗങ്ങളോ (components), സോഫ്റ്റ്‌വെയറോ, ഹാര്‍ഡ്‌വെയറോ ഒന്നും വാവേയ്ക്ക് നല്‍കരുതെന്നു അമേരിക്കന്‍ കമ്പനികളോട് ട്രംപിന്റെ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനീസ് ഭരണകൂടത്തിനു വേണ്ടി വാവേയ് ചാരപ്പണി നടത്തുന്നുണ്ടെന്നാണു യുഎസ് ആരോപിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തി വാവേയ് കമ്പനിയെ 5ജി നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തുന്നതില്‍നിന്നും ഒഴിവാക്കണമെന്നു യൂറോപ്പിനോടും മറ്റ് രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചൈനീസ് കമ്പനിയായ വാവേയ് പറയുന്നത്,തങ്ങള്‍ ചാരപ്പണി നടത്തുന്നില്ലെന്നും അമേരിക്കയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നുമാണ്. എന്തു തന്നെയായാലും, വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ട സാഹചര്യമാണു വാവേയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി നോക്കിയ, എറിക്ക്‌സന്‍ പോലുള്ള കമ്പനികള്‍ക്കു നേട്ടമാകുമെന്നുമാണു നിരീക്ഷകര്‍ ഇപ്പോള്‍ പറയുന്നത്. 4ജി തലമുറ വയര്‍ലെസ് ടെക്‌നോളജി വലിയ മാറ്റങ്ങളാണു നമ്മള്‍ക്കു മുന്നിലേക്ക് കൊണ്ടു വന്നത്. അത് ആപ്പ് (mobile app) അധിഷ്ഠിതമായൊരു സമ്പദ്ഘടനയ്ക്കു തുടക്കമിടുകയും ചെയ്തു. 5ജി ടെക്‌നോളജിയും സമാനമായ രീതിയില്‍ ഇന്നൊവേഷന്‍ കൊണ്ടുവരുമെന്നും കരുതുന്നുണ്ട്. ഇന്ന് ലോകമെങ്ങുമുള്ള ടെലികോം കമ്പനികള്‍ 5ജി നെറ്റ്‌വര്‍ക്കിലേക്കു ശതകോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നുമുണ്ട്. 2021ന്റെ അവസാനത്തോടെ ആഗോളതലത്തില്‍ സ്വകാര്യ രംഗത്ത് 4ജി, 5ജി നെറ്റ്‌വര്‍ക്കുകള്‍ക്കായി ചെലവഴിക്കുന്ന തുക അഞ്ച് ബില്യന്‍ ഡോളറായിരിക്കുമെന്നു കണക്കാക്കുന്നു.

ഈ വര്‍ഷം മാര്‍ച്ചിനു ശേഷം ഓരോ ആഴ്ചയിലും 5ജിയുമായി ബന്ധപ്പെട്ട പുതിയ കരാറുകള്‍ ഒപ്പുവയ്ക്കുന്നുണ്ടെന്നു നോക്കിയ പറയുന്നു. വാവേയ് ആകട്ടെ, അമേരിക്കയുടെ എതിര്‍പ്പുകള്‍ക്കിടയിലും 5ജിയുമായി ബന്ധപ്പെട്ട 42 കരാറുകളില്‍ ഒപ്പുവച്ചു. അതില്‍ 25 എണ്ണം യൂറോപ്പിലും 10 എണ്ണം പശ്ചിമേഷ്യയിലും ആറ് എണ്ണം ഏഷ്യയിലുമാണ്.
നമ്മള്‍ക്ക് അറിയാം 5ജി ടെക്‌നോളജി അഥവാ പുതുതലമുറ വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചായിരിക്കും സെല്‍ഫ് ഡ്രൈവിംഗ് കാറും, ആമസോണ്‍ അലക്‌സ പോലുള്ള സ്മാര്‍ട്ട് സ്പീക്കറും പ്രവര്‍ത്തിക്കുന്നത്. ഇതിലൊക്കെ വളരെ നിര്‍ണായകമായ ഡാറ്റയായിരിക്കും ഉണ്ടാവുന്നത്. ഇത്തരത്തില്‍ വളരെ സെന്‍സിറ്റീവായ ഡാറ്റ കൈകാര്യം ചെയ്യുന്നതിനാല്‍ 5ജി നെറ്റ്‌വര്‍ക്കില്‍ ചൈനീസ് കമ്പനിയായ വാവേയെ അകറ്റിനിറുത്തണമെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണു വാവേയ് കമ്പനിക്കെതിരേ ട്രംപ് തിരിഞ്ഞിരിക്കുന്നത്. വാവേയ് കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതിനാല്‍ വാവേയ് കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ജപ്പാനിലെയും യുകെയിലെയും വയര്‍ലെസ് കമ്പനികള്‍ ബാദ്ധ്യസ്ഥരായിരിക്കുകയാണ്. 5ജി നെറ്റ്‌വര്‍ക്കിനു വേണ്ടി വാവേയ് കമ്പനിയെ ഒഴിവാക്കി നോക്കിയെയോ, എറിക്ക്‌സനെ ആശ്രയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു കഴിഞ്ഞയാഴ്ച സോഫ്റ്റ്ബാങ്കും അറിയിച്ചിരിക്കുകയാണ്.

നോക്കിയയ്ക്കു ഗുണം ചെയ്യുമോ ?

അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും വാവേയ്ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഫിന്നിഷ് കമ്പനിയായ നോക്കിയയ്ക്ക് അതു നേട്ടമാകുമെന്നാണു പൊതുവേ പറയപ്പെടുന്നത്. ആഗോളതലത്തില്‍ സാന്നിധ്യമുള്ള 5ജി പ്രൊവൈഡറാണ് അഥവാ സേവനദാതാവാണു നോക്കിയ. യുഎസില്‍ പ്രമുഖ ടെലികോം കമ്പനിയായ ടി-മൊബൈലുമായി നോക്കിയ സഹകരിക്കുന്നുണ്ട്. എന്നാല്‍ വാവേയ്ക്കു മേലുള്ള അമേരിക്കന്‍ നിയന്ത്രണം നോക്കിയയ്ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്നത് ഇനിയും പറയാറായിട്ടില്ല. കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി (R&D) വാവേയ് വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. 2017ല്‍ ഏകദേശം 13.8 ബില്യന്‍ ഡോളര്‍ ചെലവഴിച്ചു. നോക്കിയ ചെലവഴിച്ചതാകട്ടെ വെറും 5.2 ബില്യന്‍ ഡോളറാണ്. രണ്ടാമതായി നോക്കിയുടെയും എറിക്‌സന്റെയും ഉപകരണങ്ങള്‍ വാവേയ് കമ്പനിയുടേതു പോലെ ഏറ്റവും പുതിയ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ളതല്ല. ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയായ ലാഭം കിട്ടുന്നതാണു വാവേയ് കമ്പനിയുടെ ഉപകരണം. 5ജി നെറ്റ്‌വര്‍ക്കിനായി വാവേയ് കമ്പനിയെ ഒഴിവാക്കി മറ്റു കമ്പനികളുടെ ഉപകരണം ഉപയോഗിക്കുകയെന്നതും എളുപ്പമല്ല. അത് ചെലവേറിയതാണ്.

നോക്കിയയുടെ ഇന്ത്യന്‍ ബന്ധം

നോക്കിയ എന്ന ഫിന്‍ലാന്‍ഡ് കമ്പനിയുടെ മേധാവി ഇന്ത്യന്‍ വംശജനായ രാജീവ് സുരിയാണ്. സുരി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണു ബിരുദമെടുത്ത്. പിന്നീട് സിംഗപ്പൂരില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫിന്‍ലാന്‍ഡിലെ എസ്പൂവിലാണു താമസിക്കുന്നത്. നോക്കിയയുടെ ആസ്ഥാനവും എസ്പൂവിലാണ്. രാജീവ് സുരി നോക്കിയയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ നോക്കിയസീമെന്‍സ് സംയുക്ത സംരംഭത്തെ നഷ്ടത്തില്‍നിന്നും ലാഭത്തിലേക്ക് ഉയര്‍ത്തിയത് സുരിയായിരുന്നു. ഇന്നു നോക്കിയയുടെ വരുമാനത്തിന്റെ 90 ശതമാനം ഈ വിഭാഗത്തില്‍നിന്നാണ് ലഭിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഗിയര്‍ നിര്‍മിച്ചു വില്‍ക്കുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനമാണു നോക്കിയയ്ക്കുള്ളത്. ടെലികമ്മ്യൂണിക്കേഷന്‍ ഗിയര്‍ വില്‍പ്പനയില്‍ 2018ല്‍ നോക്കിയയുടെ വിപണി വിഹിതം 17 ശതമാനമായിരുന്നു. വാവേയുടേത് 28 ശതമാനവും. മൂന്നാംസ്ഥാനം എറിക്ക്‌സണിനുമായിരുന്നു. ധീരമായ നീക്കങ്ങള്‍ നടത്തുന്നതില്‍ പേരു കേട്ട നാമമാണ് രാജീവ് സുരിയുടേത്. ടെലികമ്മ്യൂണിക്കേഷന്‍ ഗിയര്‍ വിപണിയില്‍ നോക്കിയയെ മൂന്നാം സ്ഥാനത്ത് എത്തിച്ചെന്നതു മാത്രമല്ല, മൊബൈല്‍ ഉപകരണങ്ങളുടെ വിപണിയിലേക്കു നോക്കിയ ബ്രാന്‍ഡിനെ തിരിച്ചു കൊണ്ടുവരാനും അദ്ദേഹത്തിനു സാധിച്ചു. 2018ലെ കണക്ക്പ്രകാരം നോക്കിയ ആഗോളതലത്തില്‍ ഒന്‍പതാം സ്ഥാനമലങ്കരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവാണ്. 17.5 മില്യന്‍ ഡിവൈസുകളാണു നോക്കിയ കയറ്റുമതി ചെയ്തത്.

Comments

comments

Categories: Top Stories
Tags: huawei, Nokia

Related Articles